വിമാന ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും യാത്ര തീയതിയും ലോക്ക്ഡൗൺ കാലത്ത് ആണെങ്കിൽ മാത്രമേ മുഴുവൻ റീഫണ്ട് അനുവദിക്കൂ എന്ന വിചിത്ര ഉത്തരവുമായി കേന്ദ്രസർക്കാർ. മാസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികൾക്ക് ഇതോടെ വലിയൊരു തുക ക്യാൻസലേഷൻ ചാർജായി നൽകേണ്ട അവസ്ഥയാണ് ഈ ഉത്തരവിലൂടെ വന്നിരിക്കുന്നത്.
ലോക്ക്ഡൗൺ കാലത്തെ വിമാന ടിക്കറ്റ് റീഫണ്ട് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം ഇറക്കിയ ഉത്തരവ് ആണിത് :” മുഴുവൻ റീഫണ്ട് അനുവദിക്കണമെങ്കിൽ യാത്രയ്ക്കായി തിരഞ്ഞെടുത്ത തീയതി മാത്രമല്ല വിമാന ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയും ലോക്ക്ഡൗൺ കാലത്ത് ആയിരിക്കണം എന്നതാണ് ഈ വിചിത്ര ഉത്തരവിൽ പറയുന്നത്. ഈ മാസം മാർച്ച് 25 നും ഏപ്രിൽ 14 നും ഇടയ്ക്ക് ആയിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്തിരിക്കേണ്ടത്, യാത്രാ തീയതി മാർച്ച് 25 നും മെയ് 3 നും ഇടയിലും”.
മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾ ഉൾപ്പെടെ വലിയൊരു തുക ഇതോടെ ക്യാൻസലേഷൻ ചാർജായി നൽകേണ്ടി വരും. വിമാനക്കമ്പനി വിമാനം പറത്താത്തതിന് യാത്രക്കാരൻ കാശു കൊടുക്കേണ്ട അവസ്ഥ. ടിക്കറ്റ് റദ്ദാക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്ന് വെച്ചാലും വിമാനക്കമ്പനികൾക്ക് നിബന്ധനയുണ്ട്: 2021 മാർച്ച് 31നകം യാത്ര ചെയ്തിരിക്കണം. പ്രവാസികൾ കൂടുതൽ നാട്ടിലെത്തുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കോ, നാട്ടിലെ സ്കൂൾ അവധിക്കാലം ആയ ഏപ്രിൽ ,മെയ് മാസങ്ങളിലേക്ക് ടിക്കറ്റ് മാറ്റാനും ആകില്ല.