ലോക്ഡൗണിനെ തുടർന്നുണ്ടായ ഇളവുകൾ ലഭിച്ചതിനാലാണ് സംസ്ഥാന അതിർത്തികളിലൂടെ കേരളത്തിലേക്ക്
തിരിച്ചുവരാനുള്ള ഉത്തരവിറങ്ങിയത്. ഇതിനായി ഡിജിറ്റൽ പാസ് വിതരണവും നടന്നിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുന്ന മലയാളികൾക്ക് അവരുടെ കൈവശം പാസ് ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാന അതിർത്തി കടക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈ പാസ് വിതരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ധാരാളം ജനങ്ങൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ അതിർത്തികളിലൂടെ കടന്നു പോയിരുന്നത്. അതിനാൽ റെഡ് സോണിൽ നിന്നും വന്നവരെ കൂടുതൽ നിരീക്ഷണനത്തിനു വിധേയമാക്കും. ഇതുവരെ അതിർത്തി കടന്ന് പോയ വ്യക്തികളുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചതിനുശേഷം മാത്രമേ ഇനി പുതിയ പാസ് നൽകൂ എന്നും അറിയിച്ചിട്ടുണ്ട്.
നോർക്ക വഴി രജിസ്റ്റർ ചെയ്ത്, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിച്ചേരാൻ അപേക്ഷ നൽകിയിരുന്നത് രണ്ടുലക്ഷത്തിലധികം പേരായിരുന്നു. ഇതിൽ തന്നെ മുപ്പത്തി അയ്യായിരത്തിലുമധികം ആളുകൾക്ക് കഴിഞ്ഞ ദിവസം തന്നെ പാസ് വിതരണം ചെയ്തിരുന്നു. ഇതിൽ ആറായിരത്തോളം പേർ ഇന്നലെ തന്നെ സംസ്ഥാന അതിർത്തികളിലൂടെ കേരളത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. എന്നാൽ റെഡ് സോണിൽ നിന്നും വന്നവരെ കൂടുതൽ ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശം ഇന്നലെ ഉച്ചയോടെ വന്നതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരെ ക്വാറന്റൈനിൽ ആക്കിയതിന് ശേഷമായിരിക്കും താത്കാലികമായി നിർത്തി വച്ചിരിക്കുന്ന പാസ് വിതരണം വീണ്ടും പുനരാരംഭിക്കുന്നത്.