വാട്ടർ പ്യൂരിഫെയർ ഏതാണെങ്കിലും മെയിന്റനന്സ് വകയിൽ വലിയ ആവർത്തനച്ചെലവാണ് ഉള്ളത്. ചെറിയ ചെറിയ തകരാറുകൾക്ക് വരെ വലിയ സർവീസ് ചാർജ്ജ് ആണ് ഈടാക്കുന്നത്. ഇതിൽ പല കാര്യങ്ങളും നമുക്ക് സ്വയം പരിഹരിക്കാവുന്നതേ ഉള്ളൂ. മെയിന്റനൻസും സ്വന്തമായിത്തന്നെ ചെയ്യാം. അതിനാൽ ആദ്യമായി ഏത് പ്രമുഖ കമ്പനികളോടും കിടപിടിക്കുന്ന ഒരു മൾട്ടി സ്റ്റേജ് വാട്ടർ പ്യൂരിഫെയർ എങ്ങനെ അസംബിൾ ചെയ്തെടുക്കാമെന്ന് മനസ്സിലാക്കുന്നത് അസംബ്ലിംഗ് നടന്നില്ലെങ്കിലും മെയിന്റനെൻസ് എങ്കിലും സ്വയം ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കും. നിലവിൽ 4000-4500 രൂപയ്ക്ക് നല്ലൊരു വാട്ടർ പ്യൂരിഫെയർ പരമാവധി ഒരു മണിക്കൂർ സമയത്തിനുള്ളിൽ അസംബിൾ ചെയ്തെടുക്കാനാകും.
ആവശ്യമുള്ള സാധനങ്ങൾ
1. പ്രീ ഫിൽട്ടർ -1 (രണ്ടെണ്ണം ആണെങ്കിൽ കൂടുതൽ നല്ലത്)
2. സെഡിമെന്റ് ഫിൽട്ടർ – 1
3 . പ്രീ കാർബൺ ഫിൽട്ടർ -1
4. RO മെമ്പ്രൈൻ വിത് ഹൗസിംഗ് – 1
5. പോസ്റ്റ് കാർബൺ ഫിൽട്ടർ- 1
6. യു വി ഫിൽട്ടർ – ലാമ്പും പവർ സപ്ലൈയും ഉൾപ്പെടെ.
7. അൾട്രാ ഫിൽട്ടർ – 1
8. ബൂസ്റ്റർ പമ്പ് – 1
9. സോളിനോയ്ഡ് വാൽവ് -1
10 . കണക്റ്റിംഗ് പൈപ്പുകൾ (നാലോ അഞ്ചോ മീറ്റർ) , ജോയിന്റുകൾ , C ക്ലാമ്പുകൾ (4 എണ്ണം) , X ക്ലാമ്പുകൾ (8 എണ്ണം)
11. ഫ്ലോട്ട് സ്വിച്ച് -1
12. ഇൻലെറ്റ് വാൽവ് -1
13 ടീ ഡി എസ് അഡ്ജസ്റ്റർ (ആവശ്യമാണെങ്കിൽ മാത്രം)
14 . ക്യാബിൻ (ആവശ്യമെങ്കിൽ മാത്രം)
15 . ഒരു പ്ലൈവുഡ് പലകക്കഷണം.
16 . ടെഫ്ലോൺ ടേപ്.
ഇതെല്ലാം പ്രത്യേകമായോ അതല്ലെങ്കിൽ ഒരു കിറ്റ് ആയി വേണമെങ്കിലും വാങ്ങാം. യു വി ഫിൽട്ടറും കാബിനും ഒഴികെ ബാക്കി എല്ലാം അടങ്ങിയ ഒരു കിറ്റ് 3000-3500 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളിൽ കിട്ടും
ആവശ്യമുള്ളവ ഇവിടെ ലഭിക്കും
==== ഇൻലെറ്റ് വാൽവ് ====
അടുക്കളയിലോ മറ്റോ നിലവിൽ ഉള്ള ഒരു ടാപ്പിൽ നിന്നും ആയിരിക്കുമല്ലോ ആർ ഓ യിലേക്കുള്ള വെള്ളം ടാപ് ചെയ്ത് എടുക്കാൻ ഉദ്ദേശിക്കുന്നത്. അതിനായി ഇൻലെറ്റ് വാൽവ് ഉപയോഗിക്കാം. നിലവിലുള്ള ടാപ് ഊരിയെടുത്ത് അതിന്റെ സ്ഥാനത്ത് ഈ ഇൻലെറ്റ് വാൽവ് ഘടിപ്പിച്ച് തുടർന്ന് അതിൽ ടാപ്പ് പിടിപ്പിച്ചാൽ മതി.
==== പ്രീ ഫിൽട്ടർ ====
ഇൻലെറ്റ് വാൽവിൽ നിന്നും ആദ്യം കണക്റ്റ് ചെയ്യേണ്ടത് ഈ പ്രീ ഫിൽട്ടറിലേക്കാണ്. പ്രീ ഫിൽട്ടർ ചുവരിൽ ആണിയടിച്ചോ സ്ക്രൂ ചെയ്തോ പിടിപ്പിക്കാവുന്നതാണ്. പൊതുവേ ഒരു പ്രീ ഫിൽട്ടർ ആണ് എല്ലാ പ്രമുഖ ആർ ഒ നിർമ്മാതാക്കളും ഘടിപ്പിക്കാറ് എങ്കിലും താരതമ്യേന വിലക്കുറവായതിനാലും എളുപ്പം മാറ്റാവുന്നതാണ് എന്നതിനാലും രണ്ട് പ്രീ ഫിൽട്ടറുകൾ ശ്രേണീ രൂപത്തിൽ ഘടിപ്പിക്കുന്നത് നന്നായിരിക്കും. വെള്ളം മോശമായ ഇടങ്ങളിൽ ഇത് മറ്റ് ഫിൽട്ടറുകളുടെ ആയുസ്സ് ഗണ്യമായി വർദ്ധിപ്പിക്കുന്നു.
=== സോളിനോയ്ഡ് വാൽവ് ===
ലളിതമായി പറഞ്ഞാൽ ഇത് ഒരു ഇലക്ട്രിക് വാൽവ് ആണ്. അതായത് പവർ സപ്ലേ കൊടുത്താൽ തുറക്കുന്ന ഒരു വാൽവ്. സാധാരണ ഗതിയിൽ ഇത് അടഞ്ഞിരിക്കുകയും 24 വോൾട്ട് വൈദ്യുതി നൽകിയാൽ വാൾവ് തുറന്ന് ഫിൽട്ടറിലേക്ക് വെള്ളം നൽകുകയും ചെയ്യുന്നു.
=== സെഡിമെന്റ് ഫിൽട്ടർ ====
പ്രീ ഫിൽട്ടറുകളിൽ കൂടി കടന്നു വരുന്ന വെള്ളത്തിലും മണ്ണ്, ചെളി മറ്റ് പ്ലവകങ്ങൾ എല്ലാം ഉണ്ടായിരിക്കും. ഇവയെ അരിച്ച് മാറ്റുക എന്ന ധർമ്മമാണ് സെഡിമെന്റ് ഫിൽട്ടറിനുള്ളത്.
=== പ്രീ ആൻഡ് പോസ്റ്റ് കാർബൺ ഫിൽട്ടറുകൾ ===
ആക്റ്റിവേറ്റഡ് കാർബൺ ഫിൽട്ടർ അഥവാ കാർബൺ ഫിൽട്ടറുകൾ വെള്ളത്തിലെ ക്ലോറിൻ ഉൾപ്പെടെയുള്ള കാർബണിക സംയുക്തങ്ങളെ നീക്കം ചെയ്യുകയും വെള്ളത്തിന്റെ സ്വാഭാവികമായ രുചിയും മണവും വീണ്ടെടുക്കുകയും ചെയ്യുന്നു. പൊതുവേ ആർ ഒ കളിൽ രണ്ടു കാർബൺ ഫിൽട്ടറുകൾ ആണ് ഉപയോഗിക്കാറ്. പ്രീ കാർബൺ ഫിൽട്ടറും പോസ്റ്റ് കാർബൺ ഫിൽട്ടറും. ആർ ഒ മെമ്പ്രൈനു മുൻപിലായി വരുന്നതാണ് പ്രീ കാർബൺ ഫിൽട്ടർ. പോസ്റ്റ് കാർബൺ ഫിൽട്ടർ ആർ ഓ മെമ്പ്രൈനു ശേഷം വരുന്നത്. സിൽവർ കോമ്പൗണ്ടുകൾ കൂടി ചേർന്ന സിൽവർ കാർബൺ ഫിൽട്ടറുകളും ലഭ്യമാണ്.
=== ആർ ഓ മെമ്പ്രൈൻ ===
ഒരു RO യുടെ ഹൃദയഭാഗമാണ് ഇത്. ആർ ഒ മെമ്പ്രൈൻ എന്ന ഫിൽട്ടർ മെമ്പ്രൈൻ ഹൗസിംഗിനകത്തായി ഉറപ്പിച്ചിരിക്കുന്നു. മെമ്പ്രൈൻ ഹൗസിംഗിൽ മൂന്നു കണക്റ്ററുകൾ കാണാൻ കഴിയും. ഒരു വശത്ത് ഒന്നും മറു വശത്ത് രണ്ടും. ഇതിൽ ഒരു കണക്റ്റർ ഉള്ള ഭാഗം ആണ് ഇൻപുട്. മറുവശത്തുള്ള രണ്ടു കണക്റ്ററുകളിൽ ഒന്നിൽ ഫിൽട്ടർ ചെയ്ത വെള്ളവും രണ്ടാമത്തേതിൽ വേസ്റ്റ് ആയ വെള്ളവും. ആർ ഒ മെമ്പ്രൈനുകൾ അവയുടെ ഫിൽട്ടറിംഗ് കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു GPD (Gallons Per Day) എന്ന ഏകകം കൊണ്ടാണ് ഇത് സൂചിപ്പിക്കുന്നത്. 50 GPD, 75 GPD, 100 GPD ഇങ്ങനെ വിവിധ തരത്തിലുള്ള മെമ്പ്രൈനുകൾ ലഭ്യമാണ്. പൊതുവേ 75 GPD മെമ്പ്രൈനുകൾ ആണ് സാധാരണ ആർ ഒ പ്ലാന്റുകളിൽ കാണാറുള്ളത്. ഗാർഹിക ആവശ്യങ്ങൾക്ക് അത് ധാരാളം മതിയാകുന്നതാണ്. Vontron, GSM തുടങ്ങിയ ബ്രാൻഡുകളുടെ മെമ്പ്രൈൻ വളരെ ഗുണനിലവാരം ഉള്ളതാണ്.
=== ആർ ഒ ബൂസ്റ്റർ പമ്പ് ===
ആർ ഒ മെമ്പ്രൈനിലൂടെ ഉന്നത മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുക എന്നതാണ് ആർ ഒ ബൂസ്റ്റർ പമ്പിന്റെ ധർമ്മം. ഇവിടെയും പമ്പിന്റെ കപ്പാസിറ്റി GPD യിൽ ആണ് സൂചിപ്പിക്കുന്നത്. സാധാരണയായി 75 ജി പി ഡി പമ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും 100 ജി പി ഡി ആണ് കൂടുതൽ അഭികാമ്യം.
=== പവർ സപ്ലൈ ===
ബൂസ്റ്റർ പമ്പ്, സോളിനോയ്ഡ് വാൽവ് എന്നിവയ്ക്ക് ആവശ്യമായ 28 വോൾട്ട് / 36 വോൾട്ട് വൈദ്യുതി നൽകുന്നത് ഈ പവർ സപ്ലൈ യൂണിറ്റ് ആണ്.
=== ടി ഡി എസ് അഡ്ജസ്റ്റർ ===
പേരു കേട്ട് പേടിക്കേണ്ട. പേരിൽ മാത്രമേ വലിയ ഗമയൊക്കെയുള്ളൂ. ഇത് ചെറിയൊരു അഡ്ജസ്റ്റബിൾ വാൽവ് മാത്രമാണ്. അരിച്ചെടുത്ത വെള്ളത്തിലേക്ക് കുറച്ച് അരിക്കാത്ത വെള്ളം കലർത്തി ഉപ്പ് അഡ്ജസ്റ്റ് ചെയ്യുന്നു. അത്രമാത്രം.
ആർ ഓ മെമ്പ്രൈൻ വെള്ളത്തിൽ നിന്നും ലവണങ്ങളെ പൂർണ്ണമായും അരിച്ച് മാറ്റുന്നു. ഇത്തരത്തിൽ ലവണാംശം പൂർണ്ണമായും നീക്കം ചെയ്യപ്പെട്ട വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. കാരണം ശരീരത്തിന് അവശ്യമായ പല ലവണങ്ങളും ലഭിക്കാതെ വരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് കുടിവെള്ളത്തിന്റെ മിനിമം ടി ഡി എസ് പരിധി എത്രയാകണമെന്ന് പറയുന്നില്ലെങ്കിലും പരമാവധി പരിധി നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്
ടി ഡി എസ് 200 ന് അകത്ത് ആണെങ്കിൽ നല്ല കുടിവെള്ളം ആണെന്നും മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെങ്കിൽ 600 വരെ ആകാമെന്നും നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു.
കുറഞ്ഞ പരിധി ഇല്ലെങ്കിലും 30 ൽ താഴെ പോകാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിനായി ടി ഡി എസ് അഡ്ജസ്റ്റർ എന്ന സംവിധാനം ഉപയോഗിക്കുന്നു. ഇത് ഒരു അഡ്ജസ്റ്റബിൾ വാൽവ് ആണ്.
=== അൾട്രാ വയലറ്റ് കാർട്രിഡ്ജ് ===
ഒരു ചെറിയ പവർ സപ്ലൈ, അൾട്രാ വയലറ്റ് ട്യൂബ്, വെള്ളം കടന്നു പോകാനുള്ള ചേമ്പർ. ഇത്രയും അടങ്ങുന്നതാണ് അൾട്രാ വയലറ്റ് പ്യൂരിഫിക്കേഷൻ സ്റ്റേജ്. “ഈ- ബോയിലിംഗ്” എന്നൊക്കെ വലിയ കമ്പനികൾ ഇതിനെ ചിത്രീകരിക്കുന്നുണ്ട്. ബാക്റ്റീരിയയേയും വൈറസ്സിനെയുമൊക്കെ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് നശിപ്പിക്കുകയാണ് ഇതിന്റെ ജോലി.
=== അൾട്രാ ഫിൽട്ടർ ===
അൾട്രാ ഫിൽട്ടർ എന്നത് ഉള്ള് പൊള്ളയായ നേർത്ത് ഫൈബറുകൾ കൊണ്ട് നിർമ്മിച്ചതാണ്. അതായത് 0.01 മൈക്രോൺ വലിപ്പമുള്ള സൂഷ്മ ദ്വാരങ്ങളുള്ള ഫൈബറുകൾ. TDS അഡ്ജസ്റ്റർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു അൾട്രാ ഫിൽട്ടർ കൂടി ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
=== ഫ്ലോ റസ്ട്രിക്റ്റർ ===
ആർ ഓ മെമ്പ്രൈൻ ചേമ്പറിലെ മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ചെറിയ ഒരു ഉപകരണമാണ് ഫ്ലോ റസ്ട്രിക്റ്റർ.
=== ഫ്ലോട്ട് സ്വിച്ച് ==
ഫിൽട്ടർ ചെയ്തതിനു ശേഷം ലഭിക്കുന്ന ശുദ്ധമായ വെള്ളം സംഭരിക്കുന്ന ടാങ്ക് നിറഞ്ഞുകഴിഞ്ഞാൽ സിസ്റ്റം ഓഫ് ആക്കാനാണ് ഇത് ഉപകരിക്കുന്നത്.
== അസംബ്ലിംഗ് ===
വാട്ടർ ടാപ്പിൽ നിന്നും തുടങ്ങി സ്റ്റോറേജ് ടാങ്ക് വരെയുള്ള വയറിംഗ് ഡയഗ്രം ശ്രദ്ധിക്കുക. ഒരു പ്ലൈവുഡ് കഷണത്തിൽ രണ്ട് ‘സി’ ക്ലാമ്പ് സെറ്റുകൾ ഉറപ്പിച്ച് അതിൽ സെഡിമെന്റ് ഫിൽട്ടറും പ്രീ കാർബൺ ഫിൽട്ടറും അമർത്തി ഉറപ്പിക്കുക. ഈ രണ്ടൂ ഫിൽട്ടറുകളുടെയും മുകളിൽ ‘എക്സ്’’ ക്ലാമ്പുകളുടെ സഹായത്തോടെ മറ്റ് ഫിൽട്ടറുകൾ ഉറപ്പിക്കുക. വയറിംഗ് ഡയഗ്രത്തിൽ പറഞ്ഞിരിക്കുന്നതുപോലെ വാട്ടർ – ഇലക്ട്രിസിറ്റി കണക്ഷനുകൾ നൽകുക. എല്ലാ വാട്ടർ ട്യൂബ് കണൿഷനുകളും ‘പുഷ് ഫിറ്റ്’ ആണ്.
ക്യാബിനും സ്റ്റോറേജ് ടാങ്കും വാങ്ങണമെന്ന് നിർബന്ധമൊന്നുമില്ല. അതിനു പകരം മൂടിയുള്ള ഒരു ബക്കറ്റിന്റെ അടപ്പിൽ ഒരു ഫ്ലോട്ട് വാൽവ് ഘടിപ്പിച്ച് പവർ സപ്ലൈ അതു വഴി നൽകിയാൽ മതി. ബക്കറ്റിന്റെ അടി വശത്ത് ഒരു ടാപ്പും പിടിപ്പിക്കാം.
ഒരു ടി ഡി എസ് മീറ്റർ ഉപയോഗിച്ച് വെള്ളത്തിലെ ഉപ്പിന്റെ അംശം പരിശോധിക്കാവുന്നതാണ്. അതിനാൽ ടീ ടി എസ് മീറ്റർ കൂടി വാങ്ങേണ്ടതുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ (ഏകദേശം 250 രൂപ വില വരും).
വെള്ളത്തിൽ അധികം ഉപ്പിന്റെ പ്രശ്നം ഇല്ലാത്തവർ അനാവശ്യമായി RO ഉപയോഗിക്കണം എന്നില്ല. അത്തരം സാഹചര്യത്തിൽ ഇതിലെ Booster Pump, RO Membrane എന്നീ ഭാഗങ്ങൾ വേണ്ടെന്നു വയ്ക്കാവുന്നതാണ്.
എഴുതിയത്:സുജിത് കുമാര്‍