നെടുമ്പാശ്ശേരിയുടെ ഇന്നു കാണുന്ന വികസനത്തിനു നിദാനം നെടുമ്പാശ്ശേരിയിൽ വന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. ചതുപ്പും , പാടവുമായി കിടന്നിരുന്ന ഈ സ്ഥലത്തു നിന്നും ഇന്ന് അന്താരാഷ്ട്ര വിമാനങ്ങൾ പറന്നുയരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ തന്നെ മുന്നിട്ടു നിൽക്കുന്നു.ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇവിടെ നിന്നും ഇന്ന് വിമാന സർവീസ് ഉണ്ട്.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളവും കൂടിയാണ്.മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.നെടുമ്പാശ്ശേരി ലോകത്തെ ആദ്യത്തെ സൗരോര്‍ജ്ജ വിമാനത്താവളം കൂടിയാണ്.
കൊച്ചി വിമാന താവളത്തിൽ നിന്നും പ്രധാന നഗരങ്ങളിലേക്ക് KSRTC ബസ് സർവീസ് നടത്തുന്നുണ്ട്.വന്നിറങ്ങുന്ന പ്രവാസികള്‍ക്ക് വളരെ ആശ്വാസകരമാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഈ ബസ് സര്‍വ്വീസുകള്‍.എല്ലാ സര്‍വ്വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വ്വെഷനും ലഭ്യമാണ്. ഇത്തരത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ബസ്സില്‍ യാത്ര ചെയ്ത അബ്ദുള്‍ സലിം എന്ന ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ് ആണ് താഴെ കൊടുത്തിരിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ…
ഖത്തറിൽ നിന്ന് ചെറിയ ലീവിന് നാട്ടിപോകണം. ഓൺലൈൻ വിമാന ടിക്കറ്റ് നോക്കിയപ്പോൾ ഖത്തർ – കോഴിക്കോട്, ഖത്തർ – നെടുമ്പാശേരി റൌണ്ട് ട്രിപ്പ് 8000 രൂപ മുതൽ 10000 വരെ കുറവുണ്ട് നെടുമ്പാശേരിക്ക്. ശരാശരി വരുമാനം മാത്രം ലഭിക്കുന്ന എന്നെ പോലുള്ളവർക്ക് കൊച്ചിയാണ് നല്ലത്. ബാക്കി തുക കുടുംബത്തിന്റെ ചെലവിനെടുക്കാം. അടുത്ത ടിക്കറ്റ് നെടുമ്പാശേരി നിന്ന് കോഴിക്കോടെത്തണം. അതിന് സാധാരണ തീവണ്ടിയാണ് ആശ്രയം. പക്ഷ രാവിലെ 9.15ന് എത്തുന്ന ഞാൻ 3 മണിക്കൂർ കാത്തിരുന്നാലെ ട്രെയിനുള്ളൂ.
അപ്പോഴാണ് മുമ്പ് പലരും പറഞ്ഞു കേട്ട നെടുമ്പാശേരി എയർപോർട്ടിൽ നിന്നെടുക്കുന്ന KURTC LOW FLOOR A/c Bus പരീക്ഷിക്കാമെന്നു കരുതിയത്. online ആയി 351 രൂപക്ക് 10.30 നുള്ള ബസ്സിന്റെ ടിക്കറ്റെടുത്തു സീറ്റ് ഓക്കെയാക്കി. 10.15 ആയപ്പോൾ പ്രഭാത ഭക്ഷണം കഴിച്ച് വണ്ടിയുടെ അടുത്തെത്തി. വലിയ ജനകൂട്ടം തന്നെ ബസ്സിൽ കയറാൻ നിൽക്കുന്നു. എല്ലാവരും കുട്ടികൾക്കും വീട്ടുകാർക്കുമുള്ള അത്യാവശ്യ സാധനങ്ങളുടെ പെട്ടിയുമായാണ് വരുന്നത്. ഒരു വിധം ബാഗേജ് ഒതുക്കി യാത്ര തുടർന്നു. നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുമ്പോഴുള്ള 950 രൂപയുണ്ട് കൈയ്യിൽ.
കണ്ടക്ടർ ടിക്കറ്റ് പരിശോധിച്ചു ബാഗേജ് ചാർജ്ജ് 300 (150 x 2) രൂപ അടക്കണമെന്നും പറഞ്ഞു അതു നൽകി. യാത്രതുടരവെ ഇടക്ക് നേരത്തെ പല സ്ഥലങ്ങളിൽ നിന്ന് ഓൺ ലൈൻ ടിക്കറ്റെടുത്തവർ കയറി. പലർക്കും അതുവരെ ലഭിച്ച സീറ്റ് നഷ്ടപ്പെട്ടു. ജീവിതത്തിലെ പല പ്രയാസങ്ങളോടും പൊരുത്തപ്പെടുന്ന പ്രവാസികൾ നിലത്തും ബാഗേജ്ജിന് മുകളിലായിരുന്ന് യാത്ര തുടർന്നു 6 മണിക്കൂർ കൊണ്ട് കോഴിക്കോട് എത്തി. വളരെ നല്ല സർവ്വീസായിരുന്നു. അതുകൊണ്ടു തന്നെ തിരിച്ചു പോകുന്ന സമയത്തും KURTC LOW FLOOR A/c തന്നെ തെരഞ്ഞെടുത്തു.
ചില പരിമിതമായ സേവനങ്ങൾ കൂടി മെച്ചപ്പെടുത്തിയാൽ യാത്രക്കാരന് വളരെ നല്ല സൌകര്യമായിരിക്കും എയർപ്പേർട്ട് സർവ്വീസ്. 1. ബാഗേജ് ചാർജ്ജ് ഓൺലൈൻ പെയിമെൻറ് സിസ്റ്റം ഉൾപ്പെടുത്തണം. 2. യാത്രയിൽ ബാഗേജ് ഡാമേജ് ആകാതെ സൂക്ഷിക്കുന്നതിനുള്ള സൌകര്യം. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ ഈ നിർദ്ദേശങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.”
ലഗേജുകളുടെ പണം ഓൺലൈനിൽ സ്വീകരിക്കാൻ നടപടികൾ പ്രതീക്ഷിക്കുന്നു. സാധാരണക്കാരായ ഇത്തരം പ്രവാസി സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അധികൃതര്‍ വേണ്ടത് ചെയ്യും എന്ന് നമുക്ക് വിശ്വസിക്കാം.
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നുള്ള ഈ ബസ് സർവീസുകളുടെ സമയവിവരങ്ങൾ ആളുകൾ പ്രധാനമായും മനസ്സിലാക്കി തുടങ്ങിയത് www.aanavandi.com എന്ന വെബ്സൈറ്റ് മുഖേനയാണ്. നെടുമ്പാശ്ശേരി എയർപോർട്ട് ബസ്സുകളുടെ സമയവിവരങ്ങളും റൂട്ടും മനസ്സിലാക്കുവാനായി – CLICK HERE.
ഈ ബസ് സർവീസുകളിൽ യാത്ര ചെയ്തവർ ഭൂരിഭാഗവും ബസ് ജീവനക്കാരെയും സർവ്വീസിനെയും അഭിനന്ദിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ എന്നുവേണമെങ്കിൽ പറയാം. നാട്ടിലെത്തിയ സന്തോഷം പങ്കുവെയ്ക്കുന്ന പ്രവാസികളെ ചില സമയങ്ങളിൽ ഈ ബസ്സുകളിൽ കാണാം. കൂട്ടമായി പാട്ടുകൾ പാടിയും കയ്യടിച്ചുമൊക്കെ അവർ നാട്ടിലെത്തിയ സന്തോഷം പങ്കുവെയ്ക്കുമ്പോൾ ചിലപ്പോൾ ഒപ്പം ബസ് കണ്ടക്ടറും കൂടും. കോഴിക്കോട് നിന്നും ഒരു കാർ വിളിച്ചു നെടുമ്പാശ്ശേരി പോവാൻ 7000 രൂപ ചിലവ് വരുമ്പോൾ വോൾവോ ബസ്സിൽ വെറും തുച്ഛമായ പൈസക്ക് സുഖകരമായ യാത്ര അനുഭവിക്കാം. ഓൺലൈൻ ബുക്കിങ് http://www.kurtconline.com/ എന്ന വെബ്സൈറ്റിൽ 45 ദിവസം വരെ മുൻകൂട്ടി ചെയ്യാവുന്നതാണ്