ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ
മനസ്സും വയറും നിറക്കുന്ന യശോദാമ്മ????. “ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി”.
സംസാരംപോലെതന്നെ മധുരമാണ് യശോദാമ്മ വിളമ്പുന്ന ഭക്ഷണവും. കാശിന്റെ കണക്ക് നോക്കിയല്ല വരുന്നവര്‍ക്കായി യശോദാമ്മ ഭക്ഷണം തയ്യാറാക്കുന്നത്. വയ്ക്കാനും വിളമ്പാനും ചെറുപ്പംമുതലേയുള്ള ഇഷ്ടംകൊണ്ടാണ്. കൊല്ലം തേവള്ളിയിലെ കാഞ്ഞിരംവിള വീടിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡ്ഡിലാണ് അമ്മയുടെ ഈ അടുക്കളയുള്ളത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മറ്റ് ഹോട്ടലുകളുടേതുപോലെ ബില്ലൊന്നുമില്ല. കഴിക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളകാശ് കൊടുത്താല്‍മതി. ഇവിടെ മുതലാളിയും തൊഴിലാളിയും സഹായിയുമെല്ലാം യശോദാമ്മ എന്ന ഒറ്റയാള്‍പട്ടാളമാണ്.
രാവിലെ അഞ്ചുമണിക്ക് ഉണരും. പിന്നെ ഉച്ചയൂണ് തയ്യാറാക്കലിന്റെ തിരക്കിലേക്ക്. അന്‍പതുപേര്‍ക്കുള്ള ഊണ് മാത്രമാണ് മിക്കപ്പോഴും തയ്യാറാക്കുന്നത്. ഊണെന്ന് പറഞ്ഞാല്‍ മാത്രംപോരാ നിരവധി വിഭവങ്ങളുള്ള ഒരു ചെറിയസദ്യ എന്ന് പറയുന്നതാകും നല്ലത്. ചോറിനൊപ്പം മീന്‍കറി, മീന്‍ വറുത്തത്, കപ്പ വേവിച്ചത്, പുളിശ്ശേരി, തോരന്‍, ചമ്മന്തി, അച്ചാര്‍ ഇങ്ങനെ നീളും കറികള്‍. രാവിലെ പത്തുമണിക്കുള്ളില്‍ മിക്ക ജോലിയും തീരും. മീനുമായെത്തുന്ന സ്ഥിരം കച്ചവടക്കാരി ചിലപ്പോഴൊക്കെ മീന്‍വെട്ടി നല്‍കുന്നതാണ് പുറമേയുള്ള കൈസഹായം. നേരത്തെ പറയുകയാണെങ്കില്‍ ചിലപ്പോള്‍ ഭക്ഷണം കൂടുതലുണ്ടാക്കും. വിളമ്പി ത്തുടങ്ങിയാല്‍ കൂടിപ്പോയാല്‍ ഒരു മണിക്കൂര്‍. അതിനുള്ളില്‍ പാത്രങ്ങളെല്ലാം കാലിയാകും.
അമ്മച്ചിയുടെ ഈ ചെറിയ അടുക്കളയില്‍ കഷ്ടിച്ച് പത്തുപേര്‍ക്ക് ഇരിക്കാനുള്ള സ്ഥലമാണുള്ളത്. ഇവിടെ വിഭവങ്ങളെല്ലാം നിരത്തിവച്ച് യശോദാമ്മ പോകും. ആവശ്യമുള്ളത് എടുത്ത് കഴിക്കാം. ആരും ചോദിക്കാന്‍ വരില്ല. വയറുനിറയുമ്പോൾ അവിടെ വച്ചിരിക്കുന്ന ചെറിയ പാത്രത്തില്‍ കാശ് ഇട്ടിട്ട് പോയാല്‍ മതി. ഒരാളുടെ വയറുനിറയ്ക്കുന്നതില്‍ കൂടുതലെന്ത് പുണ്യമാണെന്ന് യശോദാമ്മ ചോദിക്കുന്നു.
കരുനാഗപ്പള്ളി സ്വദേശിയായ യശോദാമ്മ വിവാഹം കഴിഞ്ഞതോടെയാണ് തേവള്ളിയിലെത്തുന്നത്. ഭര്‍ത്താവ് ചന്ദ്രാംഗദന്‍ പന്ത്രണ്ടുവര്‍ഷം മുന്‍പ് മരിച്ചു. അതിനുശേഷം വീടിനുസമീപം ബാങ്ക് കോച്ചിങ്ങിനായെത്തിയ കുട്ടികളാണ് ഭക്ഷണം തയ്യാറാക്കിത്തരാമോ എന്ന് ചോദിച്ചത്. അവര്‍ക്കായി ഭക്ഷണം ഉണ്ടാക്കിത്തുടങ്ങിയതാണ്. അമ്മച്ചിയുടെ അടുക്കളയെപ്പറ്റി കേട്ടറിഞ്ഞ് പിന്നീട് കുറെയാളുകള്‍ എത്തി. ഇപ്പോള്‍ ഈ ചെറിയകടയില്‍ നിന്നുതിരിയാന്‍പോലും പറ്റാത്തത്ര തിരക്കാണ്. കാലിന് സുഖമില്ലാതായതോടെ ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ യശോദാമ്മയ്ക്ക് ആകുന്നില്ല. എങ്കിലും വരുന്നവരെ ഭക്ഷണമില്ലെന്ന് പറഞ്ഞ് മടക്കാന്‍ മനസ്സുവരുന്നില്ലെന്ന് അവര്‍ പറയുന്നു.
അമ്മയ്ക്ക് മതിയാകുമ്പോൾ ജോലി നിര്‍ത്തണമെന്ന് മക്കളായ സംഗീതയും സരിതയും പറഞ്ഞിട്ടുണ്ട്. വിവാഹിതരായ രണ്ടുപേരും വേറെയാണ് താമസം. തന്റെയീ ചെറിയ അടുക്കളവിട്ട് അവരോടൊപ്പം പോകാനും യശോദമ്മയ്ക്ക് മനസ്സില്ല. കടയോട് ചേര്‍ന്ന് മക്കള്‍ പുതിയ വീടുവെച്ച് നല്‍കിയതോടെ കഴിക്കാന്‍ വരുന്നവര്‍ അവിടെയിരുന്നും ഭക്ഷണം കഴിക്കുന്നുണ്ട്. ‘ടി.വി.ക്കാരും പത്രക്കാരുമൊക്കെ വന്നാല്‍ ഞാന്‍ പറയാറുണ്ട്, എന്റെ വാര്‍ത്തയൊന്നും കൊടുക്കല്ലേയെന്ന്.
ഇഷ്ടമില്ലാഞ്ഞിട്ടല്ല. ഒരുദിവസം വാര്‍ത്തകണ്ട് പിറ്റേന്ന് എല്ലാരുംകൂടിയിങ്ങ് വന്ന് മക്കളെ. ഞാനെങ്ങനെ ഭക്ഷണം കൊടുക്കും. വന്നവര് കഴിക്കാതെ പോകുമ്ബോള്‍ എനിക്ക് വിഷമമാകും’-യശോദാമ്മ പറയുന്നു. എല്ലാര്‍ക്കും ഭക്ഷണം കൊടുക്കണമെന്നുണ്ട് വയ്യാതായതുകൊണ്ട് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്നില്ല. കൂലിക്ക് ആളെ നിര്‍ത്താനുള്ള വരുമാനം ഒന്നുമില്ലെന്നെ. എന്റെ കാര്യങ്ങളൊക്കെ നടന്നുപോകണം. മീന്‍ ആണ് ആളുകള്‍ക്ക് കഴിക്കാന്‍ കൂടുതല്‍ ഇഷ്ടം. അടുപ്പില്‍ മീന്‍ വേവുമ്ബോഴേക്കും വരുന്നവര്‍തന്നെ കോരിയെടുത്ത് വിളമ്ബിക്കോളും.
ആദ്യം വരുന്നവര്‍ക്കേ പലപ്പോഴും ഭക്ഷണം കിട്ടൂ. പിന്നെയുള്ളവര്‍ പുളിശ്ശേരിയും ചോറും മാത്രം കഴിച്ചിട്ടുപോകും. മീനിന്റെ വിലയാണ് താങ്ങാന്‍ പറ്റാത്തത്. വരുന്നവര് ഒരു കഷണം മീന്‍കൂടി തരാന്‍ പറഞ്ഞാല്‍ എങ്ങനെ കൊടുക്കാതിരിക്കും. ഞാന്‍ കൊടുക്കും. കൊടുക്കാന്‍ പറ്റുന്ന കാലത്തോളം ഞാനുണ്ടാക്കിക്കൊടുക്കും-യശോദാമ്മ ചിരിയോടെ പറയുന്നു. യശോദാമ്മ പ്രശസ്തയായതോടെ സ്ഥിരമായി കഴിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന ചെറിയ പിണക്കമുണ്ട്. പരിഭവം കേട്ടതോടെ കുറച്ച് നെത്തോലി വറുത്തതുകൂടി കൊടുത്ത് ആ പരിഭവം യശോദാമ്മ തീര്‍ത്തു. ഇവിടെയിങ്ങനെയാണ്, പോക്കറ്റ് കാലിയാകാതെ മനസ്സുനിറഞ്ഞ് ഭക്ഷണം കഴിക്കാം. അടിക്കടി ഭക്ഷണവില കൂട്ടുന്നവര്‍ക്ക് മാതൃകയാണ് യശോദമ്മയും ഈ ചെറിയ അടുക്കളയും.
റൂട്ട്: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വെറും രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ അമ്മയുടെ കട. അഞ്ചാലുംമൂട് റൂട്ടില്‍ രാമവര്‍മ്മ ക്ലബിന്റെ മതിലിനോട് ചേര്‍ന്ന് അകത്തേക്ക് നടന്ന് കയറിയാല്‍ യശോദാമ്മയുടെ ഈ കടയിലേക്കെത്താം
കടപ്പാട് – പേരറിയാത്ത എഴുത്തുകാരന്. (വിവിധ ഓൺലൈൻ പേജുകളിൽ നിന്നും ഷെയർ ചെയ്യപ്പെട്ടു കിട്ടിയത്).