കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ആവേശത്തോടെ നടപ്പിലാക്കുകയാണ് വിവിധ ലോകരാജ്യങ്ങൾ .കഴിഞ്ഞ ദിവസങ്ങളിലായി നാം കാണുന്നത് പ്രവാസികളെ മുഴുവൻ ഭീതിയിലാഴ്ത്തികൊണ്ട് ദുബായിലും കൊറോണ രോഗവ്യാപനം തുടരുന്നതാണ് .യുഎഇ യിലെ യുവ ഇന്ത്യൻ ഡോക്ടറുടെ വേറിട്ട ഒരനുഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുകയാണ്.
കോവിഡ് -19 ആതുര സേവനത്തിന് ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ ഹൈദരാബാദി സ്വദേശിയായ അയേഷ സുൽത്താന എന്ന യുവ ഇന്ത്യൻ ഡോക്ടർക്കാണ് ദുബായ് പോലീസിൻ്റെ അഭിനന്ദനം ലഭിച്ചത് .ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന ഡോക്ടറുടെ വാഹനം ഗൾഫ് പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും, തുടർന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടതും. അയേഷ സുൽത്താന ഡോക്ടറാണെന്ന് പറയുകയും ,തുടർന്ന് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായി പോലീസുകാരനെ സമീപിക്കുകയും ചെയ്തപ്പോഴാണ്, രേഖകൾ പരിശോധിക്കുന്നതിന് പകരം ദുബായ് പോലീസ് ഡോക്ടർക്ക് ബഹുമാനാർത്ഥം സല്യൂട്ട് നൽകിയത്.
യഥാർത്ഥത്തിൽ താൻ ആദ്യം ഞെട്ടിപ്പോയെന്നും പിന്നീട് സന്തോഷം അടക്കാനായില്ലെന്നും യുവ ഡോക്ടർ പറഞ്ഞു. യുഎഇ യിൽ രാത്രി 10 മണി മുതൽ പുലർച്ചെ 6 മണി വരെ കോവിഡ് അണുനശീകരണം നടക്കുന്നതിനാൽ ആർക്കും പൊതുനിരത്തുകളിൽ ഇറങ്ങാൻ അനുവാദമില്ല. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് ഇളവുകളുണ്ട് .
“യുഎഇ യിൽ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഇതെൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ദുബായിക്ക് നന്ദി .ദുബായിൽ സേവനം അനുഷ്ഠിക്കാൻ സാധിക്കുന്നത് അനുഗ്രഹമായി ഞാൻ കരുതുന്നു .”ഡോക്ടർ അയേഷ സുൽത്താന ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്.
യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് വലിയ ആദരവാണ് നൽകുന്നത് .യുഎഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും ,ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആരോഗ്യ പ്രവർത്തകർക്ക് നന്ദി പ്രകാശിപ്പിക്കാൻ ഓൺലൈൻ ക്യാമ്പയിനും തുടങ്ങിയിരുന്നു. കൂടാതെ യുഎഇ യിൽ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ പത്നി ഷെയ്ഖ ഫാത്തിമ ബിൻ്റ്ത് മുബാറക് അടുത്തിടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കെല്ലാം വ്യക്തിപരമായ സന്ദേശത്തിലൂടെ നന്ദി അറിയിച്ചിരുന്നു.കഴിഞ്ഞാഴ്ച്ച യുഎഇ യിൽ ആളുകൾ ബാൽക്കണിയിൽനിന്ന് കൈയ്യടിച്ചും ദേശീയഗാനം ആലപിച്ചും നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.