ജെസ്ന തിരോധാനം: നിർണായക തെളിവുകളുമായി ക്രൈം ബ്രാഞ്ച്
ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് രണ്ടു വർഷം തികയുന്ന ഈ വേളയിൽ നിർണായക തെളിവുകളുമായി ക്രൈം ബ്രാഞ്ച്. 2018 മാർച്ച് 22നാണ് കോളേജ് വിദ്യാർഥിനിയായ ജെസ്നയെ കാണാതാവുന്നത്. കേരളത്തിന് പുറത്ത് മറ്റൊരു സംസ്ഥാനത്ത് ജെസ്നയുണ്ടെന്നുള്ള അറിവാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്നത്. ലോക്ഡൗൺ കാരണം നിലവിൽ അന്തർ സംസ്ഥാനങ്ങളിലേക്കുള്ള യാത്രാതടസ്സവും തിരച്ചിലിനുള്ള നിയന്ത്രണവുമാണ് ഇപ്പോൾ ഈ കേസിൽ നേരിടുന്ന പ്രധാന പ്രശ്നം. എന്നിരുന്നാലും എത്രയും വേഗത്തിൽ ശുഭവാർത്ത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
പത്തനംതിട്ട എസ് പി കെ. ജി സൈമൺ, ജെസ്ന തിരോധാനത്തിൻ്റെ അധിക ചുമതലയുള്ള അദ്ദേഹം കേസിനെപറ്റി കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ തയ്യാറായില്ല. മുൻപ് അന്വേഷണം പത്ത് സംസ്ഥാനങ്ങളിൽ ഊർജിതമായി നടന്നെങ്കിലും, കേസിന് കൃത്യമായ പുരോഗതി ഇല്ലാത്തതിനാൽ ജെസ്ന തിരോധാനകേസ് ആറ് മാസങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു .മുൻപ് ഈ കേസിൽ നിർണായകമായി ജെസ്നയുടെ യാത്രയിലെ ചില സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജെസ്നയെ കാണാതായതിനു ശേഷം വീട്ടിൽനിന്ന് എരിഞ്ഞേരി വഴി മുണ്ടക്കയത്ത് എത്തിയതായി സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.ഈ സിസിടിവി ദൃശ്യങ്ങൾ മൊഴിയുമായി താരതമ്യം ചെയ്തപ്പോൾ ലഭിച്ച സാമ്യമാണ് ഈ കേസിലെ നിർണായകമായ ഒരു തെളിവ്. എന്നാൽ തുടർന്നുള്ള ജെസ്നയുടെ യാത്രയെ കുറിച്ച് യാതൊരു തെളിവും ലഭിച്ചിരുന്നില്ല.
ക്രൈംബ്രാഞ്ച് ഡയറക്ടറായി ചുമതലയേറ്റശേഷം ടോമിൻ ജെ .തച്ചങ്കരി നിശ്ചയിച്ച പ്രയോരിറ്റി ലിസ്റ്റ് അനുസരിച്ച് ആദ്യ പത്തു കേസുകളിൽ ജസ്ന മിസ്സിംഗ് കേസ് ഉൾപ്പെട്ടിരുന്നു.