ഒരു രാഷ്ട്രീയ സമൂഹത്തിൽ കമ്മ്യൂണിസ്റ്റ്കാരൻ മാത്രമാണ് സോഷ്യൽ ഓഡിറ്റിന് വിധേയനാക്കപ്പെടേണ്ടത് കാരണം പൊതു സമൂഹം അവനിലനിന്നു മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കോൺഗ്രെസ്സുകാരന് പൊതു സമൂഹം കല്പിച്ചനുവദിച്ചു കൊടുത്തിട്ടുള്ള അവകാശങ്ങളെന്തെല്ലാമാണെന്ന് നോക്കൂ. അവർക്ക് കൈക്കൂലി വാങ്ങാം, നല്ല കാറിൽ സഞ്ചരിക്കാം, നല്ല വസ്ത്രം ധരിക്കാം. കേരളാ കോൺഗ്രെസ്സുകാരന് ഒരു പടി മുകളിൽ പരസ്യമായി മദ്യപിക്കുകയും ആവാം. ബിജെപിക്കാരന് കൊല്ലും കൊലയും നടത്താം. ഇപ്പറഞ്ഞതൊന്നും ചെയ്തിട്ട് എന്നത് പോയിട്ട് ചെറുത്തുനിൽക്കാൻ പോലും കമ്മ്യൂണിസ്റ്റുകാരന് അവകാശമില്ല. സിനിമയിലെപ്പോലെ അവൻ എന്നും നായകന്റെ തല്ലുകൊള്ളാൻ വിധിക്കപ്പെട്ട സൗന്ദര്യമില്ലാത്ത അന്യ സംസ്ഥാന വില്ലനാണ് …!
കമ്മ്യൂണിസ്റ്കാർ മണ്ടന്മാരാണ്. പൊതു ഖജനാവിലെ പണം കൊണ്ട് ചികിത്സിക്കുന്നതും കണ്ണട വാങ്ങുന്നതും ഇന്ന് എന്തുകൊണ്ട് ചർച്ചയായി. അവർ കൈക്കൂലിയോ സമ്മാനമോ ആയി ഇത് വാങ്ങിയിരുന്നെങ്കിൽ ഇത് ചർച്ചയാകുമായിരുന്നോ ? 5000 രൂപയിൽ കൂടിയ ലെൻസ് വാങ്ങാൻ ഇവർക്കെന്തവകാശം. 5000 വരെ വാങ്ങാം ട്ടോ, കാരണം കളക്ടർ ബ്രോ യുടെ കണ്ണടയ്ക്ക് വില 5000 ആണ്…! അതാവണം ബഞ്ച് മാർക്ക് …!!! കളക്ടർ ബ്രോയുടെ 5000 രൂപയുടെ കണ്ണടയ്ക്കു ‘സെലെക്ടിവ് ബ്ലൈൻഡ്നെസ്സ്‘ ഉണ്ടെന്നു ദോഷൈകദൃക്കുകൾ പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനുമാവില്ല…!
ഇനി ചിലവേറിയ ചികിത്സയുടെ കാര്യം. സഖാവ് ശ്രീരാമകൃഷ്ണനെ അടുത്ത് കിട്ടുമ്പോൾ ഒന്ന് തലകുനിക്കാൻ പറയണം. അനുസരിക്കുന്നില്ലെങ്കിൽ നിർബന്ധിച്ചു കുനിപ്പിക്കണം ഉച്ചിയിൽ ഇന്ത്യ പാകിസ്ഥാൻ അതിർത്തിപോലെ ഒരു മുറിവുകാണാം.സമാധാനത്തിന്റെ കാവലാളുകളായ RSS ന്റെ സംഭാവനയാണ്. നിങ്ങൾക്ക് പരിചിതമായ ഒരേ ഒരു സംഖ്യയായ ’52’ ഒന്നുമില്ല, ഒരു 25 തുന്നലെങ്കിലും കാണും. നടക്കുമ്പോൾ ദൂരെ നിന്നും ഒന്ന് നോക്കണം ഒരു ഘട്ടത്തിൽ കാലുവയ്ക്കാൻ ഒരു ചെറിയ ‘ഡിലേ‘ കാണും. തലച്ചോറിന് പണ്ടേറ്റ ക്ഷതത്തിന്റെ ബാക്കിപത്രം. ഇനി അടുത്ത പരിശോധനയ്ക്കും അവസരം തരാം അടുത്ത് ചെന്ന് ആ മുണ്ട് മുട്ടുവരെ ഒന്ന് ഉയർത്തി നോക്കിക്കോളൂ,സമ്മതിച്ചില്ലെങ്കിൽ ബലമായിത്തന്നെ ചെയ്യണം. രണ്ടു കാലിന്റെയും മുട്ടിന് ‘knee’ ക്യാപ്പ് കാണാം. വിദേശിയാണ്,കൈക്കൂലിയല്ല തെറ്റിദ്ധരിക്കരുത്, സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് കൊണ്ടു കൊടുത്തതാണ്. ദോഷം പറയരുതല്ലോ ഇത് നമ്മുടെ സ്വന്തം കേരളാ പോലീസിന്റെ സംഭാവനയാണ്. അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ടു കുട്ടികൾക്കും വേണ്ടി വാങ്ങിയതല്ല. കാലാകാലങ്ങളിൽ വീട്ടിലിരുന്നും ഫേസ്ബുക്കിലിരുന്നും ഓഡിറ്റ് ചെയ്തു മറിക്കുന്ന ഞാനടക്കമുള്ള കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്നങ്ങൾക്കു വേണ്ടി വാങ്ങിയ തല്ലുകളുടെ ബാക്കിപത്രം. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങൾ ദൃശ്യമായത്. അദൃശ്യമായ എത്രയോ ക്ഷതങ്ങൾ ആ ശരീരത്തിൽ ഉണ്ട്. കാരണം ഞങ്ങളുടെ സഖാക്കൾ AC മുറികളിലെയും സംരക്ഷിത ഫേസ്ബുക്ക് ഇടങ്ങളിലെയും രാഷ്ട്രീയം പരിചയിച്ചവരല്ല. എന്റെ അറിവിൽ രണ്ടോ മൂന്നോ പ്രാവശ്യം രണ്ടു വർഷത്തിനുള്ളിൽ ചികിത്സ കഴിഞ്ഞു. കോയമ്പത്തൂർ, കോട്ടക്കൽ ആര്യവൈദ്യശാലകളിലെ ചികിത്സയുടെ ചിലവൊന്ന് എടുത്തു നോക്കൂ. ഇനി കോട്ടക്കൽ പോകാതെ കോയമ്പത്തൂർ പോയതിനെ കുറ്റമായി കണ്ടു പിടിക്കേണ്ട. വൈദ്യശാലക്കാർ തന്നെയാണ്, കോട്ടക്കൽ ആണെങ്കിൽ ശ്രീരാമകൃഷ്ണനോടുള്ള സ്വാതന്ത്ര്യത്തിന്റെ കൂടുതൽകൊണ്ട് ആളുകൾ ആവശ്യങ്ങളുമായി നിരന്തരം കയറിയിറങ്ങും എന്നതിനാൽ കോയമ്പത്തൂരിലേക്ക് ആക്കാം എന്ന് തീരുമാനിച്ചത്. കമ്മ്യൂണിസ്റ്റ്കാരനായ പൊതുപ്രവർത്തകന് വിശ്രമം അനുവദനീയമല്ലല്ലോ. ആവശ്യക്കാരന് ഔചിത്യവുമില്ലല്ലോ …!!!
SFI ക്കാലം മുതൽ അടുത്തു നിന്ന് കാണുന്ന ജ്യേഷ്‌ഠ തുല്യനായ സഖാവാണ് ശ്രീരാമകൃഷ്ണൻ. അന്നും ഇന്നും സൗഹൃദത്തിലോ പെരുമാറ്റത്തിലോ കാപട്യം കാണിക്കാത്ത, ‘നേതാവ്‘ എന്ന വിശേഷണത്തിന് തീർത്തും അർഹൻ. അദ്ദേഹത്തെ ‘ഗ്ലോറിഫൈ‘ ചെയ്യാൻ കഴിയുന്ന ഒരു നൂറു സംഭവങ്ങൾ എന്റെ ഓർമയിലുണ്ട്. അതൊക്കെ അടുത്തു നിന്ന് നേരിട്ട് കണ്ടു സ്വയം ബോധ്യപ്പെട്ടിട്ടുള്ളതിനാലും, അതൊന്നും ഇവിടെ ഇപ്പോൾ വിളമ്പേണ്ടതല്ലാത്തതിനാലും മൗനം പാലിക്കുന്നു.
എന്നെ ന്യായീകരണ തൊഴിലാളി എന്ന് വിളിക്കുന്നവരോട് ഒരു പരിഭവവുമില്ല. ഇത് ന്യായീകരണം തന്നെയാണ്,കൂട്ടത്തിൽ ചെറുത്തുനിൽപ്പും.ഒരു ചില്ലിക്കാശിന്റെ അഴിമതി കാട്ടാത്ത,സ്വജന പക്ഷപാതം കാട്ടാത്ത,ഒട്ടേറെ ആക്രമണങ്ങളെ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം അതിജീവിച്ച ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് നേതാവിനെ ചെളിവാരിയെറിയാനുള്ള നീക്കത്തെ ചെറുത്തില്ലെങ്കിൽ പിന്നെ എന്ത് രാഷ്ട്രീയം…