മെമ്മറി കാർഡിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്‌താൽ കാർഡ് കംപ്ലൈന്റ് ആകുമോ ?

ഒരു ജി ബി യും രണ്ട് ജി ബിയും ഒക്കെ മാത്രം ഇന്റേണൽ സ്റ്റോറേജ് ഉള്ള ഫോണുകൾ മാത്രമുണ്ടായിരുന്ന കാലത്ത് ആവശ്യമുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സ്ഥലം തികയാതെ വരുന്നതിനാൽ മിക്ക സ്മാർട്ട് ഫോൺ ഉപയോക്താക്കളുടേയും ഡിമാന്റ് ആയിരുന്നു എങ്ങിനെയെങ്കിലും ഈ ആപ്പുകളെ മെമ്മറി കാർഡിലേക്ക് കൂടി ഒന്ന് ഇന്സ്റ്റാൾ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ കുറേ ആപ്പുകൾക്ക് കൂടി സ്ഥലമുണ്ടാക്കാമായിരുന്നു എന്ന്. അതിനുള്ള പല വഴികളും പണ്ടൂമുതലേ ലഭ്യവുമായിരുന്നു. ആപ്പുകളെ മെമ്മറി കാർഡിലേക്ക് മാറ്റുന്നതും ഇന്സ്റ്റാൾ ചെയ്യാൻ സഹായിക്കുന്നതുമായിട്ടുള്ള ആപ്പുകളും ടൂളുകളുമൊക്കെ ഉണ്ട്. എന്നാൽ ആൻഡ്രോയ്ഡ് 6.0 (മാർഷ്മെലോ) മുതൽ വളഞ്ഞ് മൂക്കുപിടിക്കാതെ ഈ സൗകര്യം ആൻഡ്രോയ്ഡിൽ തന്നെ ചെയ്ത് തന്ന് സഹായിക്കുന്നു. അതായത് മെമ്മറി കാർഡിനെ ഇന്റേണൽ മെമ്മറിയായും ഉപയോഗിക്കാം. മെമ്മറി കാർഡുകൾ ഇത്തരത്തിൽ ഇന്റേണൽ മെമ്മറി ആയി എക്സ്റ്റൻഡ് ചെയ്യുമ്പോൾ ആൻഡ്രോയ്ഡ് ആദ്യം നിലമൊരുക്കൽ പ്രക്രിയയുടെ ഭാഗമായി അതിനെ ഒന്ന് കൂടീ ഫോർമാറ്റ് ചെയ്യും. അതായത് സാധാരണ FAT32, extFAT തുടങ്ങിയ എസ് ഡി കാർഡ് ഫോർമാറ്റുകളിൽ നിന്ന് മാറി Ext4 ലേക്കോ F2FS ഫോർമാറ്റിലേക്കോ മാറ്റി ഇന്റേണൽ മെമ്മറിയുടെ ഭാഗമാക്കുന്നു. ഈ അവസരത്തിൽ ആ ഭാഗം എൻക്രിപ്റ്റ് കൂടി ചെയ്യുന്നു. മെമ്മറി കാർഡ് കൂടി ഫോണിന്റെ ഇന്റേണൽ മെമ്മറിയുടെ ഭാഗമായതിനാൽ സുരക്ഷിതത്വത്തെ മുൻനിർത്തിയാണീ എൻക്രിപ്ഷൻ. അതിനാൽ ഇത്തരത്തിൽ ഇന്റേണൽ മെമ്മറി ആക്കി മാറ്റിയ എസ് ഡി കാർഡിനെ കാർഡ് റീഡറിലും മറ്റും ഇട്ട് കമ്പ്യൂട്ടറിലോ മറ്റ് മൊബൈൽ ഫോണുകളിലോ റീഡ് ചെയ്യാൻ ആകില്ല.

Advertisement

ഇനി ഇത്തരത്തിൽ എസ് ഡി കാർഡിനെ ഇന്റേണൽ മെമ്മറി ആക്കി ആപ്പുകളും മറ്റും അതിലും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നത് നല്ലതാണോ എന്ന് നോക്കാം. മെമ്മറി കാർഡുകളുടെ ആയുസ്സ് അവയൂടെ റീഡ്‌ റൈറ്റ് സൈക്കിളുകളുടെ എണ്ണമാണ്‌. എത്രത്തോളം കൂടുതൽ അതിൽ ഡാറ്റ നിറയ്ക്കുകയും നീക്കം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നുവോ അത്രത്തോളം അതിന്റെ ആയുസ്സും കുറഞ്ഞ് വരുന്നു എന്ന് സാരം. ഒരു സെക്കന്ററി സ്റ്റോറേജ് ഡിവൈസ് എന്ന നിലയിൽ എസ് ഡി കാർഡുകൾ ഉപയോഗിക്കുമ്പോൾ അവയുടെ റീഡ്‌ റൈറ്റ് സൈക്കിളുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നില്ലാത്തതിനാൽ വർഷങ്ങൾ ഉപയോഗിച്ചാലും നാശമാകണമെന്നില്ല. പക്ഷേ ഇത് അപ്ലിക്കേഷനുകളും മറ്റ് സോഫ്റ്റ് വെയറുകളുമെല്ലാം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചാൽ ആപ്പുകൾ ഇതിൽ നിന്ന് തുടർച്ചയായി ഡാറ്റ എടുക്കുകയും നിറയ്ക്കുകയും ചെയ്യുന്നതിനാൽ റീഡ്‌ റൈറ്റ് സൈക്കിളുകളുടെ എണ്ണം കൂടുകയും കാർഡിന്റെ ആയുസ്സ് കുറയുകയും ചെയ്യുന്നു. ഇത് മാത്രമല്ല ഫോണിന്റെ ഇന്റേണൽ മെമ്മറിയെ അപേക്ഷിച്ച് ഡാറ്റാ ട്രാൻസ്ഫർ സ്പീഡും എസ് ഡി കാർഡുകൾക്ക് വളരെ കുറവായതിനാൽ ഉപയോഗക്ഷമതയും വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ എസ് ഡി കാർഡിനെ എക്സ്റ്റൻഡ് ചെയ്ത് ഇന്റേണൽ മെമ്മറി ആയി ഉപയോഗിക്കുന്നത് ഒരു നല്ല ആശയമല്ല. അതിനെ ഡാറ്റ സ്റ്റോർ ചെയ്യാനുള്ള ഇടമായി മാത്രം പരിമിതപ്പെടുത്തുക.
ഇതിലും വലിയൊരു പ്രശ്നം വേറെയും ഉണ്ട്. എങ്ങാനും ഇത്തരത്തിൽ എക്സ്റ്റൻഡ് ചെയ്ത മെമ്മറി കാർഡ് കറപ്റ്റ് ആയാൽ പിന്നെ അതിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റയുടെ കാര്യം മറന്നേക്കൂ. എൻക്രിപ്റ്റ് ചെയ്ത് ഫോർമാറ്റ് ചെയ്തിരിക്കുന്നതിനാൽ പുറമേ നിന്നുള്ള ഒരു റിക്കവറി എളുപ്പമല്ല. എൻക്രിപ്ഷൻ കീ ഒക്കെ എക്സ്പോർട്ട് ചെയ്ത് റിക്കവർ ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്ന് യാതൊരു ഉറപ്പുമില്ല.

എഴുതിയത് : സുജിത് കുമാർ