വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കർമ്മപദ്ധതി നൽകാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. മുൻഗണനാക്രമത്തിൽ അല്ലാതെ ഒറ്റയടിക്ക് കൊണ്ടുവരരുത് എന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സം നീക്കാൻ ചരക്ക് വിമാനസർവീസ് ചട്ടങ്ങളിൽ മാറ്റം വരുത്തും.കേന്ദ്ര നിലപാട് സ്വാഗതാർഹമാണെന്ന് മന്ത്രി കെ.ടി ജലീൽ പ്രതികരിച്ചു.കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഗൾഫിലുള്ള മലയാളികളുൾപ്പെടെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാണ്. കേരളമടക്കം ഇക്കാര്യം ഉന്നയിച്ച് കത്ത് നൽകുകയും ചെയ്തിരുന്നു.
പ്രവാസികളെ സ്വന്തം ചെലവിൽ നാട്ടിലെത്തിക്കാമെന്ന് യുഎഇ യും, സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട് .വിവിധ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പുറമേ യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളും ഉണ്ട്. ഇവരെ നാട്ടിൽ എത്തിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. പ്രവാസികളെ നാട്ടിൽ എത്തുക്കുകയാണെങ്കിൽ വിമാനത്താവളങ്ങളിലെ പരിശോധന,ക്വാറൻറ്റൈൻ, പ്രാദേശിക യാത്രാ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് വിശദമായ റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിമാരോട് വിദേശകാര്യ സെക്രട്ടറി നിർദ്ദേശിച്ചിട്ടുള്ളത്.
ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുമായുള്ള അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു.ലോക്ക്ഡൗൺ മൂലം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത ദുരവസ്ഥ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. തിരിച്ചെത്തുന്ന മലയാളികളെ, പ്രവാസി സുഹൃത്തുക്കളെ ക്വാറൻറ്റൈൻ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കപ്പെട്ടു കഴിഞ്ഞു. രോഗലക്ഷണങ്ങൾ ഇല്ലാത്ത ആളുകളെ അവരവരുടെ വീടുകളിൽ നിന്നും വരുന്ന വാഹനത്തിൽ അവരവരുടെ വീടുകളിൽ തന്നെ ക്വാറൻറ്റൈൻ ചെയ്യിപ്പിക്കും.
ആരോഗ്യപ്രവർത്തകർ അത് സൂക്ഷ്മമായി നിരീക്ഷിക്കും. രോഗലക്ഷണങ്ങൾ ആരെങ്കിലും പ്രകടിപ്പിക്കുന്നു എങ്കിൽ അവരെ സർക്കാർ സംവിധാനത്തിൽ തന്നെ ക്വാറൻറ്റൈൻ ചെയ്യിപ്പിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ചരക്ക് വിമാനസർവീസ് ചട്ടങ്ങളിൽ മാറ്റം വരുത്തും. നിലവിൽ വിവിധ രാജ്യങ്ങളിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ചരക്ക് വിമാനങ്ങളിൽ ഉടനെ എത്തിക്കും. വിദേശകാര്യ മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.