സംസ്ഥാനത്ത് വേനൽ മഴയോട് അനുബന്ധിച്ച് ഇടിമിന്നലോടുകൂടിയ മഴ അടുത്ത നാലു ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .ചില നേരങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് .ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യതയും കൂടുതലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്.
ഇന്ന് കോട്ടയത്തും നാളെ പത്തനംത്തിട്ടയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഏപ്രിൽ 29 ന് കോട്ടയത്തും ഏപ്രിൽ 30ന് വയനാടും യെല്ലോ അലർട്ട് ആണ്. ഏപ്രിൽ അവസാനത്തോടുകൂടി ദക്ഷിണ ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും പ്രവചനമുണ്ട്. അടുത്ത 24 മണിക്കൂറിൽ വടക്കു ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമബംഗാൾ ,ഒഡിഷ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. ഈ തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഇന്നലെ സംസ്ഥാനത്ത് ഒട്ടാകെ വേനൽമഴ ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.48 മണിക്കൂർ വരെ കർശനമായ നിയന്ത്രണം മത്സ്യത്തൊഴിലാളികൾക്കും നൽകിയിട്ടുണ്ട് .ഇടിമിന്നലോടുകൂടിയ മഴയ്ക്കുഉള്ള സാധ്യത മുൻനിർത്തി കൊണ്ടാണ് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്.