Advertisement

നിങ്ങളുടെ ഫോണിലേക്ക് റോങ് നമ്പറിൽ നിന്നും കോളുകൾ കൂടുന്നുണ്ടോ ?

Advertisement

ഈയിടെയായി നിങ്ങൾക്ക് വരുന്ന റോംഗ് നമ്പർ വിളികളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ വിളികൾ നിങ്ങളുടെ തന്നെ കോണ്ടാക്റ്റിൽ ഉള്ള മറ്റുള്ള സുഹൃത്തുക്കളിലേക്ക് പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുക. അത് നിങ്ങളുടെയോ സർവീസ് പ്രൊവൈഡറുടേയോ കുഴപ്പമല്ല. വില്ലൻ നിങ്ങളുടെ ഫോൺ ആണ്. നിങ്ങളുടെ ഫോണിലെ കോണ്ടാക്റ്റ് മാനേജർ സിസ്റ്റം ആപ്പ് നിങ്ങൾ ചോദിക്കാതെ തന്നെ നിങ്ങൾക്കായി ചെയ്ത് തരുന്ന ചില ഉപകാരങ്ങളാണിവിടെ ഉപദ്രവമായി മാറുന്നത്. വല്ല്യ ബുദ്ധിയുള്ള കോണ്ടാക്റ്റ് മാനേജർ ചില കോണ്ടാക്റ്റ്സിനെ ഒക്കെ ഡൂപ്ലിക്കേറ്റ് ആണെന്ന് സ്വയമങ്ങ് തീരുമാനമെടുത്ത് മെർജ് ചെയ്യും? പഴയ ഫോണുകളിൽ ശ്രദ്ധിച്ചിട്ടുണ്ടോ ഒരേ പേരിൽ രണ്ട് കോണ്ടാക്റ്റുകൾ സൂക്ഷിക്കാൻ സമ്മതിച്ചിരുന്നില്ല. ഇപ്പോൾ ആ പ്രശ്നമൊന്നുമില്ല.

പണ്ട് വൈഫ് 1, വൈഫ് 2 എന്നൊക്കെ സേവ് ചെയ്തതുകൊണ്ട് ഉണ്ടായ കുടുംബ കലഹങ്ങളെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ. ഇപ്പോൾ ആ വക പ്രശ്നങ്ങളൊന്നുമില്ല. ഒരേ പേരിൽ എത്ര കോണ്ടാക്റ്റ് വേണമെങ്കിൽ സേവ് ചെയ്യാം. ചില സമയങ്ങളിൽ ഫോണിലെ കോണ്ടാക്റ്റ് മാനേജർ സ്വന്തമായി ചില തീരുമാനങ്ങളെടുക്കും. ഇതൊക്കെ ഒരേ പേരാണല്ലോ ഈ മണ്ടനെന്തിനാ ഇങ്ങനെ വേറേ വേറേ സ്റ്റോർ ചെയ്ത് മെമ്മറി പാഴാക്കുന്നത്? ഇതിനെ എല്ലാം കൂടി അങ്ങ് മെർജ് ചെയ്ത് സഹായിച്ചേക്കാം എന്ന്. ഒരേ പേരുള്ളവയാണെങ്കിൽ പ്രശ്നം അത്ര രൂഷമാകുമായിരുന്നില്ല. ബുദ്ധി അല്പം കൂടി കൂടീയ കോണ്ടാക്റ്റ് മാനേജർ ആയതിനാൽ ഒരു പടി കൂടീ കടന്ന് മറ്റെന്തൊക്കെയോ കുണ്ടാമണ്ടികൾ കൂടി രണ്ട് കോണ്ടാക്റ്റുകൾ ഡൂപ്ലിക്കേറ്റ് ആണോ എന്ന തീരുമാനമെടുക്കാനായി ഉപയോഗിക്കുന്നുണ്ട്. അത് മിക്കവാറും അബദ്ധത്തിൽ കലാശിക്കാറുമുണ്ട്. മിക്കവാറും എല്ലാ കമ്പനികളുടെ ഫോണിലും ഈ പ്രശ്നം ഉള്ളതിനാൽ ആൻഡ്രോയ്ഡിന്റെ ഒരു ബഗ് ആണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഗൂഗിളിനത് സമ്മതിക്കാൻ ഒരു മടി പോലെ. കാരണം കോണ്ടാക്റ്റ് മാനേജർ കസ്റ്റമൈസേഷൻ ഓരോ കമ്പനിയും ഓരോ തരത്തിലാണു ചെയ്യുന്നതെന്നും അത് അവരുടെ പ്രശ്നമാണെന്നുമൊക്കെ പറയുന്നു. സംഗതി എന്തായാലും പ്രശ്നമുണ്ട്. ഇതിനെന്താണൊരു പ്രതിവിധി.

ഫേസ് ബുക്ക്, വാട്സപ്പ്, ടെലിഗ്രാം, ഗൂഗിൾഎന്നു വേണ്ട കോണ്ടാക്റ്റ്സ് ഉള്ള ധാരാളം ആപ്പുകൾ ഒരേ ഫോണിൽ ഉപയോഗിക്കുമ്പോൾ ഇവ എല്ലാം കൂടി സിങ്ക് ചെയ്യപ്പെടുമ്പോൾ കോണ്ടാക്റ്റ്സ് മാനേജർ ആശയക്കുഴപ്പത്തിലാകുന്നതാണിതിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതിനാൽ ഈ പ്രശ്നമുള്ളവർ ആദ്യം സെറ്റിംഗ്സിൽ പോയി അപ്ലിക്കേഷൻ സെറ്റിംഗ്സിൽ കോണ്ടാക്റ്റ്സ് അപ്ലിക്കേഷൻ സെലക്റ്റ് ചെയ്ത് അതിന്റെ കാഷേ ക്ലിയർ ചെയ്യുക. Delete Cache എന്ന ഒപ്ഷൻ കാണാം. അതോടെ നിങ്ങളുടെ കോണ്ടാക്റ്റ്സിൽ നിന്നും എല്ലാ കോണ്ടാക്റ്റുകളും അപ്രത്യക്ഷമായിരിക്കുന്നതായി കാണാം. തുടർന്ന് ഫോൺ റീസ്റ്റാർട്ട് ചെയ്ത് കോണ്ടാക്റ്റുകൾ എല്ലാം റീസിങ്ക് ചെയ്താൽ മതി. ഗൂഗിൾ ക്കോണ്ടാക്റ്റ്സ് സ്വയമേവ ഡൂപ്ലിക്കേറ്റ് കൊണ്ടാക്റ്റുകളെ മെർജ് ചെയ്യാറില്ല. നിങ്ങളുടെ സിങ്ക് ചെയ്യപ്പെട്ട കോണ്ടാക്റ്റുകൾ കോണ്ടാക്റ്റ്സ്. ഗൂഗിൾ. കോം എന്ന ലിങ്കിൽ പോയാൽ കിട്ടും.

എന്തായാലും ഈ പ്രശ്നം ഇല്ലാത്തവരും കോണ്ടാക്റ്റ്സ് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കാരണം ഒരിക്കലും മെർജ് ചെയ്യപ്പെടാൻ പാടില്ലാത്ത ഇരു ധ്രുവങ്ങളിൽ രഹസ്യമായി സൂക്ഷിക്കുന്ന കോണ്ടാക്റ്റുകൾ എങ്ങാനും അബദ്ധവശാൽ മെർജ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതോടെ തീർന്നില്ലേ കാര്യങ്ങൾ?

ലേഖനം തയാറാക്കിയത് :സുജിത് കുമാർ 

Advertisement
Advertisement