Advertisement
സോഷ്യൽ മീഡിയ

ഒരു നിമിഷം ഈ പോസ്റ്റ് ഒന്ന് വായിക്കൂ

Advertisement

. ഡോ. ജെ.എസ് വീണയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ പ്രസക്തഭാഗങ്ങൾ തുടർന്നുവായിക്കാം.

ഇതുവരെ ചെയ്ത പോസ്റ്റ്മോർട്ടങ്ങളുടെ എണ്ണം അഞ്ഞൂറിനടുത്ത്. അതിൽ മുന്നൂറിലധികവും റോഡപകടങ്ങൾ തന്നെ. വയലൻസ് ആണ് എഴുതാൻ പോകുന്നത്. ക്ഷമിക്കുക. ചതഞ്ഞരഞ്ഞ ഉടലുകൾ. കുഞ്ഞിന്റെ മരുന്ന്ശീട്ട് മുറുക്കെപ്പിടിച്ച നിലയിൽ അറ്റുപോയ കൈകൾ. വിലയേറിയ വാച്ചുകളും സ്വർണവളകളും മോതിരങ്ങളും അണിഞ്ഞ കൈകൾ വേർപെട്ട നിലയിൽ. ആ കൈകളിലെ നെയിൽപോളിഷുകളും ടാറ്റൂഅടയാളങ്ങളും. ചതഞ്ഞരഞ്ഞ കഴുത്തിനിടയിൽ കെട്ടുപിണഞ്ഞുകിടന്ന കൊന്തമാലകളും താലികളും.

ആഘാതത്തിന്റെ ഇടിയിൽ ഉടലിൽ ഒരു കുഞ്ഞ്തൊലിയാൽമാത്രം ബന്ധിപ്പിക്കപ്പെട്ട നിലയിൽ പറിഞ്ഞുപോയ വൃഷണസഞ്ചി. മുറിവിലൂടെ പുറത്തോട്ടു തള്ളിയ കുടൽമാലകൾ, വീഴ്ചയുടെ ആഘാതത്തിൽ പൊട്ടിയ വയറിനകത്തെ ബിരിയാണി. വണ്ടികയറിയപ്പോൾ ഉടഞ്ഞുപോയ തലകൾ, അതിലൊരു തലയുടെ കണ്ണിലേക്കാഴ്ന്നിറങ്ങിയ ഇരുമ്പുകമ്പി, ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ മറ്റേക്കണ്ണ്, തകർന്ന മൂക്കുകൾ, അതിൽനിന്നും കണ്ട മൂക്കുത്തികൾ. പറിഞ്ഞുപോയ ചെവികളും, ചെവികളിലെ ഒന്നും രണ്ടും മൂന്നും കുത്തുകളിലെ കമ്മലുകൾ. മറ്റൊരു കവറിൽ വാരിക്കൂട്ടിയ തലച്ചോറിന്റെ ഭാഗങ്ങൾ.

ചതഞ്ഞരഞ്ഞ നെഞ്ച്. ശ്വാസകോശങ്ങളിലേൽക്കും ഹൃദയത്തിലേക്കും വരെ കുത്തിയിറങ്ങുന്ന വാരിയെല്ലുകൾ. ദേ, തൊട്ടടുത്ത കടയിലേക്ക് എന്നും പറഞ്ഞ് മതിയായ സുരക്ഷകൾ ഇല്ലാതെ വണ്ടിയോടിച്ചവർ മോർച്ചറിയിൽ എത്തിയപ്പോഴുള്ള അവസാനനിമിഷങ്ങൾ ആണിവ. വീടിന്റെ തൊട്ടടുത്ത കടയിലേക്ക് പോകും വഴി ദിവസവും കാണുന്ന ഇലട്രിക് പോസ്റ്റുകൾ ഇടിച്ചു താഴെ വീണ് മരിച്ചവരും കുറവല്ല. ഇതിന്റെ ആയിരം മടങ്ങു വേദനകൂടിയ ജീവിതങ്ങളെപ്പറ്റി പറഞ്ഞുതരാൻ ഓർത്തോ/ന്യൂറോസർജന്മാർക്കു കഴിയും.

വണ്ടിയോടിക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ എടുക്കുന്ന മുൻകരുതലുകൾ ഇതൊക്കെയാണ്.

ഹെൽമെറ്റ് വെക്കും.
സീറ്റ് ബെൽറ്റിടും.
വേഗത കൂട്ടാറില്ല.
ഉറക്കം കുറഞ്ഞ ദിവസങ്ങളിൽ വണ്ടി ഓടിക്കില്ല.
വിഷമങ്ങൾ ഉള്ള, മനസ് കലുഷിതമായ അവസരങ്ങളിൽ വണ്ടി ഓടിക്കില്ല.
ട്രാഫിക് നിയമങ്ങൾ തെറ്റിക്കില്ല.

മുതിർന്നവരോടും അച്ഛനമ്മമാരോടും പറയാൻ ഉള്ളതിതാണ്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന മാതൃകകൾ ആവുക.
മക്കൾ സ്വന്തം കാശിന് വണ്ടി വാങ്ങട്ടെ. അതിന്റെ ഉത്തരവാദിത്തം ഒന്ന് വേറെ തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ അഭിപ്രായം മാത്രം.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിനോട് പറയാനുള്ളത് :

ലൈസൻസ് അപേക്ഷകർക്കുള്ള ക്ലാസ്സുകളിൽ ഞങ്ങൾ ഡോക്ടർമാരെക്കൂടെ ഉൾപ്പെടുത്തൂ. അപകടങ്ങൾ എത്ര ഭീകരമാണെന്നതും വേദനയുളവാക്കുന്നതാണെന്നും ഞങ്ങളുടെ അത്ര നന്നായി അവരെ പറഞ്ഞ് മനസിലാക്കാൻ മറ്റാർക്കും കഴിയില്ല. അപകടങ്ങളിൽ എന്നെന്നേക്കുമായി പരിക്കുപറ്റിയവരുടെ അനുവാദത്തോടെ അവരുടെ വീഡിയോകൾ തയ്യാറാക്കൂ. അവ ക്ലാസ്സുകളിൽ കാണിക്കൂ.

വണ്ടിയോടിക്കുന്നവരോട് പറയാൻ ഉള്ളത്.
ചതഞ്ഞരഞ്ഞ ഉടലുകളിൽ കണ്ട കൊന്തയും ടാറ്റൂമാർക്കും നെയിൽ പോളിഷും കമ്മലുകളും മൂക്കുത്തികളും കുഞ്ഞിന്റെ മരുന്നുശീട്ടും എല്ലാം ജീവിതത്തോടുള്ള മനുഷ്യന്റെ ആസക്തി തന്നെയായിരുന്നു. ജീവിതം അത്രയും വിലപ്പെട്ടതാണ്. ഒരിക്കലും നമ്മുടെ ശ്രദ്ധക്കുറവുകൊണ്ട് അതില്ലാതാക്കരുത്. റോഡിലുള്ള മറ്റാരും നമ്മുടെയത്രത്തോളം നമ്മുടെ ജീവൻ ശ്രദ്ധിക്കില്ല എന്നതും ഓർക്കണം.

Advertisement
Advertisement