ഒരു ചായ വില്‍പ്പനക്കാരന്‍ മാസം എത്ര രൂപ സമ്പാദിക്കും എന്ന ചോദ്യത്തിന് നമുക്ക് ഒരു ഏകദേശ ഉത്തരമുണ്ടാകും. എന്നാൽ അത്തരം ഉത്തരങ്ങളെയും നമ്മുടെ മനസിലെ സങ്കല്‍പ്പങ്ങളെയും കടപുഴക്കുന്ന ഒരു ചായ്‌വാലയെയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നിങ്ങളെ ഞെട്ടിക്കുന്ന വരുമാനമാണ് പൂനെക്കാരനായ ഇദ്ദേഹം ഒരു മാസം പെട്ടിയിലാക്കുന്നത്.
ശരാശരി 12 ലക്ഷം രൂപയാണ് ഇദ്ദേഹം പ്രതിമാസം ചായ വിറ്റ് സമ്പാദിക്കുന്നത്. അതായത് ഇന്ത്യയില്‍ എത്ര ഉന്നത ജോലിയുളളയാളും സമ്പാദിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതല്‍. മഹാരാഷ്ട്രയിലെ യേലേ ടീ ഹൗസ് സ്റ്റാള്‍ നടത്തുന്ന നവനാഥ് യേലെ ആണ് ഈ ലക്ഷപ്രഭു.
പക്കുവട ബിസിനസ് പോലെ ചായ വില്‍പനയും ഇന്ത്യയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതായി അദ്ദേഹം പറയുന്നു. ബിസിനസ് മെച്ചപ്പെടുകയാണെന്നും താന്‍ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ പൂനെയില്‍ യേലെ ടീ ഹൗസിന് മൂന്ന് സ്റ്റാളുകള്‍ ഉണ്ട്. ഓരോ കേന്ദ്രങ്ങളിലും 12 ജോലിക്കാര്‍ വീതമാണ് ഉളളത്.
‘2011ലാണ് ചായ ഉണ്ടാക്കി വില്‍ക്കാമെന്ന തോന്നല്‍ മനസ്സിലുണ്ടായത്. പൂനെയില്‍ കുറച്ച് ചായ വില്‍പ്പന കേന്ദ്രങ്ങളുണ്ട്. പക്ഷെ പ്രശസ്തമായൊരു ബ്രാന്‍ഡ് ഇവിടെ ഇല്ലായിരുന്നു. നിരവധി ചായ സ്‌നേഹികള്‍ ഉളള ഇവിടെ അവര്‍ക്ക് ഇഷ്ടപ്പെട്ട ചായ പലപ്പോഴും കിട്ടാറില്ല. നാല് വര്‍ഷം ചായയുടെ ഗുണനിലവാരത്തെ കുറിച്ച് പഠിച്ചു. തുടര്‍ന്നാണ് കൃത്യമായ രീതിയില്‍ ചായ ഉണ്ടാക്കി വില്‍ക്കാന്‍ ആരംഭിച്ചത്’- അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ യേല ടീയെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡാക്കി മാറ്റാനുളള ശ്രമത്തിലാണ് അദ്ദേഹം. ഇതിനായി 100 ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാനാണ് പദ്ധതി. അത് കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കുമെന്നും അദ്ദേഹം പറയുന്നു.