Advertisement
സോഷ്യൽ മീഡിയ

ചൈനീസ് ചന്ദ്രനും സ്‍മാർട്ട് ഫാസിസവും

Advertisement

സത്യത്തിൽ എന്താണ് കമ്യൂണിസ്റ്റ് ചൈനയിൽ നടക്കുന്നത് Bovas John Thomas എഴുതുന്നു. “ചൈനീസ് ചന്ദ്രനും സ്‍മാർട്ട് ഫാസിസവും “

ചൈനയെപ്പറ്റി നിരവധി അതിശയകരമായ വാർത്തകൾ പ്രചരിക്കുന്ന കാലമാണ് . ചൈനയിലെ ഡിജിറ്റൽ വിപ്ളവം മുതൽ സ്മാർട്ട് സിറ്റിയും , കൃത്രിമ വെള്ളച്ചാട്ടവും , ചന്ദ്രനും വരെ ഇന്ത്യയിൽ വാർത്തയാകുമ്പോൾ അതൊക്കെ ഷെയർ ചെയ്തു ഇന്ത്യയെ കുറ്റം പറയും എന്നല്ലാതെ യഥാർത്ഥത്തിൽ ചൈനയിൽ എന്താണ് നടക്കുന്നത് എന്ന് അതിന്റെ ഗൗരവത്തിൽ ഇന്നേവരെ ഒരു മലയാളം മാധ്യമം പോലും ഇതുവരെ റിപ്പോർട്ട് ചെയ്ത് കണ്ടിട്ടില്ല.

ചൈനയിൽ നിന്നും പുറത്ത് വരുന്ന അതിശയകരമായ വാർത്തകൾക്കപ്പുറം കമ്യൂണിസ്റ്റ് ചൈന എന്നത് ഓരോ ദിവസവും അവിടുത്തെ പൗരന്മാരുടെ മേൽ പിടിമുറുക്കുന്ന അതിഭീകരമായ ഒരു കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടമാണ് എന്നതാണ് സത്യം. ചൈനയിൽ രണ്ടായിരത്തി പതിനഞ്ചിൽ പ്രഖ്യാപിച്ച ഒരു പക്ഷെ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാവുന്ന ഒരു ഒരു വിചിത്രമായ സമ്പ്രദായമാണ് സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം . ഇതിനോടകം ആരംഭിച്ച ഈ സിസ്റ്റം 2020 ഓടെ പൂർണ്ണമായും നടപ്പിലാക്കാനാണ് പദ്ധതി. സ്മാർട് ഫോണുകളുടെ വ്യാപനവും , ടെനസന്റ് , ഹ്യുവായ് പോലെ ഗവൺമെന്റ് നിയന്ത്രിക്കുന്ന ആപ്പുകളും മൊബൈലുകളും വഴി പൗരന്മാരുടെ പരമാവധി വ്യത്യസ്തമായ വിവരങ്ങൾ ചൈനീസ് ഗവൺമെന്റ് കൈവശമാക്കി. അതിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് പൗരന്മാരെ വർഗീകരിക്കുന്നു. അവരുടെ വിദ്യാഭ്യാസം , ജോലി , മാനസികനില , മെഡിക്കൽ ഹിസ്റ്ററി, സമൂഹത്തിലെ സ്വാധീനശക്തി , സാമ്പത്തികനില , ഭരണകൂടത്തോടുള്ള കൂറ് , നിയമങ്ങൾ പാലിക്കൽ തുടങ്ങി ഓരോന്നിലും അവർക്ക് ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ മികച്ച പൗരന്മാർക്ക് മുൻഗണന നൽകുന്നു.

തീർച്ചയായും സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ആളുകൾക്ക് ഇതൊരു സന്തോഷവാർത്തയായിരിക്കും. അവർക്ക് തലവേദന സൃഷ്ടിക്കുന്ന രണ്ടാം കിടക്കാരായ പൗരന്മാരുടെ ശല്യ വേഗം ഒഴിവാക്കാൻ കഴിയുമല്ലോ. ഇതിനോടകം തന്നെ കുറഞ്ഞ ക്രെഡിറ്റ് നേടിയ മാതാപിതാക്കളുടെ കുട്ടികൾക്ക് ചൈനയിൽ മികച്ച സ്കൂളുകളിൽ അഡ്മിഷൻ നിഷേധിക്കപ്പെട്ടു , നിയമക്കുരുക്കിൽ പെട്ട ആളുകൾ വസ്തു വാങ്ങുന്നതിനും ,യാത്ര ചെയ്യുന്നതിനും തടസ്സങ്ങൾ ഉണ്ടായി. ഗവൺമെന്റിന്റെ കണ്ണിലെ കരടായ മാധ്യമപ്രവർത്തകർക്ക് യാത്ര ചെയ്യുന്നതടക്കം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു.

2017 ൽ മാത്രം 8 മില്യണിലധികം പേർക്ക് ഫ്ളൈറ്റ് യാത്രയും 3 മില്യണിലധികം പേർക്ക് ട്രെയിൻ യാത്രയും ഇത്തരത്തിൽ ബ്ളാക്ക് ലിസ്റ്റ് ചെയ്തതിന്റെ പേരിൽ നിഷേധിക്കപ്പെട്ടു. ഇനി സോഷ്യൽ ക്രെഡിറ്റിൽ മുമ്പിൽ എത്തിയ ആളുകൾക്ക് ലഭിക്കാൻ പോകുന്നത് നിരവധി പ്രയോജനങ്ങളാണ് . തിരക്കേറിയ ക്യൂവിൽ അവർക്ക് മുൻഗണ ലഭിക്കുന്നത് മുതൽ , മികച്ച ജോലി സാധ്യത, വിസ ആപ്ലിക്കേഷൻ വേഗത്തിൽ നടപടി , ഡേറ്റിംഗ് ആപ്സിൽ കൂടുതൽ വിസിബിലിറ്റി , വസ്തു , കാർ , ലോണുകൾ വേഗത്തിൽ ലഭിക്കുക തുടങ്ങി പൊളിറ്റിക്കൽ ഡിസ്റ്റോപ്പിയൻ സിനിമകളെ വെല്ലുന്ന രീതിയിൽ ആണ് ചൈനീസ് ഗവൺമെന്റ് ആളുകളെ തരംതിരിക്കുന്നത്. ചുരുക്കത്തിൽ ഫേസ്ബുക്കിലും , ഇൻസ്റ്റാഗ്രാമിലും ആക്ടീവ് ആയ ആളുകൾക്ക് കൂടുതൽ ഫോളേവേഴ്സും ലൈക്കുകളും ഉണ്ടാകുന്നതും അവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതുമായ മാതൃകയിൽ രാജ്യത്തെ പൗരന്മാരുടെ ഇടയിൽ മികച്ച സോഷ്യൽ ക്രെഡിറ്റിനായി ഒരുതരം മത്സരം ഉണ്ടാകുന്നു.

ഇതിലൂടെ ഏറ്റവും മികച്ച പൗരന്മാർ മുമ്പിലും അല്ലാത്തവർ പതിയെ പതിയെ തഴയപ്പെടുകയും ചെയ്യുന്നു. ചൈനയുടെ വരാനിരിക്കുന്ന “സ്മാർട് സിറ്റികളും” ഇത്തരത്തിലെ മികച്ച പൗരന്മാർക്ക് മാത്രം പ്രവേശനം ലഭിക്കാൻ പോകുന്ന നഗരം ആയിരിക്കാൻ എല്ലാ സാധ്യതകളും ഉണ്ട്.

നമ്മൾ ഇന്ത്യക്കാർക്കും പ്രതീക്ഷയ്ക്കുള്ള വകുപ്പുണ്ട്. ഇന്ത്യയിൽ നടപ്പാക്കിയ ആധാറും ഇത്തരത്തിൽ ഭാവിയിൽ നടപ്പാക്കാൻ ഇടയുള്ള ഒരു സിസ്റ്റത്തിന്റെ തുടക്കം മാത്രമാണ്. പരമാവധി വിവരങ്ങൾ ലഭിച്ച ശേഷമാകും പദ്ധതി നടപ്പാക്കുന്നത് എന്ന് മാത്രം.

Advertisement
Advertisement