ഒമാനിൽനിന്നും കേരളത്തിലേക്കുള്ള ആദ്യവിമാനം ഇന്ന് വൈകിട്ട്
കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ദുബായ്, ബഹ്റൈൻ ഇവിടെ നിന്നെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസികളുമായി സർവീസുകൾ നടത്തിയിരുന്നു. ഇന്ന് ഒമാനിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേക്ക് പറക്കും. വൈകിട്ട് 4.15 നു മസ്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നായിരിക്കും ആദ്യ സർവീസ് ആരംഭിക്കുന്നത്.
കോവിഡ് 19 രോഗബാധയെത്തുടർന്ന് അതീവ ജാഗ്രതയോടെയാണ് യാത്രക്കാരെ വിമാനങ്ങളിൽ കയറ്റുന്നതിനുള്ള വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. തെർമൽ സ്കാനിംഗും മറ്റും ഇതിൽ ഉൾപ്പെടെന്നു. 4 കുട്ടികൾ, ഗർഭിണികൾ,വയോധികർ,ചികിത്സ ആവശ്യമായവർ ഉൾപ്പെടെ 177 യാത്രക്കാരാണ് ഇന്ത്യയിലേക്ക് തിരികെ വരുന്നത്.
ആരോഗ്യ വിദഗ്ധരുടെയും ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ വിമാനത്താവളങ്ങളിൽ വെച്ചു തന്നെ ലഭ്യമാകുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. കയ്യുറയും, മാസ്കും യാത്രക്കാരുടെ കൈവശം നിർബന്ധമായും ഉണ്ടായിരിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കൊച്ചി ചെന്നൈ എന്നീ നഗരങ്ങളിലേക്ക് ആയിരിക്കും വിമാന സർവീസുകൾ നടത്തുക. അതിനുശേഷം സ്ഥലങ്ങളിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചിട്ടുണ്ട്.