ഇന്നത്തെ കാലത്ത് പുറമേയുള്ള സൌന്ദര്യത്തിനാണ് പ്രാധാന്യം എന്ന് പല കാര്യങ്ങളും കാണുമ്പോള്‍ നമുക്ക് തോന്നും. എന്നാല്‍ ഈ ചെറുപ്പക്കാരന്റേയും പെണ്‍കുട്ടിയുടേയും കഥ അറിഞ്ഞാല്‍ ആ ചിന്ത നമുക്ക് ഇല്ലാതെ ആകും.
‘ബാഹ്യമായ സൗന്ദര്യത്തിലല്ല, മനസിന്‍റെ സൗന്ദര്യത്തിലാണ് കാര്യം’ പലരും ഇങ്ങനെ പറയാറുണ്ട്. എന്നാല്‍, അത് തന്‍റെ ജീവിതം കൊണ്ട് തെളിയിച്ച ഒരാളെ പരിചയപ്പെടുത്തിയിരിക്കുകയാണ് ‘ഹ്യുമന്‍സ് ഓഫ് ബോംബെ’ എന്ന ഫേസ്ബുക്ക് പേജ്.
വ്യത്യസ്തങ്ങളായ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന പേജാണിത്. ലളിത എന്ന യുവതിയുടെ ഭര്‍ത്താവാണ് അവളെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും വിവാഹം കഴിച്ചതിനെ കുറിച്ചും വിശദീകരിച്ചിരിക്കുന്നത്.
ആസിഡ് അക്രമണത്തെ അതിജീവിച്ചയാളാണ് ലളിത. ഒരു ഫോണ്‍ കോളിലൂടെയാണ് രണ്ടുപേരും പരിചയപ്പെടുന്നത്. നേരില്‍ കാണുന്നതിന് മുമ്പ് തന്നെ ലളിത തന്നോട് അവളെ കണ്ടാല്‍ ഭയന്നു പോകുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍, അവളെ കാണുകയും വിവാഹം ചെയ്യുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം അവളും മകനുമാണെന്നും അവള്‍ തനിക്കായി സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്.
ഞാന്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ഫോണ്‍ വന്നത്. ഫോണിന്‍റെ മറുതലയ്ക്കലുള്ള പെണ്‍കുട്ടി എന്നോട് പറഞ്ഞത് അമ്മയോട് ഒന്നു സംസാരിക്കാനാണ് എന്നാണ്.
ഞാനവളോട് പറഞ്ഞു, അവള്‍ക്ക് നമ്പര്‍ മാറിപ്പോയതാകണം. കാരണം, എന്‍റെ അമ്മ എന്‍റെ കൂടെ എന്‍റെ ഗ്രാമത്തിലാണ് താമസിക്കുന്നത് എന്ന്.
‘ക്ഷമിക്കണം, സഹോദരാ’ എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വെച്ചു. തിരികെ വിളിച്ച് ഇതാരാണ് എന്ന് ഞാന്‍ ചോദിച്ചു. പിന്നീട്, അവളെ കുറിച്ച് ഓര്‍ക്കാതിരിക്കാനേ എനിക്കായില്ല.
പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഞാനവളെ വിളിച്ചു. അന്ന്, കുറച്ചു കൂടി അവളെക്കുറിച്ച് അറിയാനാണ് ഞാന്‍ ശ്രമിച്ചത്.
പയ്യെപ്പയ്യെ, ഞങ്ങള്‍ എല്ലാ ദിവസവും സംസാരിച്ചു തുടങ്ങി. ഒരു മാസം കഴിഞ്ഞു കാണും അവളെന്നോട് പറഞ്ഞു, അധികകാലം ഞാനവളെ വിളിക്കുമെന്ന് തോന്നുന്നില്ലായെന്ന്.
പിറ്റേ ദിവസം വിളിച്ച് അങ്ങനെ പറയാനെന്താണ് കാരണം എന്ന് ചോദിച്ചു. അവള്‍ പറഞ്ഞു, അവളുടെ മുഖം പകുതിയും പൊള്ളിപ്പോയതാണ്.
ഉടനെ ഞാന്‍ തിരികെ ചോദിച്ചത് ‘അതിനെന്താണ്’ എന്നാണ്. അവളെന്നോട് പറഞ്ഞു, അവളെ കണ്ടാല്‍ ഞാന്‍ ഭയന്നുപോകും എന്ന്. ഞാനങ്ങനെ ഒരാളല്ലെന്ന് ഞാനവളോട് പറഞ്ഞു.
ഒരു സുഹൃത്തിനെയും കൂട്ടി ഞാനവളുടെ ഗ്രാമത്തില്‍ പോയി. അങ്ങനെ, അവസാനം ഞങ്ങള്‍ തമ്മില്‍ കണ്ടു. അവള്‍ മുഖത്ത് നിന്നും ദുപ്പട്ടയെടുത്തു. ഞാനൊരു ഹീറോ ആയിരുന്നില്ല.
അതുപോലെ അഭിനയിക്കുന്നുമില്ല. അതുകൊണ്ടുതന്നെ, അവളെ കണ്ടപ്പോള്‍ ഞാന്‍ ആദ്യം ഭയന്നിരുന്നു. പക്ഷെ, അവളുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു, അവളെത്തന്നെയേ ഞാന്‍ വിവാഹം കഴിക്കൂ എന്ന്.
എന്താണ് അവള്‍ക്ക് സംഭവിച്ചത് എന്ന് പിന്നീട് അവളെന്നോട് പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളും അവളുടെ കസിനും തമ്മില്‍ ചെറിയൊരു വാക്കുതര്‍ക്കമുണ്ടായി.
അവന്‍ പറഞ്ഞു, ‘നീ ധിക്കാരിയാണ്. നിന്‍റെ മുഖത്ത് ഞാന്‍ ആസിഡ് ഒഴിക്കും’. അവളത് തമാശയായിട്ടാണ് കണ്ടത്. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം അവന്‍ തിരിച്ചു വന്നു.
അവള്‍ പുറത്ത് പോകുന്ന സമയം അവളുടെ മുടി പിടിച്ചുവലിച്ചു. അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. അവളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു.
ചികിത്സ അവളെ മുംബൈയിലെത്തിച്ചു. അവള്‍ ആസിഡ് അക്രമണത്തെ അതിജീവിച്ചവരുടെ ഒപ്പമെത്തി. അവസാനം എന്നിലും.
എങ്ങനെ എന്‍റെ വധുവിനെ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കും എന്ന് പലരും എന്നോട് ചോദിച്ചു. ഞാനവരോട് പറഞ്ഞു സ്നേഹം അങ്ങനെയാണ്. ഇത് മറ്റുള്ളവരുടെ കാര്യമല്ല.
എന്‍റെയും അവളുടെയും മാത്രം കാര്യമാണ്. നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരാളെ എവിടെ വച്ചാണ് നിങ്ങള്‍ കണ്ടെത്തുക എന്നറിയില്ല. അതായിരിക്കും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം.
അവളും ഞങ്ങളുടെ മകനുമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. അവള്‍ എപ്പോഴും പ്രചോദനമാകുന്നൊരു പെണ്‍കുട്ടിയാണ്, സത്യസന്ധയാണ്, ദയാലുവാണ്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരിയാണ്. കാരണം, ഞാനവളുടെ ഹൃദയം കണ്ടു. അതിലാണ് കാര്യം. അവള്‍ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്.