ലോക്ഡൗൺ ഇളവുകളേ തുടർന്ന് യാത്രാ വിലക്കുകൾ നീക്കിയ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽനിന്ന് ധാരാളം പ്രവാസികളാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇവർ എല്ലാവരും നിർബന്ധമായി 28 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം എന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. വിമാനം,കപ്പൽ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ രാജ്യത്ത് എത്തുന്നവർ ആദ്യത്തെ 14 ദിവസം ഇൻസ്റ്റിറ്റിറ്റ്യൂഷണൽ ക്വാറന്റൈലും അതിനു ശേഷമുള്ള പരിശോധനയിൽ കോവിഡ് ഫലം നെഗറ്റീവ് ആണെങ്കിൽ തുടർന്നുള്ള 14 ദിവസങ്ങളിൽ ഹോം ക്വാറന്റൈനിലും കഴിയണം.മറിച്ച് കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ ഇവരെ സംസ്ഥാനങ്ങളിലെയോ അഥവാ കേന്ദ്രഭരണ പ്രദേശങ്ങളിലെയോ അധികൃതർ പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള ആശുപത്രികളിൽ എത്തിക്കണം.
എന്നാൽ കേരളം മാത്രമാണ് ഉത്തരവിനെ തള്ളി ഏഴു ദിവസം സർക്കാർ നേതൃത്വത്തിലുള്ള ക്വാറന്റൈനിലും തുടർന്നുള്ള ഏഴു ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം എന്ന് മാറ്റം വരുത്തിയിരിക്കുന്നത്. എന്നാൽ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്ന 28 ദിവസം നിർബന്ധമായും പാലിക്കണമെന്നും,കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ നൽകിയിട്ടുള്ള ഉള്ള സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
സർക്കാരിന്റെ നേതൃത്വത്തിൽ 14 ദിവസം ക്വാറന്റൈനിൽ പാർപ്പിക്കുന്നതിൽ നിരവധി സംസ്ഥാനങ്ങൾ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ സംവിധാനമാണെങ്കിലും വിദഗ്ധമായ നിരീക്ഷണവും ആരോഗ്യ പ്രവർത്തകരുടെ സഹായവും ഈ കാര്യത്തിൽ ഉണ്ടായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.