Advertisement
സോഷ്യൽ മീഡിയ

എല്ലാവർക്കും പെൻഷൻ .കേന്ദ്ര സർക്കാർ പദ്ധതിയെ പറ്റി അറിയാം

Advertisement

അടൽ പെൻഷൻ യോജന (എപിവൈ)

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 2015ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതിയാണ് എപിവൈ അഥവാ അടൽ പെൻഷൻ യോജന. കുറഞ്ഞ വരുമാനകാർക്കും പെൻഷൻ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പെൻഷൻ റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ്റ് അതോറിറ്റി ( പിഎഫ്ആർഡിഎ) കീഴിൽ വരുന്ന പെൻഷൻ പദ്ധതിയാണിത്. നിക്ഷേപത്തിനൊപ്പം പെൻഷനും വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി സ്വാവലംബൻ യോജന എൻ പി എസ് ലൈറ്റിന് പകരം സർക്കാർ ആരംഭിച്ച സാമൂഹിക സുരക്ഷ പദ്ധതിയാണ്.

യോഗ്യത

18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായപരിധിയിലുള്ള എല്ലാ ഇന്ത്യകാർക്കും ഈ പദ്ധതിയിൽ അംഗമാവാൻ സാധിക്കും. ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയിൽ ചേരാൻ സാധിക്കും.

ആർകൊക്കെ അംഗങ്ങളാകാം

ഏത് വരുമാനകാർക്കും ചേരാൻ സാധിക്കുന്ന പദ്ധതിയാണിത്. അതായത് അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന കെട്ടിടനിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, വീട്ടമ്മമാർ ഉൾപ്പെടെ എല്ലാ സ്ത്രീകൾക്കും ഈ പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്.

നിക്ഷേപം

42 രൂപ മുതൽ 210 രൂപ വരെയാണ് പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുക. മൊത്തം നിക്ഷേപത്തിൻറ്റെ 50 ശതമാനമാണ് കേന്ദ്ര സർക്കാർ സംഭാവന ചെയ്യുന്നത്. അല്ലെങ്കിൽ ഓരോ വർഷവും 1000 രൂപ വീതമോ സംഭാവന നൽകുന്നതാണ്. നിക്ഷേപകർക്ക് പ്രതിമാസമോ, ത്രൈമാസമോ അല്ലെങ്കിൽ അർദ്ധ വാർഷികമായോ പദ്ധതിയിലേക്ക് നിക്ഷേപങ്ങൾ നടത്താവുന്നതാണ്.

പെൻഷൻ

ഈ പദ്ധതി പ്രകാരം 60 വയസ്സ് പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് പെൻഷൻ ലഭിക്കുന്നതാണ്. നിക്ഷേപത്തുകയുടെയും പദ്ധതിയുടെ കാലാവധിയുടെയും അടിസ്ഥാനത്തിലാണ് പെൻഷൻ തുക തീരുമാനിക്കുന്നത്. കുറഞ്ഞത് 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷനായി ഈ പദ്ധതിയ്ക്ക് കീഴിൽ ലഭിക്കും. 18 വയസ്സിൽ പദ്ധതിയിൽ ചേരുന്ന ഒരാൾ 42 രൂപ പ്രതിമാസം അടയ്ക്കുന്നത് വഴി 1000 രൂപ പെൻഷനായി ലഭിക്കുന്നതാണ്. എന്നാൽ 210 രൂപ വീതം പ്രതിമാസം അടച്ചാൽ പെൻഷനായി 5000 രൂപ വരെ ലഭിക്കും.

കാലാവധി

20 വർഷമാണ് പദ്ധതിയുടെ കാലാവധി. 20 വർഷം വരെ തുക മുടങ്ങാതെ കൃത്യമായി അടയ്ക്കണം.

നികുതിയിളവുകൾ

ഈ പദ്ധതി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള ആദായ നികുതി ഇളവുകൾ ലഭ്യമാണ്.

നോമിനി

എപിവൈയിലും നിക്ഷേപകർക്ക് തങ്ങളുടെ നോമിനിയെ തീരുമാനിക്കാവുന്നതാണ്. നിക്ഷേപകൻ മരണപ്പെട്ടാൽ ഫണ്ടിലെ മുഴുവൻ തുകയും നോമിനിക്ക് കൈമാറുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

അടൽ പെൻഷൻ പദ്ധതിയിൽ ചേരുന്നതിന് ബാങ്ക് അക്കൌണ്ടും ആധാർ കാർഡും നിർബന്ധമാണ്. ഓൺലൈനായും ഓഫ് ലൈനായും പദ്ധതിയിൽ ചേരാൻ സാധിക്കും. നേരിട്ട് ബാങ്കിൽ നിന്ന് തന്നെ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഓൺലൈനായി ബാങ്കിൻറ്റെ വെബ്സൈറ്റിൽ നിന്നോ പിഎഫ്ആർഡിഎയുടെ വെബ്സൈറ്റിൽ നിന്നോ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് മൊബൈൽ നമ്പറിനൊപ്പം ആധാർ കാർഡിൻറ്റെ കോപ്പിയും ബാങ്കിൽ നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

എപിവൈ ഇടപാടുകൾ എങ്ങനെ പരിശോധിക്കാം

എപിവൈ ഇടപാടുകൾ ഓൺലൈനായി പരിശോധിക്കാവുന്നതാണ്. മൂന്ന് രീതിയിൽ ഇടപാടുകൾ പരിശോധിക്കാനും സ്റ്റേറ്റ്മെൻറ്റുകൾ ഡൌൺലോഡ് ചെയ്യാനും സാധിക്കും.

  1. എപിവൈ പണമിടപാടുകൾ പരിശോധിക്കാൻ മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. എപിവൈ, എൻപിഎസ് ലൈറ്റ് എന്നിവയാണ് രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ. ഏറ്റവും അവസാനത്തെ 5 പണമിടപാടുകൾ പരിശോധിക്കുന്നതിന് ഫീസ് ആവശ്യമില്ല. കൂടാതെ സൌജന്യമായി പണമിടപാടുകൾ സംബന്ധിച്ച സ്റ്റേറ്റ്മെൻറ്റ്, e-PRAN എന്നിവ ഡൌൺലോഡ് ചെയ്യാനും സാധിക്കും.
  2. എപിവൈ പണമിടപാടുകൾ പരിശോധിക്കാൻ APY NSDL CRA വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. നിങ്ങളുടെ PRAN, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തുടങ്ങിയവ നൽകി ലോഗ് ഇൻ ചെയ്ത ശേഷം ഇടപാടുകൾ പരിശോധിക്കാവുന്നതാണ്
  3. UMANG എന്ന ആപ്പ് ഉപയോഗിച്ചും എപിവൈ ഇടപാടുകൾ പരിശോധിക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ പണമിടപാടുകൾ സംബന്ധിച്ച സ്റ്റേറ്റ്മെൻറ്റ്, e-PRAN എന്നിവ ഡൌൺലോഡ് ചെയ്യാനും സാധിക്കും.

പിഴ

ഈ പദ്ധതി പ്രകാരം 20 വർഷത്തേക്ക് നിക്ഷേപം കൃത്യമായി നടത്തേണ്ടതുണ്ട്. നിങ്ങൾ നിക്ഷേപം നടത്തുന്നത് വൈകുകയാണെങ്കിൽ പിഴ ഈടാക്കുന്നതാണ്. പ്രതിമാസ അടവിൻറ്റെ അടിസ്ഥാനത്തിൽ ആയിരിക്കും പിഴ ഈടാക്കുന്നത്.

  • 100 രൂപ വരെയുള്ള പ്രതിമാസ നിക്ഷേപങ്ങൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 1 രൂപ പിഴയായി നൽകണം
  • 101 മുതൽ 500 രൂപ വരെയുള്ള നിക്ഷേപങ്ങൾ അടയ്ക്കാതിരുന്നാൽ 2 രൂപയാണ് പിഴയായി ഈടാക്കുന്നത്.
  • 501 മുതൽ 1000 രൂപ വരെ അടയ്ക്കാതിരുന്നാൽ 5 രൂപ പിഴ ചുമത്തും
  • 1000 രൂപയിൽ കൂടുതൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 10 രൂപ പിഴയായി നൽകണം.

ആറ് മാസത്തേക്ക് തുടർച്ചയായി നിങ്ങൾ പണം അടയ്ക്കാതെ ഇരുന്നാൽ നിങ്ങളുടെ അക്കൌണ്ട് മരവിപ്പിക്കുകയും തുടർച്ചയായി 12 മാസത്തേക്ക് നിക്ഷേപം നടത്താതിരുന്നാൽ അക്കൌണ്ട് നിർജ്ജീവമാകുകയും ചെയ്യും. 24 മാസത്തിൽ കൂടുതൽ നിക്ഷേപം നടത്താതെയിരുന്നാൽ നിങ്ങളുടെ അക്കൌണ്ട് ക്ലോസ് ആവുന്നതാണ്. എന്നിരുന്നാലും പലിശ ഉൾപ്പെടെ നിങ്ങൾ നിക്ഷേപിച്ച തുക നിങ്ങൾക്ക് തിരികെ തരുന്നതുമാണ്.

സവിശേഷതകൾ

അടൽ പെൻഷൻ യോജനയുടെ പ്രധാന സവിശേഷതകൾ അഥവാ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • കേന്ദ്ര സർക്കാരിൻറ്റെ പദ്ധതിയായതുക്കൊണ്ട് തന്നെ നിക്ഷേപങ്ങൾ എപ്പോഴും സുരക്ഷിതമായിരിക്കും. കൂടാതെ കൃത്യമായി പെൻഷനും ലഭിക്കും.
  • അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ പദ്ധതിക്ക് കീഴിൽ അംഗമാകാം. നിക്ഷേപകർക്ക് തന്നെ നിക്ഷേപ തുക തിരഞ്ഞെടുക്കാനും സാധിക്കും.
  • വളരെ റിസ്ക്ക് കുറഞ്ഞ നിക്ഷേപ പദ്ധതിയാണിത്. വിപണിയിലെ നഷ്ട സാധ്യതകൾ ഒന്നും പദ്ധതിയെ ബാധിക്കില്ല.
  • ഈ പദ്ധതി പ്രകാരം നിക്ഷേപ കാലയളവിൽ വർഷത്തിലൊരിക്കൽ പെൻഷൻ തുക കുറയ്ക്കുന്നതിനോ കൂട്ടുന്നതിനോ ഉള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
  • ഓട്ടോ ഡെബിറ്റ് സൌകര്യം ഈ പദ്ധതിയ്ക്ക് കീഴിൽ ലഭ്യമാണ്. കൂടാതെ അക്കൌണ്ടിൽ നിന്ന് നിക്ഷേപം ഓട്ടോ ഡെബിറ്റ് ചെയ്യുന്നതിൻറ്റെ കാലയളവിലും മാറ്റം വരുത്താവുന്നതാണ്.
  • നിക്ഷേപകന് 60 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പേ മരണം, അപകടങ്ങൾ തുടങ്ങീയ അസാധാരണ സാഹചര്യങ്ങളിൽ പദ്ധതിയിൽ നിന്ന് പിന്മാറാനാകും.
  • അടൽ പെൻഷൻ യോജനയിൽ നിക്ഷേപകർക്ക് ഗ്യാരണ്ടീഡ് പെൻഷൻ ലഭിക്കും.

പോരായ്മകൾ

അടൽ പെൻഷൻ പദ്ധതിയ്ക്ക് ചില പോരായ്മകളും ഉണ്ട്.

  • ഇന്ത്യകാർക്ക് മാത്രമേ പദ്ധതിയിൽ അംഗമാകാൻ സാധിക്കൂ. പ്രവാസികൾക്ക് ഒന്നും തന്നെ പദ്ധതിയിൽ ചേരാൻ സാധിക്കുകയില്ല.
  • 60 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ല.
  • 18 മുതൽ 60 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്കേ ഈ പദ്ധതിയിൽ ചേരാൻ സാധിക്കൂ
  • ഗവൺമെൻറ്റ് ജോലികാർക്ക് പദ്ധതിയിൽ ചേരാൻ സാധ്യമല്ല

കേന്ദ്ര ഗവൺമെൻറ്റ് പദ്ധതിയായതുക്കൊണ്ട് തന്നെ എപിവൈ സുരക്ഷിതവും റിസ്ക്ക് കുറഞ്ഞതുമാണ്. 60 വയസ്സിന് ശേഷം കൃത്യമായി പെൻഷൻ ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും. നിക്ഷേപത്തിനൊപ്പം പെൻഷനും ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

Advertisement
Advertisement