സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗിയുടെ എണ്ണം പൂജ്യത്തിൽനിന്ന് ഒന്നിലേക്കുയർന്നു. തമിഴ്നാട്ടിലെ ചെന്നൈയിൽനിന്നും എത്തിയവരിൽ ഒരാൾക്കാണ് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് . കോവിഡ് പരിശോധനയിൽ ഒരാൾക്ക് ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ ,10 പേർക്കാണ് ഇന്ന് കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത് .സ്ഥിതികരിച്ചിട്ടുള്ള പോസ്റ്റീവ് കേസ് വ്യക്തി എറണാകുളത്തു നിന്നുമുള്ള ആളാണ് .വൃക്കരോഗി കൂടിയായ അദ്ദേഹം ചെന്നൈയിൽ നിന്നും ആണ് കേരളത്തിൽ എത്തിയത്.
കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കണ്ണൂർ ജില്ലയിലെ പത്ത് കോവിഡ് പരിശോധനകളുടെ റിസൾട്ടാണ് ഇന്ന് നെഗറ്റീവായി ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇനി രോഗം മൂലം ആശുപത്രിയിൽ ചികിത്സയിലുള്ളത് 16 പേരാണ് .ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 503 വ്യക്തികൾക്കാണ്. നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത് 20,157 ആളുകളാണ് .അതിൽ തന്നെ 19,810 ആളുകൾ വീടുകളിലും, 347 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ ഉള്ളത് .127 പേരെ ഇന്ന് ആശുപത്രിയിൽ രോഗലക്ഷണങ്ങളും ആയി പ്രവേശിപ്പിച്ചിട്ടുണ്ട് .
ചികിത്സയിൽ ഉള്ളവർ ജില്ലാടിസ്ഥാനത്തിൽ ഇപ്രകാരമാണ്.
കണ്ണൂർ -5
വയനാട്-4
കൊല്ലം-3
ഇടുക്കി -1
എറണാകുളം-1
പാലക്കാട് -1
കാസർഗോഡ്-1
ഇന്ത്യയിൽ ആദ്യത്തെ കോവിഡ് -19 സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് നൂറാം ദിവസം തികയുകയാണ് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി 30ന് വിദേശത്തുനിന്ന് കേരളത്തിൽ വന്ന വിദ്യാർത്ഥിക്കാണ് ആദ്യമായി കോവിഡ്- 19 സ്ഥിരീകരിച്ചത്. ആരംഭഘട്ടത്തിൽ തന്നെ കൂടുതൽ ആളുകൾക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള സാഹചര്യമൊരുക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു .മാർച്ച് ആദ്യവാരമാണ് കോവിഡ-് 19 രണ്ടാം വ്യാപനം കേരളത്തിൽ ആരംഭിച്ചത്. രണ്ടു മാസങ്ങൾക്കിപ്പുറം രോഗവ്യാപനത്തിൻ്റെ തോത് നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് നമുക്ക് അഭിമാനിക്കാം .
പ്രവാസി സഹോദരങ്ങളെ വരവേൽക്കാനുള്ള സൗകര്യങ്ങൾ സംസ്ഥാനം സജ്ജമാക്കിയിട്ടുണ്ട് .അതിനാൽ തന്നെ കോവിഡ്-19 മൂന്നാം വ്യാപനത്തിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാ ജനങ്ങളും കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .സംസ്ഥാനം കോവിഡ്- 19 രോഗവ്യാപനം തടയാൻ സജ്ജമാണ്. പൊതുജനങ്ങളിൽനിന്നും ഇതുവരെ തുടർന്നുകൊണ്ടിരുന്ന സഹകരണം ഏറ്റവും ആവശ്യമായ ഘട്ടത്തിലും തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.