നമ്മെ ഏറ്റവും കൂടുതൽ അസ്വസ്ഥരാക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന രോഗങ്ങളിലൊന്നാണ് മൂത്രാശയക്കല്ലുകൾ . വയറിൻ്റെ വശങ്ങളിലേക്ക് വേദന വ്യാപിച്ചാൽ ഈ രോഗം സംശയിക്കാം. മൂത്രത്തിൽനിന്ന് വേർതിരിക്കുന്ന ക്രിസ്റ്റലുകൾ ചേർന്നാണ് കല്ലുകൾ രൂപപ്പെടുന്നത്. കാത്സ്യം, യൂറിക് ആസിഡ് ,ഓക്സലേറ്റ് സാൻറീൻ,സിസ്റ്റീൻ തുടങ്ങിയ പദാർത്ഥങ്ങൾ ചേർന്നു കല്ലുകൾ ഉണ്ടാകാം .ഇവ അടിയാൻ തുടങ്ങിയാലും അഞ്ചു പത്തു വർഷംകൊണ്ടേ കല്ല് വലുതാവുകയുള്ളൂ.
മൂത്രതടസ്സമുണ്ടാക്കുന്ന കല്ലുകൾ അസഹനീയമായ വേദന ഉണ്ടാക്കുന്നു .വൃക്കയിലെ കല്ലുകൾ വയറിൻ്റെ മുകൾഭാഗത്ത്, മുമ്പിലും പുറകിലുമായി വേദന ഉണ്ടാക്കുന്നു. കല്ലുകൾ ഇറങ്ങുമ്പോൾ വേദന വയറിൻ്റെ വശങ്ങളിലായി താഴേക്ക് വ്യാപിക്കുന്നു. ഇത്തരം വേദന കൂടുതലായി കണ്ടുവരുന്നത് രാത്രിയിലും അതിരാവിലെയും രോഗി വിശ്രമിക്കുമുമ്പോഴായിരിക്കും.
മൂത്രത്തിൽ കൂടിയുള്ള രക്തപ്രവാഹം, മൂത്രക്കല്ലിനോടൊപ്പം രോഗാണുബാധ ഇവയുണ്ടെങ്കിൽ പനി, വിറയൽ എന്നിവയും സംഭവിക്കാം. അണുബാധ രക്തത്തിലേക്കു വ്യാപിച്ചു സെപ്റ്റിസീമിയ എന്ന അവസ്ഥ ഉണ്ടാകുകയാണെങ്കിൽ ശരീരത്തിലെ മറ്റു വ്യവസ്ഥകൾക്കു തകരാറുമുണ്ടാകാം.
മൂത്രക്കല്ല് ഏറ്റവും കൂടുതലായി കണ്ടുവരുന്നത് 20 നും 40 നും ഇടയ്ക്ക് ഉള്ളവരിലാണ്. പുരുഷന്മാരിൽ മൂത്രക്കല്ല് കൂടുതലായി കാണുന്നു .കുടിക്കുന്ന വെള്ളത്തിൻ്റെ അളവ് കുറയുക, മാംസാഹാരം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക, ശാരീരികാധ്വാനമില്ലാത്ത ജോലി ചെയ്യുക എന്നിവയിലൂടെ വൃക്കയിൽ കല്ലുകൾ കൂടുതലായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാരണം മൂത്രരോഗാണുബാധയാണ്. മൂത്രത്തിൻ്റെയും രക്തത്തിൻ്റെയും പരിശോധനകൾ രോഗനിർണയത്തെ സഹായിക്കും.
വയറുവേദന മൂത്രക്കല്ലിൻ്റെ പ്രശ്നമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അപ്പെൻഡിസൈറ്റിസ് ,കുടലിൻ്റെ മറ്റു അണുബാധകൾ ,നാഡീപ്രശ്നങ്ങൾ, ആമാശയത്തിലെ പേശികളുടെ വേദന തുടങ്ങിയവയാലും വയറുവേദന വരാം. ഈ അസുഖങ്ങളിൽ നിന്നും മൂത്രക്കല്ല് രോഗം തിരിച്ചറിഞ്ഞു കൃത്യമായ രോഗനിർണയം നടത്തേണ്ടത് വളരെ പ്രധാനമാണ്.
ജീവിതശൈലി ക്രമീകരിക്കുന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിച്ചാൽ ഒരു സെൻ്റീമീറ്ററിൽ താഴെ വലിപ്പമുള്ള കല്ലുകൾ മൂത്രത്തിലൂടെ പുറത്തു പോകും .മാംസാഹാരം പൂർണമായി ഒഴിവാക്കുക, പഴങ്ങൾ ധാരാളം കഴിക്കുക, മൂത്രക്കല്ലുകളുടെ ഘടന അനുസരിച്ചുള്ള മരുന്നുചികിത്സ മുതലായവയിലൂടെ മൂത്രക്കല്ല് എന്ന പ്രശ്നത്തെ വളരെ ലളിതമായി പ്രതിരോധിക്കാം.