അഭിയും യൂട്യൂബും-അഭിജിത്ത് വ്ലോഗ്ഗറുമായി ഒരു അഭിമുഖം
ഇന്ന് നമ്മൾ ട്രെൻഡിങ് കേരളയിലൂടെ പരിചയപ്പെടുന്നത് മലയാളി യൂട്യൂബർ ആയ അഭിജിത്തിനെ ആണ്.ഇത് വായിക്കുന്ന മിക്കവർക്കും അഭിജിത്തിനെ അറിയാമായിരിക്കും.പുതിയ സിനിമകൾ റിലീസ് ആകുമ്പോൾ അതിന്റെ റിവ്യൂ അറിയാൻ ഞാൻ ഉൾപ്പടെ നോക്കുന്നത് അഭിജിത്തിന്റെ യൂട്യൂബ് ചാനൽ ആയ അഭിജിത്ത് വ്ലോഗ്ഗർ ആണ്.പക്ഷാഭേദം ഇല്ലാതെ ശരിയായ സിനിമ റിവ്യൂ വളരെ വേഗത്തിൽ അഭിജിത്ത് തന്റെ ചാനലിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു.ശരിയായ റിവ്യൂ ഒട്ടും കലർപ്പില്ലാതെ എത്തിക്കുന്നതിനാൽ പലപ്പോഴും ഫാൻസിന്റെ കയ്യിൽ നിന്നും രൂക്ഷ വിമർശനങ്ങളും തെറിവിളികളും ഒക്കെ നേരിടേണ്ടി വരാറുണ്ട് അഭിജിത്തിന്.അതൊക്കെ ഉണ്ടെങ്കിലും അഭിജിത്ത് അതൊന്നും വകവെക്കാതെ സിനിമകളുടെ കൃത്യമായ വിലയിരുത്തൽ തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവെക്കുന്നു.തന്റെ യുട്യൂബ് ചാനൽ വളർത്തുന്നതിന്റെ ഭാഗം ആയി സിനിമ റിവ്യൂ കൂടാതെ,ട്രാവൽ വീഡിയോ,ഡെയിലി വ്ലോഗ്ഗിങ് വീഡിയോ ഒക്കെ കൂടി അഭിജിത്ത് ചാനലിലൂടെ പങ്കുവെക്കുന്നു.ട്രാവൽ വീഡിയോ കാണുവാനും,സിനിമ റിവ്യൂ അറിയുവാനും ഒക്കെ നിരവധി യൂറ്റ്യൂബ് ചാനലുകൾ ഉണ്ടെങ്കിലും അവതരണശൈലിയും,സംസാര ശൈലിയും അഭിജിത്തിന്റെ ചാനലിനെ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.നമുക്ക് ഇന്ന് അഭിജിത്തിനോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാം.
എന്താണ് വ്ലോഗർ? അഭിജിത്ത് വ്ലോഗർ എന്ന പേര്?
ബ്ലോഗർ എന്നാൽ ഇന്റർനെറ്റിൽ എഴുതുന്നവർ ആണ്, വ്ലോഗർ എന്നാൽ വീഡിയോ ചെയ്യുന്നവരും. വീഡിയോ ലോഗർ എന്നതിന്റെ ചുരുക്കെഴുത്താണ് വ്ലോഗർ. അഭിജിത്ത് വ്ലോഗർ എന്ന് ചാനലിന് പേരിടാൻ കാരണവും ഇതാണ്. സിനിമ ആണ് മെയിൻ വിഷയം. സിനിമ മാത്രമല്ലാതെ പ്രേക്ഷകരുടെ താൽപ്പര്യത്തിന് അനുസരിച്ചു മറ്റു പല വിഡിയോയും ചെയ്യാറുണ്ട്.
വിഷയം സിനിമ നിരൂപണം ആയതു കൊണ്ട് അഭിനന്ദനങ്ങൾ പോലെതന്നെ വിമർശനങ്ങളും ഉണ്ടാകുന്നുണ്ട്. എങ്കിലും വിമർശനങ്ങളെക്കാൾ കൂടുതൽ സപ്പോർട്ട് ഉള്ളിടത്തോളം കാലം തുടരാനാണ് താൽപ്പര്യം.
എന്താണ് ഈ ഒരു ഫീൽഡിലേക്കു വരാൻ ഉണ്ടായ സാഹചര്യം ?
ഹൈ സ്കൂളിൽ ഒരു കരിയർ ഗൈഡൻസ് ക്ലാസ് അറ്റൻഡ് ചെയ്തപ്പോൾ മനസ്സിലാക്കിയതാണ് സിനിമാ ഫീൽഡിൽ അല്ലെങ്കിൽ മീഡിയ ഫീൽഡിൽ തന്നെയാണ് എന്റെ താൽപ്പര്യം എന്നത്. പഠനത്തിൽ പൊതുവെ താൽപ്പര്യം കുറവായിരുന്നു. അന്നുമുതൽ ഞാൻ ഓരോ പത്രങ്ങളിലും നോട്ടീസിലും എല്ലാം ഫിലിം ഫീൽഡ് ആയിട്ടു ബന്ധമുള്ളതൊക്കെ ശേഖരിക്കുമായിരുന്നു . ഇപ്പോഴും ഉണ്ട് അതെല്ലാം എന്റെ കൈവശം. ഗോസിപ്പുകൾ ഒന്നും അല്ല കേട്ടോ. സിനിമ ചെയ്യുന്നതെങ്ങനെ ആണെന്നും, അതുമായി ബന്ധപ്പെട്ട കോഴ്സ് വിവരങ്ങളും മറ്റുമാണ് ശേഖരിക്കാറുള്ളത്.
എന്നിട്ട് എന്തു കോഴ്സ് ആണ് പഠിച്ചത് ?
+2 കഴിഞ്ഞു. അനിമേഷൻ പഠിച്ചോട്ടെ എന്നു വീട്ടിൽ അനുവാദം ചോദിച്ചു. ഡിഗ്രി കഴിഞ്ഞിട്ട് മതിയെന്ന് രക്ഷിതാക്കൾ. അവസാനം രക്ഷ ഇല്ലാതെ ഡിഗ്രി അപേക്ഷ ഫോം വാങ്ങാൻ ചെന്നപ്പോൾ, എന്നെ തേടി വന്നതുപോലെ ആ കോളേജിൽ എം.ജി യൂനിവേഴ്സിറ്റി അംഗീകാരം ഉള്ള അനിമേഷൻ ഡിഗ്രീ കോഴ്സ് തുടങ്ങിയിരിക്കുന്നു. ഞാൻ കോളേജിൻറെ ഡയറക്റ്ററും ആയി ബന്ധപ്പെട്ടു . അദ്ദേഹം കോഴ്‌സിനെ കുറിച്ച് എന്നോട് വിവരിക്കാൻ ആരംഭിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എനിക്കിതെല്ലാം അറിയാം. എന്റെ രക്ഷിതാക്കളെ കൊണ്ടുവന്നാൽ ഒന്ന് കയ്യിലെടുക്കാൻ സാധിക്കുമോ എന്ന്. ഉടനെ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു, കൂട്ടിക്കൊണ്ടുവരാൻ. അങ്ങനെ രക്ഷിതാക്കളെ അദ്ദേഹം പറഞ്ഞു മനസ്സിലാക്കി. 3 വർഷം കൊണ്ട് മീഡിയ ഫീൾഡിന്റെ ബേസിക് കാര്യങ്ങളെല്ലാം പഠിച്ചു . പഠനം കഴിഞ്ഞപ്പോഴേക്കും ഒരുപാടു കാര്യങ്ങൾ പഠിച്ചതുകൊണ്ട് ഇഷ്ട്ടങ്ങളെല്ലാം മാറി വന്നു. ഫിലിം എഡിറ്റിംഗ്, ഫോട്ടോഗ്രാഫി, ഡയറക്ഷൻ അങ്ങനെ ഉള്ള കാര്യങ്ങളോടായി കമ്പം
ഇതിൽ നിന്നും ഉള്ള വരുമാനം എന്താണ്? ഇതിലേക്ക് വരാൻ ഉള്ള പുതു തലമുറയോട് എന്താണ് പറയാൻ ഉള്ളത്?
ഇതിൽ യൂട്യൂബിൽ നിന്നും ഉള്ള വരുമാനം സത്യത്തിൽ സിനിമ ടിക്കറ്റ് എടുക്കാൻ മാത്രമേ തികയൂ. ഇന്ത്യൻ പ്രേക്ഷകർ വീഡിയോ കാണുന്നുമ്പോൾ നമുക്ക് യൂട്യൂബ് വളരെ തുച്ഛമായ പണമേ തരുന്നുള്ളു. ഇപ്പോൾ നിലവിലുള്ള സാഹചര്യത്തിൽ യൂട്യൂബ് വരുമാനം വളരെ കുറവാണു. ഭാവിയിൽ അത് കൂടും എന്നുള്ള ഒരു പ്രതീക്ഷ ഉണ്ട്.
പിന്നെ എന്തും കാണിച്ചു ആളുകളെ പറ്റിച്ചു പണം ഉണ്ടാക്കണം എന്ന ഒരു ലക്ഷ്യം ഉണ്ടെങ്കിൽ തീർച്ചയായിട്ടും പണം ഉണ്ടാക്കാം. പ്രൊഡ്യൂസർമാരെ ഒക്കെ ബന്ധപ്പെട്ടാൽ പണം കിട്ടാൻ സാധ്യത ഉണ്ട്. ഓരോ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഒക്കെ പരിചയപ്പെടുത്തിയിട്ടു ഇത് അടിപൊളി ആണ്, അത് അടിപൊളി ആണ് എന്നൊക്കെ പറഞ്ഞാലും പണം കിട്ടും. അങ്ങനെ ഒക്കെ ചെയ്യുന്ന ആളുകളും ഉണ്ട്. ആദ്യം ഒന്നും ആളുകൾക്ക് മനസ്സിലായില്ലെങ്കിലും, ഒരിക്കൽ ജനങ്ങൾക്ക് എല്ലാം മനസ്സിലാകും.
ഇതിലേക്കു കടന്നു വരുന്ന പുതിയ ആളുകളോട് പറയാൻ ഉള്ളത്, ഇത് പണം കുലുക്കി ചാടിക്കുന്ന മരം അല്ല. നാലോ അഞ്ചോ വർഷം ഒക്കെ നല്ലപോലെ കഷ്ട്ടപ്പെട്ടാലേ ഇതിൽ നിന്നും ഒരു നല്ല വരുമാനത്തിൽ എത്താൻ സാധിക്കു. അല്ലാതെ എന്ത് കാണിച്ചിട്ടും പണം ഉണ്ടാക്കണം എന്നൊരു ലക്ഷ്യവുമായിട്ട് ഇങ്ങോട്ടു ഇറങ്ങരുത്.
എന്താണ് ഭാവി പരിപാടികൾ ?
ഭാവി പരിപാടികൾ പലതും ആലോചിക്കുന്നുണ്ട്. ദിവസേന ഒരു വീഡിയോ എന്ന സ്വപ്നം ആണ് ഇപ്പോൾ മനസ്സിൽ ഉള്ളത്.വർക്ക് ചെയ്യാൻ കൂടി സമയം കണ്ടെത്തേണ്ടതിനാൽ ഇതുവരെ ആ സ്വപ്നം പൂവണിഞ്ഞിട്ടില്ല.ഈ വർഷം തന്നെ അത് നിറ വേറ്റാൻ ഉള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രേക്ഷകരാണ് എല്ലാത്തിനുംപ്രചോദനം.
അഭിജിത്തിന്റെ യൂട്യൂബ് ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക:https://www.youtube.com/channel/UCfeT2GXmwJ_bm9H1SS5C-kg