അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങൾ എന്നും അത്ഭുതത്തോടെയാണ് മനുഷ്യർ വീക്ഷിക്കുക. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് അരങ്ങേറിയത്. ഏതാനും കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്നൊരു വാർത്തയായിരുന്നു മലപ്പുറത്ത് ഒതുക്കുങ്ങലിലെ ഒരു വീട്ടിൽ കോഴിമുട്ടയുടെ കരുവിന്റെ നിറം പച്ചയായത്. വീട്ടുകാരെല്ലാവരും ആദ്യം കൗതുകമായി എടുത്തെങ്കിലും ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായതോടുകൂടി ധാരാളം ജനങ്ങളാണ് ഇത് കാണുവാൻ ഇവിടെയെത്തിയത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം നേരിൽ കാണുന്നതെന്നായിരുന്നു മിക്കവരുടേയും പ്രതികരണം. വാർത്തയറിഞ്ഞു ഇതിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി അധികൃതരും വീട്ടിലെത്തിയിരുന്നു. അവർ തന്നെയാണ് ഇതിന്റെ ശാസ്ത്രീയമായ വിശദീകരണം പങ്കുവെച്ചത്.
കോഴി കഴിക്കുന്ന ഭക്ഷണം തന്നെയാണ് മുട്ടയുടെ കരുവിന്റെ നിറം പച്ചയാവാനുള്ള കാരണമെന്ന് അവർ പറഞ്ഞു. പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനായി ഇവർ കോഴിക്ക് ഗോതമ്പും, ചോളവും മാത്രം കുറച്ചുദിവസം ഭക്ഷണമായി
നൽകിയാൽമതിയെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന്, പിന്നീട് കോഴിയിട്ട മുട്ടയുടെ കരുവിന്റെ നിറം മഞ്ഞ ആയിരുന്നു. അധികൃതരുടെ നിഗമനങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഇത്. മുറ്റത്തുനിന്നോ പരിസരത്തുനിന്നോ നിരന്തരമായി കോഴി കഴിച്ചിരുന്ന ഭക്ഷണം മൂലമാണ് കരുവിന്റെ നിറം പച്ചയായി മാറിയത്. ഇതോടുകൂടി ജനങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിയ പച്ച നിറത്തിന്റെ രഹസ്യം ചുരുളഴിഞ്ഞു.
കോഴിമുട്ടയെകുറിച്ച് മറ്റു പല വാർത്തകളും ഇതിനുമുൻപും പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്നു അധികൃതരും പറഞ്ഞു. ഈ രഹസ്യം ഇവർ പുറത്തു പറയുന്നതിനോടൊപ്പം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. കോഴികൾക്ക് നൽകുന്ന ഭക്ഷണമാണ് ഇത്തരം നിറവ്യത്യാസങ്ങൾ ഉണ്ടാക്കുന്നത് . എങ്കിൽ കൂടി വളരെ അപൂർവ്വമായി നടക്കുന്ന ഒരു പ്രതിഭാസമാണിത്. ഇതിനു സമാനമായ സംഭവങ്ങൾ മറ്റു രാജ്യങ്ങളിലും നടന്നിട്ടുണ്ട്.