റംസാൻ പ്രമാണിച്ച് ദുബായില്‍ യാത്രാനിയന്ത്രണങ്ങളില്‍ ഇളവ്

റംസാൻ നോമ്പ് തുടങ്ങിയ പശ്ചാത്തലത്തിൽ ദുബായിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.വൈകീട്ട് 6 മുതൽ രാത്രി 10 വരെ പോലീസിൻ്റെ പ്രത്യേക അനുമതിയില്ലാതെ പുറത്തിറങ്ങാം.കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി നിർത്തിവെച്ചിരുന്ന മെട്രോ സർവീസ് ഞായറാഴ്ച മുതൽ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും.

Advertisement

ദുബായിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
ദേശീയ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി ഇളവ് അനുവദിച്ചതോടെ രാവിലെ 6 മുതൽ രാത്രി 10 വരെ പോലീസിൻ്റെ പ്രത്യേക അനുമതിയില്ലാതെ പുറത്തിറങ്ങാം .എന്നാൽ അണുനശീകരണം നടക്കുന്നതിനാൽ രാത്രി 10 മുതൽ രാവിലെ 6 വരെ ആശുപത്രിയിൽ അടിയന്തരമായി പോകുന്നതിന് മാത്രമായിരിക്കും അനുമതി .ആകെ ജീവനക്കാരിൽ 30% പേരെ മാത്രമേ ഓഫീസുകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ .6 മണിക്കൂറാണ് പരമാവധി പ്രവർത്തന സമയം. രാവിലെ ഓഫീസിൽ പ്രവേശിക്കുന്നതിനു മുൻപ് ടെമ്പറേച്ചർ പരിശോധിക്കാൻ സംവിധാനം ഉറപ്പാക്കണം .
ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ ഷോപ്പിംഗ് മാളുകൾ തുറക്കും .എന്നാൽ സിനിമ തീയറ്ററുകൾ ,വിനോദകേന്ദ്രങ്ങൾ, പ്രാർത്ഥനാമുറികൾ എന്നിവ അടച്ചിടും. ഭക്ഷണശാലകളിൽ 30 ശതമാനം ആളുകളെ മാത്രമേ ഒരേസമയം പ്രവേശിപ്പിക്കാവൂ എന്നുമുണ്ട്. 3 മുതൽ 12 വയസ്സുവരെയുള്ളവരും 60 വയസ്സിന് മുകളിൽ ഉള്ളവരും മാളുകളിൽ പ്രവേശിക്കരുത്.
ദുബായ് മെട്രോ,ടാക്സി, ബസ് എന്നീ  പൊതുഗതാഗത സംവിധാനങ്ങൾ ഞായറാഴ്ച മുതൽ  പ്രവർത്തനം ആരംഭിക്കും .അതേസമയം സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ,മാസ്ക് ധരിച്ചിരിക്കണം എന്നുമാണ് നിർദ്ദേശം .നിയമലംഘകർക്ക് എതിരെ കർശന നടപടി തുടരും. മൂന്നാഴ്ചയായി തുടരുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നതിനെ തുടർന്നാണ് ഇളവുകളെന്നും ദേശീയ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വ്യക്തമാക്കുന്നു.