ആധാർ മൊബൈൽ ലിങ്കിങ്ങും അതിനു പിന്നിലെ തട്ടിപ്പുകളും സുജിത് കുമാർ എഴുതുന്നു..
മൊബൈൽ കമ്പനിക്കാരുടെ തുരുതുരായുള്ള മെസേജുകൾ വായിച്ച് പരിഭ്രമിച്ച് ആധാർ മൊബൈൽ ഫോണുമായി ലിങ്ക് ചെയ്യിക്കാൻ അവരുടെ തട്ടുകടകളിലേക്ക് ഓടി പണി വാങ്ങിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇങ്ങനെ ലിങ്ക് ചെയ്യിച്ചതുകൊണ്ട് നിങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെന്ന് മാത്രമല്ല നിങ്ങളേക്കാൾ കൂടുതൽ അതുകൊണ്ട് പ്രയോജനം അവർക്ക് തന്നെയാണെന്ന് ഈ ആക്രാന്തം കണ്ടിട്ടെങ്കിലും മനസ്സിലാക്കുക. എയർടെൽ, വോഡാഫോൺ തുടങ്ങിയവരുടെ കസ്റ്റമർ സർവീസ് സെന്ററുകളിൽ ചെന്ന് വിരലടയാളം പതിച്ച് ആധാറുമായി ലിങ്ക് ചെയ്യുമ്പോൾ അവർക്ക് എന്തിനെല്ലാമാണ് അവകാശം നൽകുന്നതെന്ന് ചോദിച്ച് മനസ്സിലാക്കുന്നവർ കുറവായിരിക്കും. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ അജ്ഞതയെ മുതലെടുത്ത് ഈ കമ്പനികൾ ഉപഭോക്താക്കളെക്കൊണ്ട് അവരുടെ ബാങ്കിംഗ് സർവീസുകളിലേയ്ക്ക് കൂടി അവരറിയാതെ തന്നെ അംഗത്വമെടുപ്പിക്കുന്നു. അതുകൊണ്ടെന്താ കുഴപ്പം? ആധാർ എന്ന കോർപ്പറേറ്റ് പ്രൊജക്റ്റിന്റെ മറ്റൊരു ചതിക്കുഴിയിൽ നിങ്ങൾ വീഴുന്നു. ഗ്യാസ് സബ്സിഡി ഉൾപ്പെടെയുള്ള ഗവണ്മെന്റ് സബ്സിഡികൾ ഏറ്റവും അവസാനം ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് ആയിരിക്കും പോവുക എന്നൊരു ഉഡായിപ്പ് ആർക്കു വേണ്ടിയോ ഇവർ ഒപ്പിച്ച് വച്ചിട്ടുണ്ട്. അതുകൊണ്ട് വിരലടയാളം അമർത്തി എയർ ടെൽ മൊബൈൽ ലിങ്ക് ചെയ്യുമ്പോൾ അടുത്ത തവണ ഗ്യാസ് സബ്സിഡി നിങ്ങൾ കേട്ടിട്ടൂപോലുമില്ലാത്ത എയർ ടെൽ ബാങ്കിലേക്ക് പോയാൽ അത്ഭുതപ്പെടേണ്ടതില്ല. കെണിയിൽ പെട്ടുപോയി എന്ന് മനസ്സിലാക്കിയാൽ മാത്രം മതി. സർക്കാരായിട്ട് ചെയ്തു തരുന്ന സഹായങ്ങളാണിതൊക്കെ.
ഈ വിഷയത്തിൽ കുറേ കേസുകൾ സുപ്രീം കോടതിയിൽ നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മൊബൈൽ ആധാറുമായി ലിങ്ക് ചെയ്യേണ്ടെന്ന് സുപ്രീം കോടതി പറയുമെന്ന് തോന്നുന്നില്ല . ഡിസംബർ ഒന്നു മുതൽ മെസേജിലൂടെയും ഓ ടി പി വഴിയും ആധാർ ലിങ്ക് ചെയ്യാനുള്ള സംവിധാനം വരാൻ പോകുന്നുണ്ട്. അതുവരെ എങ്കിലും ക്ഷമിക്കുക. തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കുക.