മുതിർന്ന സംവിധായകനും നിർമ്മാതാവും ഹിന്ദി ചലച്ചിത്ര നടനുമായ ഋഷി കപൂർ അന്തരിച്ചു. അദ്ദേഹത്തിന് 67 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് രണ്ടു വർഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. മുംബൈയിലെ ശ്രീ എച്ച് എൻ റിലൈൻസ് ഇന്ത്യൻ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് വിദഗ്ധ ചികിത്സ അദ്ദേഹം യുഎസിൽ തുടർന്നുവരുകയായിരുന്നു. എങ്കിലും ആറു മാസങ്ങൾക്കുമുമ്പാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ചും ട്വിറ്ററിൽ നിറഞ്ഞ സാന്നിധ്യമായിരുന്നുവെങ്കിലും ഏപ്രിൽ ആദ്യവാരം മുതൽ അദ്ദേഹത്തിൻറെ പോസ്റ്റുകൾ വന്നിരുന്നില്ല.
അദ്ദേഹം തൻ്റെ സിനിമാജീവിതം ആരംഭിച്ചത് സ്വന്തം പിതാവിൻ്റെ സിനിമയായിരുന്ന ‘മേരാ നാം ജോക്കർ’ ലൂടെയാണ്. ബാലതാരത്തിനുള്ള ദേശീയ പുരസ്കാരത്തോടെ ഈ സിനിമയിലൂടെ തന്നെയായിരുന്നു അദ്ദേഹത്തിൻറെ അരങ്ങേറ്റം. 1973 മുതൽ 2000 വരെ ഏകദേശം 92 സിനിമകളിൽ റൊമാൻ്റിക് റോളുകളുമായി അദ്ദേഹം ഹിന്ദി ചലച്ചിത്ര ലോകത്ത് തിളങ്ങി.
അദ്ദേഹം അഭിനയിച്ച ഹിറ്റ് സിനിമകളിൽ അമർ അക്ബർ ആൻ്റണി ,ലൈലാ മജ്നു,റാഫൂ ചക്കാർ,സർഗ്ഗം ,ബോൽ രാധ ബോൽഎന്നിവയും ഉൾപ്പെടുന്നു.മുൻകാല ഹിന്ദി ചലച്ചിത്ര നടി ആയിരുന്ന നീതു സിങ് ആണ് അദ്ദേഹത്തിൻറെ പത്നി .റിഥിമ കപൂർ, യുവ നിര നായകൻമാരിൽ ഒരാളായ ഹിന്ദി ചലച്ചിത്ര നടൻ രൺബീർ കപൂർ എന്നിവരാണ് മക്കൾ.