Advertisement
ഇന്റര്‍നെറ്റ്

വീട്ടിൽ ഇൻവെർട്ടർ വെക്കാൻ താല്പര്യപെടുന്നവർ തീർച്ചയായും വായിക്കുക

Advertisement

നമുക്ക് ഒരു ഇൻവെർട്ടർ വാങ്ങാം:

……….സുജിത് കുമാർ……എഴുതുന്നു

ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് എത്ര കപ്പാസിറ്റി ഉള്ളത് വാങ്ങണം, ബാറ്ററി ടൂബുലർ മതിയോ, ബാറ്ററിയും ഇൻവെർട്ടറും ഒരേ കമ്പനിയുടേത് തന്നെ വാങ്ങണോ? ഒരു ബാറ്ററിയുള്ള ഇൻവെർട്ടർ വാങ്ങണോ അതോ രണ്ടെനണ്ണമുള്ളത് വാങ്ങണോ ? സൈൻ വേവ് ഇൻവെർട്ടർ വാങ്ങുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ ? സോളാർ ഇൻവെർട്ടർ നന്നായിരിക്കുമോ ? അങ്ങനെ സംശയങ്ങളോട് സംശയങ്ങൾ ആയിരികും.

ഒരു ദിവസം ശരാശരി എത്രനേരം കറന്റ് പോകും? അതും ദീർഘ നേരമുള്ള പവർ കട്ടുകളോ ഇടയ്ക്കിടെ ഉണ്ടാകുന്ന ഹ്രസ്വദൈർഘ്യമുള്ള പവർ കട്ടുകളാണോ ഉണ്ടാകാറുള്ളത്? വീട്ടിലെ ഏതെല്ലാം ഉപകരണങ്ങൾ എത്ര നേരം ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കേണ്ടി വരും എന്നൊക്കെയുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് ഓരോരുത്തരം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് ഓരോരുത്തരുടേയും സാഹചര്യങ്ങളിൽ വ്യത്യസ്തവുമായിരിക്കുമല്ലോ. സാധാരണഗതിയിൽ പവർ കൂടുതൽ ഉപയോഗിക്കുന്ന എയർ കണ്ടീഷനറുകൾ, ഹീറ്ററുകൾ, പമ്പ് സെറ്റുകൾ, ഫ്രിഡ്ജ് തുടങ്ങിയവ ഇൻവെർട്ടറുകളിൽ ഉപയോഗിക്കാനാകില്ല. ഇതെല്ലാം ഉപയോഗിക്കാൻ കഴിയുന്ന കപ്പാസിറ്റിയുള്ള ഇൻവെർട്ടറുകൾ ഇല്ല എന്നല്ല പക്ഷേ അത് ജനറേറ്ററുകളെ അപേക്ഷിച്ച് ലാഭകരമാകുകയില്ല. അതിനാൽ ശരാശരി ഗാർഹിക ഉപയോഗത്തിനുള്ള ഇൻവെർട്ടറുകളെക്കുറിച്ച് മാത്രമാണിവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്.

എൽ ഇ ഡി / സി എഫ് എൽ ബൾബുകൾ, ട്യബ് ലൈറ്റുകൾ തുടങ്ങിയ ലൈറ്റിംഗ് ലൊഡ്, പിന്നെ രണ്ടോ മൂന്നോ ഫാനുകൾ ഒരു ടെലിവിഷൻ ചിലപ്പോൾ ഒരു കമ്പ്യൂട്ടർ – ഇത്രയൊക്കെയായിരിക്കും സാധാരണഗതിയിൽ കേരളത്തിലെ സാഹചര്യത്തിൽ ഒരു വീട്ടിലെ കറന്റ് പോയാൽ ഇൻവെർട്ടർ ഉപയോഗിക്കേണ്ടി വരുന്ന ഉപകരണങ്ങൾ – “മിക്സി കൂടി ഉപയോഗിക്കാൻ പറ്റിയിരുന്നേൽ നന്നായിരുന്നു”.. എന്ന് അടുക്കളയിൽ നിന്നും ഒരു അശരിരി കേൾക്കുന്നില്ലേ? ശരിയാണ്- തേങ്ങ അരയ്ക്കാനായി മിക്സിയിൽ ഇടുന്ന ആ സെക്കന്റിൽ കറന്റ് പോകുന്നത് നിത്യ സംഭവം ആയതിനാൽ ആ ആവശ്യം കൂടി ഒന്ന് പരിഗണിക്കേണ്ടതില്ലേ? ഉണ്ട് പക്ഷേ ചില നിബന്ധനകൾക്ക് വിദേയമായി മാത്രം. അതിനെക്കുറിച്ച് വഴിയേ പറയാം.

ആദ്യം നമുക്ക് ലോഡ് കണക്ക് കൂട്ടാം. ഒരു എൽ ഇ ഡി ബൾബ് 10 മുതൽ 15 വാട്ട് വരെ, ഫാൻ ഒന്നിനു 60 മുതൽ 80 വാട്ട് വരെ, ടെലിവിഷൻ എൽ ഇ ഡി ആണെങ്കിൽ സ്ക്രീൻ സൈസനുസരിച്ച് 80 വാട്ട്സ് വരെ. ഇതെല്ലാം കൂടി ഒന്ന് കൂട്ടി നോക്കുക. അതായത് നിങ്ങളൂടെ വിട്ടിൽ 3 പത്ത് വാട്ട് LED ബൾബ്, ഒരു 60 വാട്ട് LED ടിവി രണ്ട് സീലിംഗ് ഫാനുകൾ (75 വാട്ട് വീതം) ഇന്നിവ കറണ്ട് പോകുന്ന സമയത്ത് പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് കരുതുക. മൊത്തം പവർ (3×10)+60+(75×2)= 240 വാട്ട്. ഈ പറഞ്ഞ ഉപകരണങ്ങളെല്ലാം മൊത്തത്തിൽ ഒരു 80 ശതമാനം എഫിഷ്യൻസിയിലേ പ്രവർത്തിക്കൂ എന്നതിനാൽ 20% ഊർജ്ജ നഷ്ടം എങ്കിലും ഇതിനൊട് ചേർക്കേണ്ടി വരും. അപ്പോൾ ലൊഡ് എത്ര വി എ ആണെന്ന് കിട്ടും. അതായത് 288 VA. ഇതാണ് നിങ്ങൾക്ക് ആവശ്യമായ ലോഡ്. പക്ഷേ ഇവിടെയും ചില പ്രശ്നങ്ങൾ ഉണ്ട്. ഇപ്പറയുന്ന ഉപകരണങ്ങൾ ഓൺ ആകുന്ന സമയത്ത് അല്പം കൂടൂതൽ ഊർജ്ജം ഉപയോഗിക്കുന്നവയാണ്. അതായത് എൽ ഇ ഡി ടിവിയൊക്കെ 60 വാട്ടേ ഉള്ളൂ എങ്കിലും ഓൺ ആക്കുന്ന ഏതാനും സെക്കന്റുകളിൽ അത് 120 മുതൽ 150 വാട്ട് വരെയൊക്കെ പവർ ഉപയോഗിക്കുന്നു. പല ഉപകരണങ്ങളുടെയും കാര്യത്തിൽ ഈ സ്റ്റാർട്ടിംഗ് ലോഡിൽ വ്യത്യാസങ്ങൾ ഉണ്ടാകും. അതിനാൽ ഈ ഒരു പ്രശ്നം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതുകൂടി കണക്കിലെടുത്ത് നമുക്ക് ആവശ്യമായ ഇൻവെർട്ടറിന്റെ കപ്പാസിറ്റി ഒരു 500 വി എ ആണെന്ന് കണക്ക് കൂട്ടാം. പക്ഷേ നമ്മൾ കണക്ക് കൂട്ടീയത് കൊണ്ട് മാത്രമാകില്ലല്ലോ 500 വി എ യുടെ ഇൻവെർട്ടർ കിട്ടുകയും വേണ്ടേ? വിപണിയിൽ പൊതുവേ നല്ല കമ്പനികളുടേതെല്ലാം തന്നെ 650 വി എ യിൽ ആണ് തുടങ്ങുന്നത്. അപ്പോൾ അവിടെയും തെരഞ്ഞെടുപ്പ് എളുപ്പമാകുന്നു. 650 വി എ യ്ക്ക് മുകളിൽ ഉള്ളത് വാങ്ങിയാൽ മതി. ലോഡിന്റെ കണക്ക് കൂട്ടീയപ്പോൾ നേരത്തേ പറഞ്ഞ മിക്സിയുടെ കാര്യം മറന്നു പോയോ? നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന സാധാരണ മിക്സി 500 വാട്സ് മുതൽ 950 വാട്സ് വരെ ഉള്ളത് ആണ്. ഉപയോഗിക്കുന്ന കറന്റ് അധികമില്ലെങ്കിലും മിക്സിയുടെ സ്റ്റാർട്ടിംഗ് ലോഡ് ഇരട്ടി എങ്കിലും ഉണ്ടാകും. അതുകൊണ്ട് മിക്സി ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കുന്നത് അഭികാമ്യമല്ല. എങ്കിലും അവിയലിനുള്ള തേങ്ങ ഒന്ന് ചതച്ചെടുക്കാനെങ്കിലും പറ്റുമായിരുന്നെങ്കിൽ .. എന്ന് ചിന്തിക്കുന്നുണ്ടാകും. വിഷമിക്കേണ്ട നമുക്ക് ഇൻവെർട്ടറിന്റെ കപ്പാസിറ്റി ഒന്ന് കൂട്ടിയാൽ മതി. 650 നും പകരം 850 യുടേയോ 950 യുടേതോ വാങ്ങാം. വിലയിൽ ചെറിയ വ്യത്യാസമേ ഉണ്ടാകൂ. മിക്സി ഉപയോഗിക്കുന്നതിനു മുൻപ് മറ്റ് ലോഡുകൾ എല്ലാം ഓഫ് ചെയ്തിരിക്കണം എന്ന് മാത്രം. പിന്നെ 900 വാട്സ് മിക്സിയൊന്നും ഇങ്ങനെ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയുമരുത്. ഇൻവെർട്ടറിലേക്ക് തിരിച്ചു വരാം. 650 VA യും 850-900 VA ഇൻവെർട്ടറും തമ്മിൽ വിപണി വിലയിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ലാത്തതിനാൽ വലുത് തന്നെ തെരഞ്ഞെടുക്കാം. എപ്പോഴാണ് എന്തെങ്കിലുമൊക്കെ ഉപകരണങ്ങൾ അധികമായി കുറച്ച് നേരത്തേക്ക് ആണെങ്കിലും ഉപയോഗിക്കേണ്ടി വരിക എന്നറിയില്ലല്ലോ.

ഇനി ഇൻവെർട്ടറുകൾ തന്നെ പല തരം ഉണ്ട്. സ്വ്കയർ വേവ് ഇൻവെർട്ടർ, ക്വാസി സ്ക്വയർ വേവ് ഇൻവെർട്ടർ, സൈൻ വേവ് ഇൻവെർട്ടർ .. ഇങ്ങനെയൊക്കെയുള്ള പേരുകൾ കേട്ടിട്ടുണ്ടായിരിക്കും. ബാറ്ററിയിൽ പ്രവർത്തിക്കുമ്പോൾ ഇൻവെർട്ടറുകൾ നൽകുന്ന കറന്റിന്റെ സ്വഭാവത്തെ അനുസരിച്ചാണീ തരം തിരിവ്. നമ്മുടെ വീട്ടിൽ ഇലക്ട്രിസിറ്റി ബൊഡിൽ നിന്നും ലഭിക്കുന്ന വൈദ്യുതി പ്യുവർ സൈൻ വേവ് ആണ്. പക്ഷേ ആദ്യകാലങ്ങളിൽ ഇൻവെർട്ടറുകൾക്ക് പ്യുവർ സൈൻ വേവ് നൽകാൻ കഴിഞ്ഞിരുന്നില്ല പകരം സ്ക്വയർ വേവ് ആയിരുന്നു നൽകിയിരുന്നത്. സൈൻ വേവ് ഉണ്ടാക്കുന്നതിന് ചെലവേറിയ സർക്കീട്ടുകൾ ഉപയോഗിക്കേണ്ടതായിട്ടുണ്ടായിരുന്നു. പിന്നെ സാധാരണ ഇലക്ട്രിക് ബൾബും ഫാനും എല്ലാം പ്രവർത്തിപ്പിക്കാൻ പ്യുവർ സൈൻ വേവ് അത്യാവശ്യവുമല്ലായിരുന്നു. അതുകൊണ്ട് ചില പോരായ്മകളൊക്കെ ഉണ്ടായിരുന്നിട്ടും ഒരു അഡ്ജസ്റ്റ്മെന്റ് എന്ന നിലയിൽ സ്ക്വയർ വേവ് ഇൻവെർട്ടറുകളും സ്ക്വയർ വേവിനെ ഒന്നു കൂടീ മോഡിഫൈ ചെയ്ത് സൈൻ വേവിനോട് ചേർന്ന് നിൽക്കുന്ന ക്വാസി സ്ക്വയർ വേവ്, സ്റ്റെപ്പ്ഡ് സ്ക്വയർ വേവ് തുടങ്ങിയ ഇൻവെർട്ടറുകൾ ഒക്കെ വന്നു. സൈൻ വേവ് അല്ലാത്ത ഇൻവെർട്ടറുകൾ ഉപയോഗിക്കുമ്പോൾ ഫാനുകൾ അല്പം ചൂടാകും. ടെലിവിഷനുകളിലേയും മറ്റ് സൗണ്ട് ബോക്സുകളിൽ നിന്നുമൊക്കെ വണ്ട് മൂളുന്നതുപോലെയുള്ള ശബ്ദശല്ല്യം ഉണ്ടാകും, ട്യൂബ് ലൈറ്റുകളുടെ ചോക്ക് മൂളിക്കൊണ്ടിരിക്കും എന്ന് തുടങ്ങി അല്ലറ ചില്ലറ പ്രശ്നങ്ങൾ അനുഭവപ്പെടും. ഈ പ്രശ്നങ്ങളൊക്കെ അറിയാമായിരുന്നിട്ടും വിലയിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നതിനാൽ സൈൻ വേവ് ഇൻവെർട്ടറുകൾ പൊതുവേ വിപണിയിൽ അത്ര പ്രിയങ്കരമായിരുന്നില്ല. പക്ഷേ ഇപ്പോൾ സ്ഥിതി മാറി സൈൻ വേവ് ഇൻവെർട്ടറുകളും മറ്റ് ഇൻവെർട്ടറുകളും തമ്മിൽ കാര്യമായ വില വ്യത്യാസമില്ല. അതുകൊണ്ട് ഒരു പത്തോ അഞ്ഞൂറോ അധികം കൊടുത്താലും സൈൻ വേവ് ഇൻവെർട്ടറുകൾ തന്നെ തെരഞ്ഞെടുക്കുക. നിങ്ങളൂടെ ഉപകരണങ്ങളൂടെ ആയുസ്സിനും ശബ്ദശല്ല്യമില്ലാത്ത പ്രവർത്തനത്തിനും അതാണ് ഏറ്റവും അനുയോജ്യം.

അടുത്ത ചോദ്യം സോളാർ ഇൻവെർട്ടർ വാങ്ങണോ വേണ്ടയോ എന്നാണ്. സോളാർ ഇൻവെർട്ടർ എന്നാൽ ഒരു സോളാർ ചാർജ് കണ്ട്രോളർ കൂടി കൂട്ടിച്ചേർത്ത ഒരു സാധാരണ ഇൻവെർട്ടർ മാത്രമാണ്. അതായത് അനുയോജ്യമായ കപ്പാസിറ്റിയുള്ള സോളാർ പാനലുകൾ ഇതിന്റെ ടെർമിനലുകളിൽ നേരിട്ട് കണക്റ്റ് ചെയ്യാം എന്നർത്ഥം. പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട് – ഈ ചാർജ് കണ്ട്രോളറുകളൂടെ കപ്പാസിറ്റി. 300 വി എ കപ്പാസിറ്റി ആണ് സോളാർ ടെർമിനലിന്റേത് എന്ന് നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതിൽ കൂടുതൽ കപ്പാസിറ്റി ഉള്ള പാനലുകൾ കണക്റ്റ് ചെയ്യാൻ കഴിയില്ല. അപ്പോൾ ചാർജ് കണ്ട്രോളർ വേറേ വാങ്ങേണ്ടി വരും. സാധാരണ ഇൻവെർട്ടറും ചാർജ് കണ്ട്രോളറും പ്രത്യേകം ആയി വാങ്ങിയാലും വിലയിൽ കാര്യമായ വ്യത്യാസം ഉണ്ടാകാറില്ല. എങ്കിലും സോളാർ പാനലുകൾ കണക്റ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഇൻവെർട്ടറുകൾ വാങ്ങാവുന്നതാണ്. വെയിൽ ഉള്ളപ്പോൾ ലൈനിൽ നിന്നുള്ള കറന്റ് ഉപയോഗിക്കാതെ സോളാർ പാനലുകളിൽ നിന്നും ബാറ്ററി ചാർജ് ആയിക്കോളും. ആ വഴിക്ക് കറന്റ് ബിൽ ലാഭിക്കാം മാത്രവുമല്ല രണ്ടു ദിവസം കറന്റില്ലാതിരുന്നാലും ഇരുട്ടത്ത് ഇരിക്കേണ്ടിയും വരില്ല.

ഇനി ബാറ്ററിയിലേക്ക് വരാം. ഇൻവെർട്ടറിനേക്കാൾ വിലയുള്ളത് ബാറ്ററിക്കാണെന്നതിനാൽ ബാറ്ററി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലെഡ് ആസിഡ് ബാറ്ററികൾ ആണ് ഇൻവെർട്ടറുകൾക്കായി ഉപയോഗിക്കപ്പെടുന്നത്. ഒരു ബാറ്ററി 12 വോൾട്ടീന്റേത് ആയിരിക്കും. നിങ്ങളുടെ ഇൻവെർട്ടർ 1KVA യിലും താഴെ ഉള്ളതാണെങ്കിൽ 12 വോൾട്ട് ബാറ്ററി മതിയാകും. 1 KVA യിൽ അധികം കപ്പാസിറ്റിയുള്ള ഇൻവെർട്ടറുകളിലെല്ലാം 24 വോൾട്ട് അഥവാ 2 ബാറ്ററികൾ ഉപയോഗിക്കേണ്ടി വരും എന്ന തള്ളവിരൽ നിയമം (Thumb Rule) അറിഞ്ഞിരിക്കുക. ഈ ഒരു പ്രശ്നം ഉള്ളതിനാൽ സാദ്ധ്യമാകുമെങ്കിൽ ലോഡ് പരിമിതപ്പെടുത്തി 1 KVA യിൽ താഴെയുള്ള ഇൻവെർട്ടറുകൾ വാങ്ങുക. ബാറ്ററിയുടെ കപ്പാസിറ്റി ആമ്പിയർ- അവർ ൽ ആണ് സൂചിപ്പിക്കുക അതായത് 60 Ah, 80 Ah, 100 Ah, 130 Ah, 150 Ah, 180 Ah അങ്ങിനെ പോകുന്നു. വാഹനങ്ങളിൽ ഉപയോഗിക്കുന്നതും ഇതുപോലെയുള്ള ലെഡ് ആസിഡ് ബാറ്ററികൾ ആണെങ്കിലും ഈ ബാറ്ററികൾ കണക്റ്റ് ചെയ്താലും ഇൻവെർട്ടറുകൾ പ്രവർത്തിക്കും എങ്കിലും വാഹനങ്ങളുടെ ബാറ്ററികൾ ഇൻവെർട്ടറുകളിൽ ഉപയോഗിക്കാതിരിക്കുക. കാരണം രണ്ടിന്റേയും ഉപയോഗത്തിനനുസരിച്ചുള്ള രൂപ കല്പനകളിൽ വ്യത്യാസമുണ്ട്. കാർ ബാറ്ററികൾ സ്റ്റാർട്ടിംഗ് മൊട്ടോറുകൾ പ്രവർത്തിപ്പിക്കാനായി കുറഞ്ഞ സമയത്തേക്ക് പരമാവധി കറന്റ് നൽകാനായി ഡിസൈൻ ചെയ്യപ്പെട്ടവയാണ്. ഇൻവെർട്ടർ ബാറ്ററികളാകട്ടെ ഏകദേശം ഒരേ നിലയിലുള്ള കറന്റ് ദീർഘ നേരം നൽകാൻ കഴിയുന്ന രീതിയിൽ ഉള്ളതും. ഈ സാഹചര്യത്തിൽ ഇൻവെർട്ടറുകൾക്കായി തയ്യാർ ചെയ്യപ്പെട്ട ട്യൂബുലാർ ബാറ്ററികൾ ആയിരിക്കും കൂടുതൽ അഭികാമ്യം. ഇൻവെർട്ടർ ബാറ്ററികൾ തന്നെ പല തരത്തിലുള്ളവയുണ്ട്. സാധാരണ ഫ്ലഡ്ഡഡ് ആസിഡ് ബാറ്ററികൾ( FLA), സീൽഡ് ലെഡ് ആസിഡ് എന്ന വിഭാഗത്തിൽ പെടുന്ന മെയിന്റനൻസ് ഫ്രീ VRLA ( വാൽവ് റെഗുലേറ്റഡ് ലെഡ് ആസിഡ് ബാറ്ററികൾ) തുടങ്ങിയവ അതിൽ പ്രധാനപ്പെട്ട ഉപ വിഭാഗങ്ങളാണ്. ഇതിൽ സാധാരണ ലെഡ് ആസിഡ് ബാറ്ററികൾക്കാണ് ഏറ്റവും വിലക്കുറവ്. അതിൽ ഇടയ്ക്കിടെ ഇലക്ട്രോളൈറ്റിന്റെ അളവ് പരിശോധിച്ച് ഡിസ്റ്റിൽഡ് വാട്ടർ നിറച്ച് കൊടുക്കേണ്ടതായുണ്ട്. ഉപയോഗത്തിനും കാലാവസ്ഥക്കും അനുസരിച്ച് പൊതുവേ രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പൊൾ ഇത് മതിയായിരിക്കും. നല്ല വായു സഞ്ചാരം ഉള്ളിടത്ത് ആയിരിക്കണം ഇവ സ്ഥാപിക്കേണ്ടത്. VRLA ബാറ്ററികൾക്ക് വിലക്കൂടൂതൽ ആണെങ്കിലും ഇടയ്ക്കിടയ്ക് വെള്ളമൊഴിച്ച് കൊടുക്കേണ്ട, ഗ്യാസ് എമിഷൻ കുറവാണ്, മറിഞ്ഞ് വീണ് ആസിഡ് ലീക്ക് ആകുമെന്ന പേടി വേണ്ട തുടങ്ങിയ ഗുണങ്ങളൊക്കെ ഉള്ളത് കൊണ്ട് വില താങ്ങാനാകുമെങ്കിൽ വാങ്ങാവുന്നതാണ്. പക്ഷേ വിൽക്കുന്ന സമയത്ത് VRLA ബാറ്ററികളൂടെ ആക്രി വില സാധാരണ ബാറ്ററികളെ അപേക്ഷിച്ച് കുറവായിരിക്കും എന്ന് ഓർക്കുക.

ബാറ്ററികളുടെ കപ്പാസിറ്റിയിലേക്ക് തിരിച്ച് വരാം. 100 Ah ബാറ്ററി എന്നതിനർത്ഥം 12 വോൾട്ട് 100 ആമ്പിയർ കറന്റ് ഒരു മണിക്കൂർ നേരത്തേക്ക് നൽകാൻ ശക്തിയുള്ള ബാറ്ററി എന്നാണ്. അല്ലെങ്കിൽ 10 ആമ്പിയർ കറന്റ് പത്ത് മണിക്കൂർ നേരത്തേക്ക് എന്നും 5 ആമ്പിയർ 20 മണിക്കൂർ നേരത്തേക്കും എന്നൊക്കെ പറയാം. അതായത് ആമ്പിയർ അവർ കപ്പാസിറ്റി കൂടുമ്പോൾ കൂടുതൽ നേരത്തേക്ക് കറന്റ് നൽകാൻ ബാറ്ററിക്ക് ആകുന്നു. ഇനി ഇൻവെർട്ടർ എത്ര നേരം ബാക്കപ്പ് നൽകും എന്ന് കണ്ടുപിടിക്കാനുള്ള ഒരു ലളിതമായ കണക്ക് കൂട്ടൽ നോക്കാം

ഇൻവെർട്ടർ ബാക്കപ്പ് (മണിക്കൂറിൽ  ( ബാറ്ററി കപ്പാസിറ്റി x ബാറ്ററി വോൾട്ടേജ് x ഊർജ്ജക്ഷമത ) / ലോഡ് (കെ വി എ യിൽ)

നങ്ങൾ 300 വാട്ട് ലോഡ് 12 വോൾട്ട് 100 ആമ്പിയർ അവർ ബാറ്ററി ഉള്ള ഒരു ഇൻവെർട്ടറിൽ ഉപയോഗിക്കുന്നു എന്ന് കരുതുക. ഇൻവെർട്ടറുകളുടെ പൊതുവേയുള്ള ഊർജ്ജ ക്ഷമത 80% മുതൽ 90 ശതമാനം വരെ മാത്രമായിരിക്കും. ഈ വിവരങ്ങൾ വച്ച് ഒന്ന് കണക്ക് കൂട്ടി നോക്കാം

(100 x 12 x 0.8) /300 =3.2 മണിക്കൂർ.

ഇതിൽ നിന്നും ബാറ്ററിയുടെ കപ്പാസിറ്റി കൂട്ടിയാൽ ബാക്കപ്പ് ടൈം എങ്ങിനെ കൂടുന്നു എന്ന് മനസ്സിലാക്കാമല്ലോ. 100 നു പകരം 150 ആമ്പിയർ അവർ ഉപയോഗിച്ചാൽ ബാക്കപ്പ് 4.8 മണിക്കൂർ ആയി കൂടും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക ഇൻവെർട്ടറും ബാക്കപ്പും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല. ഇൻവെർട്ടറിന്റെ ഊർജ്ജ ക്ഷമത മാത്രമാണ് ചെറുതായെങ്കിലും സ്വാധീനം ചെലുത്തുന്നത്. ശരിയായ ശേഷിയുള്ള നല്ല ഒരു ബാറ്ററി തെരഞ്ഞെടുക്കുന്നത് ഇവിടെ പരമപ്രധാനമാണ്. ആദ്യ കാലങ്ങളിൽ ഇൻവെർട്ടർ കമ്പനിക്കാർ ബാറ്ററി വിപണനം ചെയ്തിരുന്നില്ല. ഇൻവെർട്ടറും ബാറ്ററിയും വേറേ വേറെ കമ്പനികളുടേതായി ആയിരുന്നു വാങ്ങിയിരുന്നത്. പക്ഷേ ക്രമേണ ഇൻവെർട്ടർ കമ്പനികൾ തന്നെ അവരുടെ ബ്രാൻഡുകളിൽ ബാറ്ററികൾ കൂടി ഇറക്കാൻ തുടങ്ങി. മിക്ക ഇൻവെർട്ടർ കമ്പനികളുടെ ആദ്യ കാല ബാറ്ററികളെല്ലാം തന്നെ ഏതെങ്കിലുമൊക്കെ ലോക്കൽ / ചൈനീസ് കമ്പനികളൂമായി സഹകരിച്ച് റീ ബ്രാൻഡ് ചെയ്ത് എടുക്കുന്നവ ആയിരുന്നു, അതിനാൽ ഗുണനിലവാരം വളരെ കുറവായിരുന്നു. പരാതികൾ വ്യാപകമായപ്പോൾ ഇപ്പോൾ കാര്യങ്ങളിൽ വ്യത്യാസം വന്ന് തുടങ്ങിയിട്ടുണ്ട്. എന്തു തന്നെയായാലും ബാറ്ററി വാങ്ങുമ്പോൾ ബാറ്ററിയിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനികളിൽ നിന്നും വാങ്ങുന്നത് തന്നെയാണ് ഉത്തമം. അതായത് എക്സൈഡ്, ആമറോൺ തുടങ്ങിയവ ഉദാഹരണങ്ങൾ. ഇൻവെർട്ടറുകൾ എത്ര നാൾ വേണമെങ്കിലും ഉപയോഗിക്കാമെങ്കിലും ബാറ്ററികളുടെ കാര്യം അങ്ങനെ അല്ല. എത്ര നല്ല ബാറ്ററി ഉപയോഗിച്ചാലും ഉപയോഗത്തിനനുസരിച്ച് പരമാവധി 5 വർഷമൊക്കെ ആയുസ്സ് ലഭിച്ചേക്കാം. ബാറ്ററി വാങ്ങുമ്പോൾ വാറന്റിയുടെയും എക്സ്റ്റൻഡഡ് വാറന്റിയുടേയും കാര്യത്തിൽ പിശുക്ക് കാണിക്കരുത്. കാരണം എപ്പോൾ വേണമെങ്കിൽ നാശമാകാൻ സാദ്ധ്യതയുള്ള ഒന്നാണിത് എന്നതു തന്നെ. കൂടുതൽ കാലം റീപ്ലേസ്മെന്റ് ഗ്യാരണ്ടി നൽകുന്ന ബാറ്ററികൾ അല്പം വിലക്കൂടുതൽ ആയാലും തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. വലിയ കമ്പനികളോട് കിടപിടിക്കുന്ന ഗുണനിലവാരമുള്ള ചില ലോക്കൽ ബ്രാൻഡ് ബാറ്ററികളും ഉണ്ട്. അതിനാൽ ബാറ്ററികളുടേയ്യും വിൽപ്പനാനന്തര സേവനങ്ങളുടേയ്യും കാര്യത്തിൽ അല്പം ഗവേഷണം നടത്തിയതിനു ശേഷം വാങ്ങുന്നതായിരിക്കും നല്ലത്. ഓൺ ലൈൻ ആയി ബാറ്ററി വാങ്ങുന്നത് നഷ്ടമായിരിക്കും. കാരണം ബാറ്ററിയുടെ ഓൺലൈൻ വില മിക്കപ്പോഴും കടകളിലേക്കാൾ കൂടുതൽ ആയിരിക്കും. അതുകൊണ്ട് എപ്പോഴും ഓൺലൈൻ വിലയേക്കാൾ കുറഞ്ഞ വില കിട്ടാനായി വിലപേശാൻ മടിക്കരുത് . ബാറ്ററിയുടെ കപ്പാസിറ്റിയെക്കുറിച്ച് നേരത്തേ പറഞ്ഞല്ലോ. കേരളത്തിലെ സാഹചര്യത്തിൽ മഴക്കാലത്തെ ചില പ്രത്യേക ദിവസങ്ങളിൽ ഒഴിച്ച് മണിക്കൂറുകൾ നീളുന്ന വൈദ്യുത തടസ്സങ്ങൾ അപൂർവ്വം ആയിരിക്കും. അതിനാൽ വലിയ കപ്പാസിറ്റി ഉള്ള ബാറ്ററികൾ യഥാർത്ഥത്തിൽ ഇവിടെ ഉപയോഗിക്കേണ്ട ആവശ്യവുമില്ല. പൊതുവേ നമ്മൂടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്ന ഇൻവെർട്ടർ + ബാറ്ററി കോമ്പിനേഷൻ 850 വി എ ഇൻവെർട്ടർ + 150 ആമ്പിയർ അവർ ബാറ്ററി എന്നതാണ്. ഇതിൽ 150Ah വേണമെന്ന് യാതൊരു നിർബന്ധവും ഇല്ല 100Ah ചെറിയ വൈദ്യുത തടസ്സമുള്ള സാഹചര്യത്തിൽ ധാരാളം മതിയാകും.

ഇൻവെർട്ടർ വയറിംഗ് വളരെ ലളിതമാണ്. ഇൻവെർട്ടർ കണക്റ്റ് ചെയ്യുമ്പോൾ ന്യൂട്രലും എർത്തും ഹൗസ് വയറിംഗിന്റേത് തന്നെ ആയിരിക്കും. അതിനാൽ ഒരൊറ്റ വയറിലൂടെ ഫേസ് മാത്രം ആവശ്യമായ ഉപകരണങ്ങളിലേക്ക് എത്തിച്ചാൽ മതിയായിരിക്കും. വീടുകളിൽ വയറിംഗ് ചെയ്യുമ്പോൾ ഇൻവെർട്ടറുകൾക്കായി ഒരു നല്ല ഗേജുള്ള വയർ എല്ലാ സ്വിച്ച് ബോഡുകളേയും ബന്ധിപ്പിച്ചുകൊണ്ട് മുൻകൂട്ടി ഇട്ട് വയ്ക്കുന്നത് നന്നായിരിക്കും. ഇതിലൂടെ ഇൻവെർട്ടർ പിന്നീട് സ്ഥാപിക്കുമ്പോൾ പ്രത്യേകം വയറിംഗ നടത്തേണ്ട ആവശ്യവും ലോഡ് തരം തിരിക്കുന്നതിലുള്ള വിഷമതകളും ഒഴിവാകുന്നു.

പലർക്കും ഉപകാരപ്പെടുന്ന ഒരു ലേഖനം ആണ്.എല്ലാവരും ഷെയർ ചെയ്യുക

Advertisement
Advertisement