വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ അകപ്പെട്ട് സൗദി-അറേബ്യയും. ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും
ലോക്ഡൗണിനെ തുടർന്നു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരിക്കുകയാണ്. ഈ സാഹചര്യം രൂക്ഷമായതോടെയാണ് സൗദി അറേബ്യയിൽ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ആരംഭിച്ചത്. ജീവനക്കാരെയെല്ലാം സ്ഥാപനങ്ങളിൽനിന്ന് പിരിച്ചുവിടുകയാണ്. ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ജോലി നഷ്ടമായവരെയെല്ലാം സ്വന്തം ചെലവിൽ നാട്ടിലെത്തിക്കുമെന്ന് കമ്പനികൾ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഡോ.ഔസാഫ് സയീദാണ് ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചത്. ജോലി നഷ്ടമായതോടെ നാട്ടിലേക്ക് തിരികെ വരുന്നതിന് സൗദിയിലെ ഇന്ത്യൻ എംബസ്സിയിൽ നിരവധി ആളുകൾ അപേക്ഷ നൽകി കഴിഞ്ഞു. ഇതുവരെ അറുപതിനായിരം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു നിലവിലെ കണക്കുകൾ പറയുന്നു.
കേന്ദ്രസർക്കാർ പ്രവാസികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള വിമാനങ്ങൾക്ക് അനുമതി നൽകുകയാണെങ്കിൽ, സ്വന്തം ചെലവിൽ തന്നെ അവരെ നാട്ടിൽ എത്തിക്കാം എന്നാണ് സ്ഥാപനങ്ങൾ പറഞ്ഞിരിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ. അനുമതി ലഭിച്ചു കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കകം തന്നെ ഇവരെ നാട്ടിലെ എത്തിക്കാം എന്നാണ് പ്രതീക്ഷ. നിലവിലെ സാഹചര്യമനുസരിച്ച് ജിദ്ദ, റിയാദ്,ദമാം എന്നീ നഗരങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് വിമാനസർവീസുകൾ നടത്തുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നാൽ മറ്റു വിമാനത്താവളങ്ങളും തുറക്കുന്നതോടെ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും അംബാസിഡർ അറിയിച്ചിട്ടുണ്ട്.