മെയ്, ജൂൺ മാസങ്ങളിൽ നിപ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കണം.നിപ വൈറസ് രോഗബാധയുമായി ബന്ധപെട്ട് അന്താരാഷ്ട്ര ജേർണൽ ആയ വൈറസസ്സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് മെയ്, ജൂൺ മാസങ്ങളിൽ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നു മുന്നറിയിപ്പ് നൽകുന്നത്.നിപ വൈറസ് വാഹകരായ വവ്വാലിൻ്റെ പ്രജനന കാലമായതിനാൽ മെയ്, ജൂൺ മാസങ്ങളിൽ കേരളത്തിൽ ജാഗ്രതവേണമെന്ന് പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
2018 മെയ് രണ്ടിന് കോഴിക്കോടാണ് ആദ്യമായി നിപ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.2019 ലും സമാനമായ രീതിയിൽ കേരളത്തിൽ പറവൂരിൽ നിപ റിപ്പോർട്ട് ചെയ്തു.പ്രജനന കാലത്ത് വവ്വാലുകളുടെ പ്രതിരോധ ശേഷി കുറയുമെന്നതിനാൽ സ്രവങ്ങളിൽ വൈറസ് സാന്നിധ്യം കൂടുതൽ ആയിരിക്കുമെന്നത് രോഗവ്യാപന തോത് വർധിപ്പിക്കും. അതിനാൽ നിപ വൈറസ് രോഗബാധതടയുന്നതിന് ഈ മാസങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2019 ൽ പറവൂരിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അതിവേഗം സമ്പർക്ക പട്ടിക തയ്യാറാക്കിയത് ഉൾപ്പെടെ കേരളം സ്വീകരിച്ച പ്രതിരോധ നടപടികൾ മികച്ചതായിരുന്നു വെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.കുസാറ്റ് ബയോടെക്നോളജി വകുപ്പിലെ വൈറോളജി ലാബിലെ ഡോക്ടർ മോഹനൻ,ഗായത്രി കൃഷ്ണ,വിനോദ് സോമൻ പിള്ള എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.