കേരളത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള വിവിധ ചികിത്സകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങായി മാറുന്നു.ഈ ഒരു സഹായം ഒരുപാട് പാവപ്പെട്ടവർ അറിയുന്നില്ല അവർക്ക് വേണ്ടി ഷെയർ ചെയ്യണമെന്ന് അഭ്യാർത്ഥിക്കുന്നു .
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ, കാരുണ്യ പ്ലസ് പ്രതിവാര ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് ഈ പദ്ധതിക്ക് വിനിയോഗിക്കുന്നത്. സംസ്ഥാന തലത്തില്‍ ധനമന്ത്രിയും, ജില്ലാ തലത്തില്‍ ജില്ലാ കലക്ടറും ചെയര്‍മാനായ സമിതിക്കാണ് പദ്ധതിയുടെ നിയന്ത്രണം.
മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ബി.പി.എല്‍/എ.പി.എല്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കാണ് കാരുണ്യ ചികിത്സാ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹതയുള്ളത്.
ഹൃദയ സംബന്ധമായ രോഗങ്ങള്‍, തലച്ചോര്‍, കരള്‍ ശസ്ത്രക്രിയകള്‍, വൃക്ക, കരള്‍,ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍, വൃക്കരോഗങ്ങള്‍ (ഡയാലിസിസ്, തുടര്‍ ചികിത്സ, പെരിറ്റോണിയല്‍ ഡയാലിസിസ്), കാന്‍സര്‍, സാന്ത്വന ചികിത്സ (പാലിയേറ്റീവ് കെയര്‍), മാരകമായ നട്ടെല്ല്, സുഷുമ്‌ന നാഡി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് രണ്ടു ലക്ഷം രൂപ വരെയും ഓരോ ഹീമോഫീലിയ രോഗബാധിതനും മൂന്ന് ലക്ഷം രൂപ വരെയും ചികിത്സാ സഹായം ലഭിക്കും.
ആസ്പത്രികളില്‍ ഐ.പി/ഒ.പി വിഭാഗങ്ങളിലുള്ള എല്ലാ അസുഖങ്ങള്‍ക്കും ഒരു കുടുംബത്തിന് 3000 രൂപ വരെ ഒറ്റത്തവണ ധനസഹായം ലഭിക്കും.
നിശ്ചിത രോഗങ്ങളുടെ ചികിത്സയ്ക്കായി ആസ്പത്രിയില്‍ കിടക്കുന്നവര്‍ക്കും ഓപ്പറേഷന്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് തീയതി നിശ്ചയിച്ചിട്ടുള്ളവര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. ഗുണഭോക്താവ് സ്ഥിര താമസക്കാരും റേഷന്‍ കാര്‍ഡുള്ളവരുമായിരിക്കണം. ജില്ലയിലെ ഭാഗ്യക്കുറി ഓഫീസര്‍ക്കാണ് ചികിത്സാ സഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ അപേക്ഷ സ്വീകരിച്ച തീയതി മുതല്‍ ധനസഹായത്തിന് അര്‍ഹതയുണ്ട്. അപേക്ഷ നല്‍കുന്നതിന് മുമ്പേ ചികിത്സ പൂര്‍ത്തിയാക്കിയവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയില്ല. റീ ഇംപേഴ്‌സ്‌മെന്റ് ആനുകൂല്യമുള്ള സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഇ.എസ്.ഐ ആനുകൂല്യമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ആദായ നികുതി നല്‍കുന്നവര്‍ക്കും ചികിത്സാ ധനസഹായം ലഭിക്കില്ല.
രണ്ടു ലക്ഷം രൂപ വരെ പരമാവധി ധനസഹായം ഒരു കുടുംബത്തില്‍ ഒരാള്‍ക്കോ ഒന്നിലധികം പേര്‍ക്കോ ഒറ്റത്തവണയായോ തവണകളായോ ലഭിക്കും.
പൂരിപ്പിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫാറത്തിനൊപ്പം മതിപ്പു ചെലവ് സംബന്ധിച്ച് ബന്ധപ്പെട്ട ആശുപത്രിയില്‍ നിന്നുള്ള കെ.ബി.എഫ് ഫോറം നാല്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് പേജ് ഒന്ന്, രണ്ട്, മൂന്ന്, 22, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രോഗി താമസിക്കുന്ന വീട് കാണത്തക്കവിധം എടുത്ത കുടുംബ കളര്‍ ഫോട്ടോ എന്നിവ നല്‍കണം. അപേക്ഷ ജില്ലാതല സമിതി പരിശോധിച്ച് ശിപാര്‍ശകളോടുകൂടി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സമര്‍പ്പിക്കും. അര്‍ഹമായ തുക സംസ്ഥാന സമിതി ചികിത്സ തേടുന്ന ആശുപത്രിയിലേക്ക് നല്‍കും. തുക രോഗിക്ക് നേരിട്ട് നല്‍കില്ല.
സര്‍ക്കാര്‍ ആസ്പത്രികളില്‍ സര്‍ജറി ഉള്‍പ്പെടെ ചികിത്സ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മുന്‍കൂര്‍ ചികിത്സാനുമതി നല്‍കുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അപേക്ഷയോടൊപ്പം ഏഴാം നമ്പര്‍ ഫോറത്തിലുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
സര്‍ക്കാര്‍ ആസ്പത്രിയിലെ ചികിത്സയ്ക്ക് ധനസഹായത്തിനായി അപേക്ഷിച്ചിട്ടുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ ധനസഹായത്തുക ആസ്പത്രിയില്‍ ലഭിക്കുന്നതിനു മുമ്പ് അടിയന്തിര സാഹചര്യങ്ങളില്‍ സ്വന്തം കൈയ്യില്‍ നിന്നും ചെലവാക്കി ചികിത്സ നടത്തിയിട്ടുണ്ടെങ്കില്‍ തുക തിരികെ (റീ ഇംബേഴ്‌സ്‌മെന്റായി) ലഭിക്കും.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചികിത്സാ പാക്കേജുകളുടേയും നിരക്കുകളുടേയും അടിസ്ഥാനത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുള്ള സ്വകാര്യ ആസ്പത്രികളെ കാരുണ്യ ബെനവലന്റ് ഫണ്ട് അക്രഡിറ്റ് ചെയ്തിട്ടുണ്ട്. ചികിത്സാ നടപടിക്രമം അനുസരിച്ച് നിശ്ചിത രോഗങ്ങള്‍ക്ക് ഈ ആസ്പത്രികളില്‍ ചികിത്സ തേടാം.
ചികിത്സ പൂര്‍ത്തിയായതിനു ശേഷം മാത്രമേ അക്രഡിറ്റ് ചെയ്ത ആസ്പത്രികള്‍ക്ക് തുക നല്‍കുകയുള്ളൂ. ജില്ലാതല സമിതിയുടെ അനുമതിപത്രം ലഭിക്കുന്നതിന് മുമ്പുള്ള ചികിത്സാ ചെലവുകള്‍ പദ്ധതിയുടെ പരിധിയില്‍ വരില്ല. സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സകള്‍ക്ക് അക്രഡിറ്റ് ചെയ്തിട്ടുള്ള സര്‍ക്കാരിതര ആശുപത്രികള്‍ക്ക് അനുമതി ലഭിക്കില്ല. പദ്ധതി പ്രകാരം രോഗിക്ക് പണം നല്‍കേണ്ടാത്ത (കാഷ്‌ലെസ്) ചികിത്സയാണ് ലഭിക്കുന്നത്.അപേക്ഷ ഫോറം www.keralalotteries.com www.karunya.kerala.gov.inവെബ് സൈറ്റിലും ലഭിക്കും.ഈ ഒരു അറിവ് നിങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണം