‘സ്കൂളിൽ നിന്ന് അധ്യാപകർ കൊടുത്ത് വിടുന്ന അരിയാണ് പട്ടിണി മാറ്റുന്നത്. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ നല്ല വസ്ത്രം ധരിക്കുമ്പോൾ മിഠായി കഴിക്കുമ്പോൾ നോക്കി നിൽക്കാൻ മാത്രമാണ് എന്റെ മക്കൾക്ക് വിധി..’ കണ്ണുനിറഞ്ഞ് ഈ അമ്മ പറയുന്ന വാക്കുകളിലുണ്ട് കുടുംബത്തിന്റെ അവസ്ഥ. സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇവരുടെ അവസ്ഥ മലയാളി അറിയുന്നത്.
നട്ടെല്ലിന് സംഭവിച്ച തകരാറിൽ ഇടുപ്പിന് താഴേക്ക് തളർന്നുപോയതോടെയാണ് അനീഷിന്റെ കുടുംബത്തെ വിധി വേട്ടയാടാൻ തുടങ്ങിയത്. വരുമാനം നിലച്ച് കടംപെരുകിയപ്പോഴും വിധി ക്രൂരത അവസാനിപ്പിച്ചില്ല. രണ്ട് കിഡ്നിയും ചുരുങ്ങിപ്പോവുകയും അതിന് ഡയാലിസിസുമായി മുന്നോട്ട് പോവുകയുമാണ് ഇൗ കുടുംബം. പത്തുലക്ഷത്തിന് മുകളിൽ കടം പെരുകി. സഹായിക്കാൻ ആരുംതന്നെയില്ല. സ്കൂളിലെ അധ്യാപകരും പള്ളിയിലെ ഉസ്താദിന്റെയും കാരുണ്യത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. നൻമനിറഞ്ഞവരുടെ സഹായം അഭ്യർഥിച്ച് ഫിറോസ് പങ്കുവച്ച വിഡിയോ പ്രവാസി മലയാളികളടക്കം ഏറ്റെടുത്തിരിക്കുകയാണ്.