വിദേശ ഡോക്ടറേറ്റും ഫെലോഷിപ്പും, ഉയര്‍ന്ന ജോലിയും ലക്ഷങ്ങളുടെ ശമ്പളവും എല്ലാം ഉപേക്ഷിച്ച് അലോക് സാഗര്‍ ജീവിക്കുന്നത് ഇങ്ങനെ

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്റെ അധ്യാപകനായ വ്യക്തി. ഡല്‍ഹി ഐ.റ്റി.ഐയിലെ പ്രൊഫസര്‍ ഇപ്പോള്‍ ജീവിതം ആദിവാസികള്‍ക്കൊപ്പം കുടിലില്‍. സമൂഹത്തിന് വിശ്വസിക്കാനാവാത്ത ജീവിതം നയിക്കുകയാണ് അലോക് സാഗര്‍ എന്ന അതുല്യനായ വ്യക്തി. ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് അലോക് സാഗര്‍ തന്റെ ജീവിതം ആദിവാസികളോടൊപ്പം ആക്കിത്തീര്‍ത്തത്.

Advertisement

 അലോക് സാഗര്‍

ഡല്‍ഹി ഐ.റ്റി.ഐയില്‍ നിന്ന് ഇലക്ട്രോണിക് എഞ്ചിനീറിങ്ങില്‍ ബി ടെക്, അമേരിക്കയിലെ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റിസെര്‍ച്ചില്‍ ഡോക്ടറേറ്റ്, ടെക്സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ പോസ്റ്റ് ഡോക്ടറേറ്റ്, ഡെല്‍ഹൗസി യൂണിവേഴ്‌സിറ്റി കാനഡയില്‍ നിന്ന് ഫെല്ലോഷിപ്പ് എന്നിങ്ങനെ വി്‌സ്വസിക്കാനാകാത്ത നിലയില്‍ വളര്‍ന്നുനിന്ന വ്യക്തിയാണ് അലോക് സാഗര്‍.

വിദേശ ഡോക്ടറേറ്റും ഫെലോഷിപ്പും നേടിയ ഇദ്ദേഹം ഡല്‍ഹി ഐ.റ്റി.ഐയിലെ പ്രൊഫസറായിരുന്നു. 1950 ല്‍ ഡല്‍ഹിയില്‍ ജനിച്ച അലോക് സാഗര്‍ ഡല്‍ഹി ഐ.റ്റി.ഐയില്‍ നിന്ന് ഇലക്ട്രോണിക് എഞ്ചിനീറിങ്ങില്‍ ബി ടെക് ചെയ്തശേഷം 1977ല്‍ അമേരിക്കയിലെ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിടെക്സാസില്‍ നിന്ന് റിസെര്‍ച്ചില്‍ ഡിഗ്രി (ഡോക്ടറേറ്റ് ) കരസ്ഥമാക്കി. ടെക്സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ സാമൂഹ്യശാസ്ത്രത്തില്‍ പോസ്റ്റ് ഡോക്ടറേറ്റ് നേടി. അതിനുശേഷം ഡെല്‍ഹൗസി യൂണിവേഴ്‌സിറ്റി കാനഡയില്‍ നിന്ന് ഫെല്ലോഷിപ്പ്. ഇതൊക്കെ കഴിഞ്ഞശേഷം അദ്ദേഹം തിരിച്ചു ഡല്‍ഹിയിലെത്തി ഡല്‍ഹി ഐ.റ്റി.ഐയില്‍ പ്രൊഫസറായി ജോലിക്കു ചേര്‍ന്നു. 1982ല്‍ നമ്മുടെ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ഡല്‍ഹി ഐ.റ്റി.ഐയില്‍ അലോക് സാഗറിന്റെ വിദ്യാര്‍ഥിയായിരുന്നു.

അവിടെ മനസ് മടുത്തപ്പോള്‍ അദ്ദേഹം ജോലിയുപേക്ഷിച്ച് യാത്രയായി, ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും ഹൃദയം തൊട്ടറിയാന്‍. അറിവുകള്‍ നേടിയും നല്‍കിയുമുള്ള നിലയ്ക്കാത്ത യാത്രകള്‍. ഉത്തര്‍പ്രദേശിലെ ബാന്ദ, ബീഹാറിലെ സിന്‍ഗഭും, ജംഷഡ്പൂര്‍, ഹോഷന്‍ഗാബാദ്, റസൂലിയ, കേസല തുടങ്ങിയ മേഖലകളിലെ ആദിവാസി ഗ്രാമങ്ങളില്‍ താമസിച്ചു. അവരുടെ ജീവിതം മനസ്സിലാക്കി അവരെ അടുത്തറിഞ്ഞു. അവരില്‍ വ്യാപ്തമായിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു. അവര്‍ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കി. വരള്‍ച്ചാകാലത്തു ഗ്രാമവാസികള്‍ നേരിട്ടിരുന്ന ജലക്ഷാമത്തിനും ദാരിദ്ര്യത്തിനും പരിഹാരം കാണാന്‍ ഗ്രാമത്തില്‍ ധാരാളം ഫലവൃക്ഷത്തൈകളും പച്ചക്കറികളും മറ്റു വിളകളും ഗ്രാമീണരുടെ സഹായത്തോടെ നട്ടുവളര്‍ത്തി. കുളങ്ങള്‍ കുഴിച്ചു മഴവെള്ളം സംഭരിച്ചു ജലസേചനം നടപ്പാക്കി.

1990 മുതല്‍ അദ്ദേഹം മദ്ധ്യപ്രദേശിലെ ബൈത്തൂള്‍ ജില്ലയിലുള്ള ആദിവാസി ഗ്രാമമായകോച്ചുമാഹൂവില്‍ സ്ഥിരതാമസമാണ്. നാല് കാലുകളുള്ള ഒരു കൂരയും ഒരു പഴയ സൈക്കിളും 3 പൈജാമയും കുര്‍ത്തയുമാണ് ഇന്ന് അദ്ദേഹത്തിന്റെ സ്വന്തം പ്രോപ്പര്‍ട്ടി എന്ന് പറയാവുന്നത്. ലളിതവും സാധാരണവുമായ ജീവിതം നയിക്കുന്ന അദ്ദേഹം അവിടെയുള്ള ഗ്രാമങ്ങള്‍ മുഴുവന്‍ ഹരിതാഭമാക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ ഗ്രാമീണരുടെ സഹകരണത്തോടെ അമ്പതിനായിരം ഫലവൃക്ഷങ്ങളാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ അദ്ദേഹം സ്വയം ശേഖരിച്ചുകൊണ്ടുവന്നു നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്.

ആദിവാസികളില്‍ സാമൂഹ്യബോധം ഉണ്ടാക്കിയെടുക്കാനും അതുവഴി അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനും അദ്ദേഹം പഠിപ്പിച്ചു. ഗ്രാമങ്ങളില്‍ കുളങ്ങളും ആശുപത്രിയും സ്‌കൂളുകളും ഉണ്ടായി. റോഡുകള്‍ക്കും കുടിവെള്ളത്തിനുമായി അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഫലം കണ്ടെങ്കിലും അദ്ദേഹം അവരുടെ കണ്ണിലെ കരടായി മാറി. ചൂഷണത്തിനെതിരെ പോരാടിയവര്‍ക്കൊക്കെയുണ്ടായ അനുഭവം അദ്ദേഹത്തിനുമുണ്ടായി. അദ്ദേഹം നക്‌സലൈറ്റാണെന്ന് വരെ മുദ്രകുത്തപ്പെട്ടു.

പട്ടിണിയോട് പടപൊരുതി വിജയം കൈപ്പിടിയിലൊതുക്കാന്‍ തങ്ങളെ പ്രാപ്തരാക്കിയ അദ്ദേഹത്തെ അവിടുത്തെ ആദിവാസി സമൂഹം ദൈവതുല്യനായാണ് കണക്കാക്കുന്നത്. രാവിലെ സൈക്കിളില്‍ ഊരു ചുറ്റുന്ന അദ്ദേഹം വൃക്ഷതൈകള്‍ക്കു വെള്ളവും വളവുമിടാന്‍ ഗ്രാമീണരെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം പല ഗ്രാമത്തിലെയും കുട്ടികളെ പഠിപ്പിക്കാനും സമയം കണ്ടെത്തുന്നു. യുവാക്കള്‍ക്ക് പഠനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും മുടങ്ങാതെ നല്‍കുന്നു. ഒപ്പം ഉന്നതപഠനം നടത്താനുള്ള പരിശീലനവും മറ്റു സഹായങ്ങളും അദ്ദേഹം ആദിവാസി യുവസമൂഹത്തിനു നല്‍കിവരുന്നുണ്ട്. ഒരൊറ്റ കുട്ടിപോലും അവിടെ സ്‌കൂളില്‍ പോകാതെയില്ല .അതിനുള്ള പ്രേരണയും കാരണവും അദ്ദേഹം മാത്രമാണ്.

പ്രൊഫസറും ഡോക്ടറുമായ അലോക് സാഗറിനെ ജില്ലാ ഭരണകൂടം സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് അദ്ദേഹത്തോട് അവിടം വിട്ടുപോകാന്‍ കളക്ടറുടെ നിര്‍ദ്ദേശമുണ്ടായി. അധികാരികളും പോലീസും നല്‍കിയ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിനെതിരായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംശായാസ്പദനായ രഹസ്യ മനുഷ്യന്‍ എന്നായിരുന്നു റിപ്പോര്‍ട്ട് . അതായത് അദ്ദേഹം ഒരു നക്‌സലൈറ്റ് അനുഭാവിയാകാം എന്ന ധ്വനി ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബൈത്തൂള്‍ ഒരു നക്‌സല്‍ ബാധിത മേഖലയല്ലായിരുന്നെങ്കിലും ആദിവാസികളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഈ വ്യക്തി നക്‌സലൈറ്റ് തന്നെയെന്ന് പോലീസും അധികാരികളും വിലയിരുത്തി .

ജനങ്ങള്‍ അദ്ദേഹത്തിനു പൂര്‍ണ്ണ പിന്തുണയേകി. അതുകൊണ്ടുതന്നെ അവരെവിട്ട് എങ്ങും പോകാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. അലോക് സാഗറിന്റെ ജനസമ്മിതിയില്‍ ചില പ്രാദേശിക നേതാക്കളും അസൂയാലുക്കളായിരുന്നു. അവരുടെ പരാതിയും കളക്ടറുടെ നിര്‍ദ്ദേശം പാലിക്കാതിരുന്നതും മൂലം അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെട്ടു.

പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിന്റെ ഡിഗ്രികള്‍ കണ്ട് അധികാരികള്‍ ഞെട്ടി. IIT പ്രൊഫസറും ഡോക്ടറേറ്റും റിസര്‍വ് ബാങ്ക് ഗവര്‍ണറെ വരെ പഠിപ്പിച്ച വ്യക്തിയുമാണ് തങ്ങളുടെ മുന്നില്‍ മുഷിഞ്ഞ പൈജാമയും കുര്‍ത്തയും ധരിച്ചിരിക്കുന്നതെന്ന് ആര്‍ക്കും അവിടെ വിശ്വാസം വന്നില്ല. ഒടുവില്‍ വിവരമറിഞ്ഞു ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും നേരിട്ടെത്തി അലോക് സാഗറിനോട് മാപ്പു പറഞ്ഞു. എല്ലാ സഹായവും അവര്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു.

ഇന്ന് പ്രൊഫസ്സര്‍ ഡോക്ടര്‍ അലോക് സാഗര്‍ കൂടുതല്‍ സന്തോഷവാനാണ്. ഏറെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനും ആദിവാസി ക്ഷേമത്തിനായി ചങ്കുറപ്പോടെ നീങ്ങാനും അദ്ദേഹത്തിനു കഴിയുന്നു. കാരണം ഗ്രാമീണരെ കൂടാതെ ഇന്ന് ജില്ലാ ഭരണകൂടവും ഒപ്പമുണ്ട് എന്നതുതന്നെ.