Advertisement
വിദേശം

പ്രവാസികളുടെ നോർക്ക രജിസ്ട്രേഷൻ പ്രതീക്ഷിച്ചതിലും നല്ല പ്രതികരണവും വൻ ജനത്തിരക്കും

Advertisement

നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം 2,60,000 ആയി .181 രാജ്യങ്ങളിൽനിന്നായി മലയാളികൾ രജിസ്റ്റർ ചെയ്തു .മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റ് നാളെ മുതൽ തുറക്കും.

നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ്റെ വാക്കുകൾ ഇപ്രകാരമാണ് ” ഏപ്രിൽ 26 ഉച്ചതിരിഞ്ഞ് ആറരയ്ക്ക് ശേഷമാണ് നോർക്ക രജിസ്ട്രേഷൻ പ്രവാസികൾക്കായി ഓൺലൈനിൽ ആരംഭിച്ചത്. രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളിൽ 108000 ആളുകൾ യുഎഇയിൽ നിന്നും ,മുപ്പത്തി അയ്യായിരത്തോളം ആളുകൾ സൗദി അറേബ്യയിൽ നിന്നുമാണ്. 181 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇപ്പോൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇപ്പോഴും നോർക്ക രജിസ്ട്രേഷൻ തുടരുകയാണ്.

ഞങ്ങൾക്ക് നേരത്തെ തന്നെ മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള ആളുകൾ വന്നേക്കാം എന്ന നിഗമനം ഉണ്ടായിരുന്നു. അതിനാൽതന്നെ മൂന്നര ലക്ഷത്തോളം ആളുകൾ രജിസ്റ്റർ ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് സജ്ജമാക്കിയിരിക്കുന്നത്. തീർച്ചയായും ഈ രജിസ്ട്രേഷൻ നടത്തുന്നത് കേരളത്തിലെത്തുന്ന പ്രവാസികളെ എത്രയാളുകളുണ്ടാകും ,അവർ ഏതെല്ലാം വിമാനത്താവളത്തിലാണ് വന്നിറങ്ങുന്നത് ,അവർക്ക് എന്തെല്ലാം സൗകര്യങ്ങൾ സംസ്ഥാനം ചെയ്തു കൊടുക്കേണ്ടതുണ്ട് ,അതിനുള്ള സംവിധാനം എങ്ങനെയാണ്, എന്നിവ ഏറ്റവും എളുപ്പമാക്കുന്നതിനാണ്. കേന്ദ്ര ഗവൺമെൻ്റ് എന്നുമുതലാണ് ഈ ആളുകളെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത് , അതിലേക്കായി സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ ഒരു പ്രയോരിറ്റി ലിസ്റ്റ് മുൻപേ തന്നെ തയ്യാറാക്കി നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ഗർഭിണികൾ, രോഗികൾ മുതലായ കാറ്റഗറിയിലുള്ള ആളുകളെ പ്രത്യേക വിമാനസർവീസ് നൽകി സംസ്ഥാനത്ത് എത്തിക്കണം എന്നുള്ള ആശയവും നമ്മൾ മുന്നോട്ടു വച്ചിട്ടുണ്ട് .ഇതിന് കേന്ദ്രം തയ്യാറായാൽ മാത്രമേ ഇതുകൊണ്ട് ജനങ്ങൾക്ക് പ്രയോജനം ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ ഈ കോവിഡ് കാലം കൂടുതൽ പ്രതിസന്ധിയിലേക്ക് മാറും എന്നതാണ് നമ്മൾ കേന്ദ്ര ഗവൺമെൻ്റിനോട് ആവർത്തിച്ച് ഊന്നി പറയുന്നത് “.

“മറ്റു സംസ്ഥാനങ്ങളിൽ നിലവിൽ താമസിക്കുന്നവർക്ക് കേരളത്തിൽ വരുന്നതിന് ബുധനാഴ്ച മുതൽ പുതിയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അന്തർ സംസ്ഥാനങ്ങളുടെ കാര്യത്തിലും പ്രയോരിറ്റി ലിസ്റ്റ് പ്രകാരം തന്നെയായിരിക്കും ആളുകളെ പരിഗണിക്കുന്നതെന്ന്,ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വിദേശമലയാളികളുടെ കണക്കുകൾ നോർക്ക തയ്യാറായിക്കഴിഞ്ഞു.ഒപ്പം തന്നെ മറ്റു സംസ്ഥാനങ്ങളിൽ മലയാളികളുടെ രജിസ്ട്രേഷൻ നടക്കുമ്പോഴും കേന്ദ്രം തന്നെയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രവാസികളുടെ കാര്യത്തിൽ പ്രത്യേക വിമാന സർവീസും, മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ യാത്രക്കുവേണ്ടിയുള്ള കേന്ദ്രതീരുമാനം കാത്തിരിക്കുകയാണ് നോർക്കയും കേരള സർക്കാരും.

Advertisement
Advertisement