ലോക്ഡൗൺ കാലത്ത് എല്ലാവരും വീടുകളിലിരിക്കുന്നതിനാൽ ഒത്തിരി ഒഴിവ് സമയങ്ങൾ ലഭിക്കുന്നുണ്ടാകും. ഇത് പ്രയോജനപ്പെടുത്താൻ ധാരാളം പാചക പരീക്ഷണങ്ങളും നമ്മൾ നടത്തുന്നവരായിരിക്കും. ഏറ്റവും എളുപ്പത്തിൽ നമുക്ക് എങ്ങനെ നൈസ് പത്തിരി ഉണ്ടാക്കാം എന്ന് നോക്കാം.
ചോറ് – 1/2 കപ്പ്
വെള്ളം- 3 ടേബിൾ
സ്പൂൺ
അരിപ്പൊടി- 3/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം- നൈസ് പത്തിരി തയ്യാറാക്കുന്നതിന് ആദ്യം ഒരു മിക്സിയുടെ ജാറിൽ 1\2 കപ്പ് ചോറും 3 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം മാറ്റിവെച്ചിരിക്കുന്ന അരി പൊടിയിൽ നിന്ന് അരക്കപ്പ് എടുത്തതിനുശേഷം ഓരോരോ സ്പൂൺ വീതം അരിപ്പൊടി മിക്സിയിൽ ഇട്ടു അരച്ച് വെച്ചിരിക്കുന്ന മിശ്രിതത്തിൽ ചേർക്കുക. എന്നിട്ട് ഈ മാവ് വീണ്ടും നന്നായി അരച്ചെടുക്കണം. ഇപ്പോൾ മാവ് നല്ല മൃദുവായിട്ടുണ്ടാകും. എന്നിട്ടും കൈകളിൽ മാവ് ഒട്ടിപിടിക്കുന്നുണ്ടെങ്കിൽ കാൽ കപ്പ് അരിപ്പൊടി കൂടി ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക ഒപ്പം ഒരു നുള്ള് ഉപ്പു കൂടി ചേർക്കാവുന്നതാണ്. കുറച്ചു സമയത്തിനുശേഷം ഈ മാവ് നല്ല പാകമായിട്ടുണ്ടായിരിക്കും.
അതുകഴിഞ്ഞ് കൈയ്യിൽ വെളിച്ചെണ്ണയോ ഓയിലോ തേച്ചു പിടിപ്പിച്ച് ഈ മാവ് ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ്.പത്തിരി പ്രസ്സ് ഉപയോഗിച്ചോ അല്ലെങ്കിൽ സാധാരണ രീതിയിൽ പരത്തിയും എടുക്കാം. അതിനുശേഷം പത്തിരിയുടെ ഇരുവശങ്ങളിലും കുറച്ച് അരിപ്പൊടി തൂവി കൊടുക്കാവുന്നതാണ്. എന്നിട്ട് പാനിലേക്ക് ഇട്ടു ചുട്ടെടുക്കാം. ഒരു സൈഡിൽ ആവി വന്നതിനുശേഷം പത്തിരി മറിച്ചിട്ട് ,രണ്ടുവശവും ഇതുപോലെ ആവിവന്നു കഴിയുമ്പോൾ പാനിൽ നിന്നു മാറ്റവുന്നതാണ്. എളുപ്പത്തിൽ നൈസ്പത്തിരി നമുക്ക് ഇങ്ങനെ ഉണ്ടാക്കിയെടുക്കാം.