മനുഷ്യത്വത്തിന് രാജ്യാതിർത്തി ഇല്ലെന്നു തെളിയിക്കുന്ന മലയാളികൾ
കടൽ കടന്നും മലയാളികളുടെ കാരുണ്യ പ്രവർത്തനം
ഈ കൊറോണ കാലത്തും മനുഷ്യത്വം തുളുമ്പുന്ന പ്രവർത്തികളുമായി ഒരു പറ്റം മലയാളികൾ.ദുബായിൽ കുടുങ്ങിക്കിടന്ന ഫിലിപ്പീൻസുക്കാരെയാണ് മലയാളികളുടെ ഒരു സംഘം സഹായിച്ചത്.ദുബായിലെ ജീവകാരുണ്യ പ്രവർത്തകരായ ഇവർ ഒരാഴ്ച്ചക്കുള്ള അവശ്യ വസ്തുക്കളെല്ലാം എത്തിച്ചു നല്കുകയായിരുന്നു.പത്തോളം വരുന്ന ഫിലിപ്പീൻസുക്കാരാണ് ജോലി ഇല്ലാത്തതിനെ തുടർന്ന് ദെയ്റാ യൂണിയൻ മെട്രോ സ്റ്റേഷന്റെ അടുത്തുള്ള താമസ സ്ഥലത്ത് കുടുങ്ങിയത്.
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം ജോലി ഇല്ലാത്തതിനെ തുടർന്ന് ഇവരോട് നാട്ടിലേക്ക് തിരിച്ചു പോകാൻ കമ്പനി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിമാനസർവീസുകൾ നിർത്തലാക്കിയതോടെ സ്വദേശമായ ഫിലിപ്പീൻസിലേക്കു പോകുന്നതിനുമുള്ള വഴിയും അടഞ്ഞു. ഈ അവസ്ഥയിൽ ജീവിതം വളരെ പ്രതിസന്ധിയിൽ ആയപ്പോഴാണ് സഹായ സന്നദ്ധതയോടെ മലയാളി സുഹൃത്തുക്കൾ എത്തിയത്.
ദിവസങ്ങളോളം വെള്ളവും ഭക്ഷണവും പോലുമില്ലാതെയാണ് ഇവർ മുറികളിൽ താമസിച്ചിരുന്നത്. സഹായ പ്രവർത്തകരായി എത്തിയവർ ഫിലിപ്പീൻസുകാരുടെ തന്നെ ഭക്ഷ്യ വസ്തുക്കളാണ് കൈമാറിയത് .സ്വന്തം ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത ഈ അവസ്ഥയിൽ തങ്ങളെ സഹായിക്കാനെത്തിയ മലയാളികളോട് ഒരുപാട് നന്ദിയും പറഞ്ഞു .