പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം കുടിക്കാനായി ശേഖരിച്ച് വെക്കുന്നത് കാന്‍സര്‍ ഉണ്ടാക്കും എന്ന പ്രചരണം ഏറെ നാളായി ആഗോള തലത്തില്‍ തന്നെ നടക്കുന്നതാണ്. പ്ലാസ്റ്റിക്കില്‍ നിന്ന് ബിസ്ഫിനോള്‍ എ , ഡയോക്‌സിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരും എന്നതാണ് പ്രധാന ആരോപണം.
ഇതിന്റെ യാഥാര്‍ഥ്യം എന്താണെന്ന് നോക്കാം. ഇതുവരെ വിശ്വാസ്യയോഗ്യമായ ഒരു പഠനവും പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍ എന്നിവ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് തെളിയിച്ചിട്ടില്ല. ഒറ്റപ്പെട്ട ചില പഠനങ്ങളില്‍ കുറഞ്ഞ അളവില്‍ രാസവസ്തുക്കള്‍ പുറത്തുവന്നേക്കാം എന്ന നിഗമനത്തിലെത്തിയിരുന്നു. പക്ഷേ അങ്ങനെ ദൃശ്യമായ അളവ് അപകടകരമായ അളവുകളേക്കാള്‍ വളരെ വളരെ കുറവുമായിരുന്നു.
പ്ലാസ്റ്റിക് പാത്രങ്ങള്‍ മണിക്കൂറുകളോളം 60 ഡിഗ്രി ചൂടില്‍ നില നിര്‍ത്തിയ പഠനങ്ങളിലും സുരക്ഷിതമല്ലാത്ത അളവില്‍ രാസവസ്തുക്കള്‍ പുറത്തു വരുന്നതായി കണ്ടില്ല. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി നടത്തിയ വിശദമായ ശാസ്ത്ര രേഖകളുടെ വിശകലനത്തില്‍ ബിസ്ഫിനോള്‍ എ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് കണ്ടെത്തിയത്.
ഡയോക്‌സിന്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഉണ്ട് എന്നതിന് ശാസ്ത്രീയ തെളിവുകളില്ല. പ്ലാസ്റ്റിക് പാത്രങ്ങളെ അവയില്‍ രേഖപ്പെടുത്തിയ നമ്പറുകളുടെയും കോഡുകളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കി, അതിനനുസരിച്ച് ഉപയോഗിക്കേണ്ടതാണ്.
ഒരു ത്രികോണ ചിഹ്നത്തിനുള്ളില്‍ 1 എന്നും പുറത്ത് PETE എന്നും രേഖപ്പെടുത്തിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. ഉപയോഗശേഷം ഇവ നശിപ്പിച്ചുകളയുക. ഉദാഹരണം കുടിവെള്ള കുപ്പികള്‍.
ത്രികോണത്തിനുള്ളില്‍ 2 എന്നും പുറത്ത് HDPE എന്നും രേഖപ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക്കുകള്‍ താരതമ്യേന സുരക്ഷിതമാണ്. ത്രികോണത്തിനുള്ളില്‍ 3 എന്നും പുറത്ത് v എന്നും രേഖപ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് പാചകത്തിനോ ഭക്ഷണം, വെള്ളം എന്നിവ സൂക്ഷിച്ചുവെക്കുന്നതിനോ ഉപയോഗിക്കരുത്. ഒരു കാരണവശാലും ഇവ കത്തിക്കരുത്.
4 എന്നു രേഖപ്പെടുത്തിയ പ്ലാസ്റ്റിക് ആണ് ഏറെ സുരക്ഷിതം. 5 എന്നു രേഖപ്പെടുത്തിയതും സുരക്ഷിതമാണ്. 6,7 എന്നീ അക്കങ്ങള്‍ ത്രികോണത്തിനുള്ളില്‍ കാണുന്ന പാത്രങ്ങള്‍ നല്ലതല്ല. ഇവയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ആയതിനാല്‍ ഭക്ഷണം പാചകം ചെയ്യുന്നതിനോ, വെള്ളം, ഭക്ഷണം എന്നിവ സൂക്ഷിക്കുന്നതിനോ ആയി നിര്‍മിച്ചിട്ടുള്ള പാത്രങ്ങളില്‍/ കുപ്പികളില്‍ മാത്രം ഭക്ഷണം, വെള്ളം എന്നിവ സൂക്ഷിക്കുക. മറ്റുള്ളവയുടെ അടുക്കള ഉപയോഗം വേണ്ടെന്നുവെക്കുക. പ്ലാസ്റ്റിക് യാതൊരു കാരണവശാലും കത്തിക്കരുത്. അത് അപകടകരമായ ശീലമാണ്.
Courtesy:Ayyada.in