പോലീസ് സ്റ്റേഷനിൽ പോകാതെ വാഹന ഇൻഷുറൻസിനായുള്ള ‘GD എൻട്രി’ നേടാം.

“വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറൻ‍സ് കിട്ടാനുള്ള ജീഡി എൻ‍ട്രി തരാമോ?” – പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇതിനായി കുറേ സമയം നമ്മൾ കാത്തു നിൽക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. പരിചയമൊന്നും ഇല്ലെങ്കിൽ ചിലപ്പോൾ പോലീസുകാർക്ക് കൈമടക്ക് നിൽകേണ്ടിയും വരുമത്രേ. ഇനി ജി.ഡി. എൻട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് ഓൺലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Advertisement

https://thuna.keralapolice.gov.in/ എന്ന വിലാസത്തിൽ തുണ സിറ്റിസൺ പോർട്ടലിൽ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നല്‍കി റജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷൻ‍ നടത്തിയാല്‍ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി. വാഹനങ്ങളുടെ ഇന്‍ഷൂറൻ‍സിന് GD എന്‍ട്രി കിട്ടാൻ ഇതിലെ സിറ്റിസൺ ഇൻഫർമേഷൻ ബട്ടണില്‍ GD Search and Print എന്ന മെനുവിൽ ജില്ല, സ്റ്റേഷൻ, തീയതി എന്നിവ നല്‍കി സെര്‍ച്ച്‌ ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ് . (കഴിയുന്നതും Mozilla Firefox ബ്രൌസറിൽ ‍ ഈ പോർ‍ട്ടൽ ഉപയോഗിക്കാൻ‍ ശ്രദ്ധിക്കുക).

എന്താണ് തുണ? നിങ്ങൾ ഇതിനു മുൻപ് കേട്ടിട്ടുണ്ടോ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച്? പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ ഇപ്പോൾ ലൈവാണ്. www.thuna.keralapolice.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യാം.

തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്. ഇനി നിങ്ങൾ ഒരു സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുവാൻ ഉദ്ദേശിക്കുന്നു എന്നിരിക്കുക. ആ വണ്ടി മോഷണവണ്ടിയാണോ എന്ന് ഈ സൈറ്റിൽ പരിശോധിച്ച് തീർച്ചപ്പെടുത്താവുന്നതാണ്. മോഷണം പോയ വണ്ടികളുടെ വിവരങ്ങൾ സൈറ്റിൽ കൊടുത്തിട്ടുണ്ടാകും.

സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ പ്രയോജനപ്പെടും. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പോലിസ് മാന്വല്‍, സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.

സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുവാദത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാധിക്കും. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. എസ്.എം.എസ്., ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിയും. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

വലിയൊരു സാങ്കേതിക മുന്നേറ്റത്തിലാണ് കേരള പോലീസ്. പൊതുജനങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന രക്ഷ, സിറ്റിസണ്‍ സേഫ്ടി തുടങ്ങി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍, സി.സി.ടി.എന്‍.എസ്. സംവിധാനം, സൈബര്‍ നിരീക്ഷണത്തിനുള്ള സൈബര്‍ഡോം, ഡിജിറ്റല്‍ ഫോറന്‍സിക് സംവിധാനങ്ങള്‍, ഓഫീസ് സേവനങ്ങളുടെ കംപ്യൂട്ടര്‍വത്കരണം, ജില്ലകള്‍ക്കുള്‍പ്പെടെ ആധുനിക വെബ്‌സൈറ്റ്, ഫോട്ടോ ആര്‍ക്കൈവ് ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. പോരാത്തതിന് കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജ് വഴി ‘ട്രോൾ’ രൂപത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്ന പുതിയ നീക്കം ഇപ്പോൾ ഹിറ്റായിരിക്കുകയാണ്. ഇനിയും നിരവധി കാര്യങ്ങള്‍ നടപ്പിലാക്കല്‍ ഘട്ടത്തിലാണ്. ഇന്ത്യയിലെ ഏറ്റവും ആധുനികമായ സേനയായി കേരള പോലീസിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും പോലീസും ആവിഷ്‌കരിച്ചിട്ടുള്ളത്.

കടപ്പാട് – കേരള പോലീസ്.