ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ സഹായിക്കാന്‍ HSS ലൈവ്
കൊല്ലം കടയ്ക്കൽ കുറ്റിക്കാട് CP ഹയർ സെക്കൻഡറി സ്കൂളിൽ 2000 മുതൽ ഹയർ സെക്കൻഡറി അദ്ധ്യാപകൻ ആയി വര്‍ക്ക് ചെയ്യുന്ന ടിജു ജോണ്‍ അധ്യാപകന്‍ എന്നതില്‍ ഉപരി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അറിവ് പകര്‍ന്നു നല്‍കുന്ന www.hsslive.in എന്ന ബ്ലൊഗ്ഗിന്റെ ഉടമ കൂടി ആണ്.
- എന്താണ് hsslive എന്ന ബ്ലോഗ് ,എന്താണ് അത് തുടങ്ങുവാന്‍ ഉണ്ടായ സാഹചര്യം
എകദേശം 22 വർഷങ്ങർക്ക് മുൻപ് ബിരുദ പഠനത്തിന് കമ്പ്യൂട്ടർ സയൻസ് എടുക്കുമ്പോൾ മനസ്സിലുണ്ടായിരുന്നത് സോഫ്റ്റ് വെയർ പ്രൊഫഷണൽ ആകുക എന്നതായിരുന്നു. ഫോർട്രാൻ, കോബോൾ, C++ ഒക്കെയായിരുന്നു അന്നത്തെ സിലബസിലെ സിമ്പിളും പവർഫുള്ളുമായ താരങ്ങൾ. ക്രമേണ പ്രോഗ്രാമ്മിങ് പേപ്പറുകൾ ഇഷ്ട വിഷയമായി മാറി. ബിരുദാനന്തര ബിരുദ പഠനത്തിന് കമ്പ്യൂട്ടർ സയൻസ് തെരഞ്ഞെടുക്കുമ്പോൾ സോഫ്റ്റ്‌വെയർ പ്രോഗ്രാമർ ആകാനുള്ള തീരുമാനം ഉറപ്പിച്ചു.
2000 ൽ പഠനം പൂർത്തിയാക്കുമ്പോൾ നാട്ടിലെങ്ങും ഹയർ സെക്കൻഡറി തലത്തിൽ കമ്പ്യൂട്ടർ സയൻസ് വിഷയം സാർവത്രികമായി . അദ്ധ്യാപക കുടുബ പശ്ചാത്തലം എന്നെയും കൊണ്ടെത്തിച്ചത് അദ്ധ്യാപനത്തിൽ തന്നെയാണ്. 2000 ൽ തന്നെ ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അക്കാഡമിക്ക് പ്രവർത്തനങ്ങളിൽ സജീവമായതോടെ പ്രോഗ്രാമിങ്ങ് മോഹങ്ങൾക്ക് വിരാമമായി.
എന്നാൽ 2011 ൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി പഠന കുറിപ്പുകളും സ്കൂളുകൾക്ക് ആവശ്യമായ സോഫ്റ്റ് വെയർ ടൂളുകളും പങ്ക് വെക്കാനായി Hsslive.in എന്ന പേരിൽ സ്വന്തമായി ബ്ലോഗ് ആരംഭിക്കുമ്പോൾ അക്കാഡമിക് പ്രവർത്തനങ്ങളിൽ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമമായി. എട്ട് കോടി പേജ് വ്യൂ നേടി കേരളത്തിലെ മുൻനിര വിദ്യാഭ്യാസ ബ്ലോഗുകളിലൊന്നായി Hsslive മാറിയതിന്പിന്നിൽ ഹയർ സെക്കന്ററി മേഖലയിലെ പ്രമുഖരായ നിരവധി അദ്ധ്യാപകരുടെ പഠന കുറിപ്പുകൾക്കും വലിയ പങ്ക് ഉണ്ട്. നേരിൽ കണ്ടിട്ടില്ലാത്ത നിരവധി പ്രതിഭകളുടെ പഠന വസ്തുക്കൾ ശേഖരിച്ച് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഈ കൂട്ടായ്മയിലൂടെ വിദ്യാർത്ഥി സമൂഹത്തിന് പകർന്ന് നൽകാൻ സാധിച്ചു. ഗൂഗിൾ അനലറ്റിക്‌സ് പ്രകാരം ദിനംപ്രതി പതിനായിരക്കണക്കിന് കുട്ടികൾ വിവിധ പഠന കുറിപ്പുകൾക്കായി ബ്ലോഗിലെത്തുന്നു.
കുട്ടികളുടെ അക്കാഡമിക് സംശയങ്ങൾ, അധ്യാപകരുടെയും, സർക്കാർ ജീവനക്കാരുടെയും സർവീസ് വിഷയങ്ങൾ എന്നിവയെല്ലാം കൈകാര്യം ചെയ്യാൻ സാധിയ്ക്കുന്ന ഒരു കൂട്ടായ്മ ബ്ലോഗിലൂടെ രൂപപ്പെടുത്താൻ സാധിച്ചു. ബ്ലോഗിന്റെ വായനക്കാർ പ്രധാനമായും വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷകർത്താക്കളും പിന്നെ സർക്കാർ ജീവനക്കാരുമാണ്.
ബ്ലോഗിന്റെ രൂപകല്പനയിലും, പരിപാലനത്തിനും മൊബൈൽ ആപ്പ് നിർമ്മാണത്തിലും പാഠപുസ്തകത്തിനപ്പുറത്തായ വായന വേണ്ടി വരുന്നു. മുൻകാല ചോദ്യപേപ്പറുകൾ, ഉത്തര സൂചിക, പഠന കുറിപ്പുകൾ, സർക്കാർ ഉത്തരവുകൾ, സ്കൂൾ സോഫ്റ്റ് വെയർ ടൂളുകൾ എന്നിവയൊക്കെ തെരഞ്ഞ് വരുന്നവരെ നിരാശരാക്കാതിരിക്കാൻ നിരന്തര അപ്ഡേഷൻ ആവശ്യമാണ്. ദിവസവും ചില മണിക്കൂറുകൾ ഇതിനായി മാറ്റി വെക്കേണ്ടി വരുന്നു. ഫെയ്സ് ബുക്ക് പേജിലും ബ്ലോഗിലും വരുന്ന കമന്റുകൾക്കും ഇൻബോക്സിൽ എത്തുന്ന മെസ്സേജുകൾക്കും മറുപടി നൽകാൻ അധിക സമയം കണ്ടെത്താറുണ്ട്.
ഹയർ സെക്കന്ററി രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ്/ആപ്ലിക്കേഷൻ പാഠപുസ്തകത്തിൽ ബ്ലോഗിനെ പറ്റിയുള്ള കുറിപ്പ് ഉൾപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകനെന്നനിലയില്‍ സ്വന്തം സൃഷ്ടിയപ്പറ്റിയുള്ള വിവരണം സ്‌കൂള്‍ പാഠഭാഗമായി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള അപൂർവ്വ ഭാഗ്യവും ഇയുള്ളവന് ഉണ്ടായി.
- ഒറ്റക്കാണോ ഇതൊക്കെ മാനേജ് ചെയ്യുന്നത്.അതോ ആരെങ്കിലും സഹായിക്കുമോ
ബ്ലോഗ് അഡ്മിൻ ഞാൻ മാത്രം ആണ് . ലഭിക്കുന്ന പ0ന വസ്തുക്കൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിയ്ക്കാൻ അതിനാൽ തന്നെ സമയം വേണ്ടിവരുന്നു. 9 മുതൽ 4. 45 വരെ സ്കൂൾ സമയം . അതിനാൽ വീട്ടിൽ വന്ന് 2 മണിക്കൂറോളം ഇതിനായി ചിലവഴിക്കും. അവധി ദിനങ്ങൾ ഉപയോഗിക്കാറുണ്ട്.പിന്നെ കുടുബം നന്നായി സഹകരിയ്ക്കുന്നു.
- ബ്ലോഗിംഗ് വഴി എന്തെങ്കിലും വരുമാനം ഉണ്ടോ
2011 ൽ ആരംഭിച്ചതാണ് ബ്ലോഗ്. 7 വർഷമായി ഒരു തരത്തിലും വരുമാനം ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലോഗിങ്ങ് ചിലവുകൾ വർധിച്ചപ്പോൾ ഗൂഗിൾ പരസ്യ വരുമാനം ഉപയോഗിക്കേണ്ടതായി വന്നു. ഡൊമെൻ , സേർവർ സ്പേസ് എന്നിവയുടെ ചിലവുകൾ ഇപ്പോൾ ഇതിൽ നിന്ന് ലഭിയ്ക്കുന്നു
- എന്തൊക്കെ ആണ് ഇനി ഭാവി പരിപാടികൾ
ഒരു സമ്പൂർണ്ണ വിദ്യാഭ്യാസ പോർട്ടൽ ആക്കി മാറ്റാൻ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്. അദ്ധ്യപനത്തോടൊപ്പം ബ്ലോഗിങ്ങ് കൊണ്ടു പോകുന്നതിനാൽ സമയക്കുറവ് ഒരു പരിമിതിയാണ്.
- ബ്ലോഗിംഗ് മേഖലയിലേക്ക് കടന്നു വരുന്നവരോട് താങ്കൾക്ക് എന്താണ് പറയുവാൻ ഉള്ളത്
നമുക്ക് താൽപ്പര്യമുള്ള മേഘലയിലെ അറിവുകൾ ബ്ലോഗിലൂടെ പങ്ക് വെക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി അനുഭവിച്ചറിയുക തന്നെ വേണം.
ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് HSS LIVE എന്ന ഫേസ് ബുക്ക് പേജ് ഫോളോ ചെയ്യാം.