കൊറോണ രോഗ വ്യാപനം തടയുന്നതിനു മുന്നോടിയായി കേന്ദ്രസർക്കാരും-കേരള സർക്കാരും ഒന്നിച്ചു പ്രവാസികൾക്ക് വേണ്ടി നിർദേശിച്ചിരിക്കുന്ന നടപടികൾ വിമാനത്താവളങ്ങളിൽ എത്തുന്നത് മുതൽ ആരംഭിക്കുന്നതരായിരിക്കും. നിരീക്ഷണ കേന്ദ്രങ്ങളും വലിയ രീതിയിലുള്ള സജ്ജീകരണങ്ങളുമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. തിരികെ നാട്ടിലെത്തുന്ന പ്രവാസികളുടെ കൈകൾ അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ വിമാനത്തിൽ നിന്നും പുറത്തിറക്കുകയുള്ളൂ. ഇതേതുടർന്ന് ടെർമിനലിലേക്ക് എത്തിച്ചേരുന്നത് എയ്റോ ബ്രിഡ്ജിലൂടെയായിരിക്കും. ഒരാൾ കടന്നു കഴിഞ്ഞ് കൃത്യമായ ഇടവേളയിൽ സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടായിരിക്കും അടുത്തയാൾ ടെർമിനലിലേക്ക് എത്തിച്ചേരുന്നത്.
ടെർമിനലുകളിൽ തയ്യാറാക്കിയിരിക്കുന്ന വിവിധ ഹെൽത്ത് കൗണ്ടറിലേക്കായിരിക്കും ഇവർ എത്തിചേരുന്നത്. അവിടെവച്ച് തെർമൽ സ്കാനർ ഉപയോഗിച്ച് ഇവരുടെ താപനില പരിശോധിച്ചതിനുശേഷം താപനിലയിൽ വളരെ വർദ്ധനവ് കാണിക്കുന്നവരേയും അസ്വഭാവികമായ രീതിയിൽ കൊറോണ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതായിരിക്കും. ഇതോടൊപ്പം രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതാണ്.
നാളെ കേരളത്തിലെത്തുന്ന ആദ്യ വിമാനത്തിലെ യാത്രക്കാർക്ക് ഇതിനായി ഒരുക്കിയിരിക്കുന്നത് കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റലാണ്. ഇതേതുടർന്ന് എറണാകുളം ജില്ലയിലെ രോഗലക്ഷണങ്ങൾ കാണിക്കാത്ത വ്യക്തികളെ മാത്രമായിരിക്കും കോളേജ് ഹോസ്റ്റലിൽ താമസിപ്പിക്കുക.എന്നാൽ രോഗലക്ഷണമുള്ളവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും മറ്റു ജില്ലകളിൽ ഉൾപ്പെടുന്നവരെ അതാതു ജില്ലകളിലേക്കും നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റുന്നതായിരിക്കും. ഇതിനു വേണ്ടി വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകളും നെടുമ്പാശ്ശേരിയിൽ തന്നെ സജ്ജമാക്കിയിട്ടുണ്ട്.