രണ്ട് തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം
കൊല്ലം സ്വദേശിനി ഉത്ര എന്ന 25 വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹതകളേറുന്നു. ഭർത്താവ് സൂരജിനെതിരെ ഉത്തരയുടെ മാതാപിതാക്കൾ രംഗത്തേക്ക് വന്നതോടുകൂടിയാണ് പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ മരണത്തിന് പിന്നിലുള്ള രഹസ്യങ്ങൾ ചുരുളഴിഞ്ഞു തുടങ്ങുന്നത് .2020 മാർച്ച് രണ്ടാം തീയതി ഭർത്തൃഗൃഹത്തിൽ ഉത്ര പാമ്പിനെ കാണുകയും ,തുടർന്ന് ബഹളം വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ സൂരജ് അപ്പോൾ തന്നെ പാമ്പിനെ അനായാസം ചാക്കിൽ കയറ്റി അവിടെ നിന്നും മാറ്റിയിരുന്നു. ഈ വിവരം ഉത്ര ബന്ധുക്കൾ എല്ലാവരോടും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അന്നു വൈകുന്നേരം ഉത്രയെ പാമ്പ് കടിക്കുകയും,തുടർന്ന് 16 ദിവസം ഐ സി യുവിൽ ചികിത്സിക്കുകയും ,ആശുപത്രിയിൽനിന്ന് വന്നതിനുശേഷം കൂടുതൽ വിശ്രമത്തിനായി ഉത്ര തന്റെ സ്വന്തം വീട്ടിൽ സൂരജിനൊപ്പം താമസിച്ച് വരികയായിരുന്നു.
സ്വന്തം ഗൃഹത്തിൽ വെച്ച് ഉത്രക്ക് പാമ്പുകടി ഏൽക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പിച്ചു പറയുന്നതിന് ചില കാരണങ്ങൾ പോലീസിന് നൽകിയിട്ടുണ്ട് . എയർ കണ്ടിഷണർ മുറി ആയതിനാൽ ജനലുകളും വാതിലുകളും വെൻറ്റിലേഷനുകളും പൂർണ്ണമായി അടയ്ക്കുകയാണ് പതിവ്. കൂടാതെ രണ്ടാം നിലയിലുള്ള ഇവരുടെ മുറിയിലേക്ക് പാമ്പു വന്നതും ഇവരെ ആശങ്കപ്പെടുത്തുന്നു .മുറിയിലെ ജനലിനരികിൽ സൂരജാണ് കിടക്കാറുള്ളതെന്നും അതിനുശേഷമുള്ള കിടക്കയിലാണ് ഉത്ര കിടക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട് .സൂരജിന് പാമ്പ് പിടുത്തവുമായി നല്ല കൈവഴക്കമുണ്ടെന്ന് ഉത്രയുടെ ബന്ധുക്കളും പറയുന്നുണ്ട് .10,000 രൂപയ്ക്ക് കുറച്ചുനാളുകൾക്കു മുമ്പ് സൂരജ് ഒരു പാമ്പാട്ടിയുടെ കയ്യിൽനിന്ന് ഒരു പാമ്പിനെ വാങ്ങിച്ചതുമായി ബന്ധപ്പെട്ട് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഉത്രയുടെ അമ്മ രാവിലെ മുറിയിൽ വന്നു നോക്കുമ്പോഴാണ് ഉത്ര മരിച്ചുകിടക്കുന്നതായി കണ്ടത്. കുറച്ചുമാറി പാമ്പിനെയും കാണപ്പെട്ടു .അന്ന് രാവിലെ മുതൽ സൂരജ് അസ്വാഭാവികമായി പെരുമാറുന്നുവെന്നും മാതാപിതാക്കളും ബന്ധുക്കളും പറയുന്നു .
കല്യാണത്തിനുശേഷം സ്ത്രീധനമായി 100 പവനും അഞ്ചു ലക്ഷവും കാറുമെല്ലാം ഉത്രയുടെ മാതാപിതാക്കൾ സൂരജിന് നൽകിയെങ്കിലും, മാനസികമായി മകളെ നിരവധിതവണ പീഡിപ്പിച്ചിരുന്നുവെന്നും മാതാപിതാക്കളും ബന്ധുക്കളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പാമ്പ് പിടുത്തവുമായി ബന്ധപ്പെട്ട വ്യക്തികളുടെ നിരീക്ഷണം അനുസരിച്ച് പാമ്പുകളുമായി നിരന്തരമായി കൈകാര്യം ചെയ്യാൻ അറിയുന്ന ഒരു വ്യക്തിക്ക് മാത്രമേ ഇങ്ങനെയൊരു പ്രവർത്തിക്ക് സാധിക്കുകയുള്ളൂവെന്നും ,കേസ് സൂരജിലേക്ക് തന്നെയാണ് വിരൽ ചുണ്ടുന്നതെന്നും വ്യക്തമാകുന്നു. ഇതിനിടയിൽ സൂരജ് ഉത്രയുടെ സഹോദരനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട് .എന്നാൽ സാഹചര്യ തെളിവുകൾ എല്ലാംകൊണ്ടും ഈ കേസ് ഭർത്താവായ സൂരജിൽ തന്നെയാണ് എത്തിച്ചേരുന്നത് .ക്രൈംബ്രാഞ്ചിന് കേസ് കൈമാറ്റം ചെയ്തിട്ടുണ്ട്. പ്രാഥമിക നിരീക്ഷണ റിപ്പോർട്ട് ഇന്ന് കൊല്ലത്ത് ഓഫീസിൽ സമർപ്പിക്കും.