കോവിഡ് -19 ലോക്ഡൗണിൽ തമിഴ്നാട്ടിൽ കുടുങ്ങിയ മലയാളികൾക്ക് സംസ്ഥാനത്ത് തിരിച്ചെത്താനുള്ള നടപടികൾക്ക് വീണ്ടും തടസ്സമായി തമിഴ്നാട് ഇ-പാസ്. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് നാട്ടിൽ തിരിച്ചെത്താൻ നോർക്ക വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം കേരളം സജ്ജമാക്കിയിരുന്നു. അതുവഴി അനേകം മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തമിഴ്നാട്ടിൽ കുടുങ്ങിപ്പോയവർക്കാണ് ഇപ്പോൾ വെബ്സൈറ്റിനെ സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടായിരിക്കുന്നത്.
തമിഴ്നാട്ടിൽനിന്ന് കേരളത്തിൽ എത്തുന്നവർക്ക് കേരളത്തിലെ ഡിജിറ്റൽ പാസ് കൂടാതെ തമിഴ്നാട്ടിലെ ഇ-പാസ് കൂടി എടുക്കണം എന്ന് നിർദ്ദേശം ലഭിച്ചിരിന്നു. എന്നാൽ തമിഴ്നാട്ടിലെ വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയതിനുശേഷം ഒടിപി പിന്നുകൾ വ്യക്തികൾക്ക് കൃത്യമായി ലഭിക്കാത്തതും , വെബ്സൈറ്റിൽ അപ്ലിക്കേഷൻ സ്റ്റാറ്റസ് അപ്ഡേഷൻ വരാത്തതും ഇപ്പോൾ മലയാളികളിൽ ആശങ്ക ജനിപ്പിച്ചിരിക്കുകയാണ് .കേരളത്തിൽ എത്തിച്ചേരാൻ തമിഴ്നാട്ടിൽനിന്നും നിരവധി വഴികൾ നിലവിൽ ഉണ്ടായിരിക്കെ ,കൃത്യമായ ഇ-പാസ് ലഭിക്കാതെ യാത്ര തുടർന്നാൽ വഴിയിൽവെച്ച് കുടുങ്ങി പോകുമോ എന്ന ആശങ്കയും മലയാളികളെ അലട്ടുന്നു.
ചെന്നൈയിൽ ചെറുകിട കച്ചവടക്കാർക്കും സാധാരണ ജനങ്ങളിലും വളരെ വേഗത്തിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ , തമിഴ്നാട്ടിൽനിന്നും കേരളത്തിൽ എത്താമെന്ന മലയാളികളുടെ ആവശ്യം ദുഷ്കരം ആകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. എന്നാൽ നോർക്ക റൂട്ട്സ് വഴി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന ഡിജിറ്റൽ പാസും, ആരോഗ്യ ജാഗ്രത ലിങ്കിലൂടെ ലഭിക്കുന്ന പെർമിറ്റ് നമ്പറും കൈവശമുണ്ടെങ്കിൽ കേരളത്തിലേക്ക് മലയാളികളെ പ്രവേശിപ്പിക്കുമെന്ന് സർക്കാർ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.