ഇന്റര്‍നെറ്റ് ബിസിനസ്സിലൂടെ മികച്ച വരുമാനം ഉണ്ടാക്കുന്ന മലയാളി യുവാവ്

അഖിൽ ജി.കേരളത്തിലെ അധികം അറിയപ്പെടാത്ത ഒരു പ്രമുഖ ബ്ലോഗ്ഗർ. അഫിലിയേറ്റ്,സ്പോണ്സറിങ്, ആഡ്സെൻസ്,മറ്റു പരസ്യങ്ങൾ എന്നിവ വഴി മാസ വരുമാനം 4 ലക്ഷം വരെ.തിരുവനന്തപുരത്ത് AndroidHits എന്ന കമ്പനി സിഇഒ.ഇവിടെ 6 സ്റ്റാഫ്.ഡൽഹിയിലെ ഓഫിസിൽ 4 സ്റ്റാഫ് കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ വീട്ടിലിരുന്നും പാർട്ട് ടൈം ആയും വർക്ക് ചെയ്യുന്നു അഖിലിന് വേണ്ടി.

Advertisement

akhil g
അഖില്‍

1)താങ്കളെ ഞങ്ങളുടെ വായനക്കാർക്കായി ഒന്നു പരിചയപ്പെടുത്തൂ

ഞാൻ അഖിൽ ജി. തിരുവനന്തപുരം സ്വദേശി ആണ്. കഴിഞ്ഞ നാലു വർഷമായി ബ്ലോഗിംഗ് രംഗത്ത് പ്രവർത്തിക്കുന്നു. ബ്ലോഗിങ്, SEO, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ് തുടങ്ങിയ മേഖലകളിൽ മാർഗ്ഗനിർദ്ദേശങ്ങൾ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ 4 വെബ് പോർട്ടലുകൾ നടത്തുന്നുണ്ട്.

2)എങ്ങനെ ആണ് ഈ മേഖലയിലേക്ക് താങ്കള്‍ എത്തിപെട്ടത് 

ഞാൻ ആദ്യം ബ്ലോഗിങ്ങ് തുടങ്ങിയത് വളരെ അപ്രതീക്ഷിതമായാണ്. ഏകദേശം 4 വർഷം മുൻപാണെന്ന് ആണ് എന്റെ ഓർമ. ആ സമയത്തു ഞാൻ വിന്ഡോസിനെ കുറിച്ചുള്ള വാർത്തകൾ എല്ലാം സ്ഥിരമായി വായിക്കുന്ന ഒരു വിൻഡോസ് ഫോൺ ഫാൻ ആയിരുന്നു. അങ്ങനെ വായിച്ചുവന്നപ്പോൾ വിൻഡോസ് മേഖലയിൽ ഉള്ള വളരെ പ്രശസ്തമായ ഒരു ന്യൂസ് പോർട്ടലിൽ വന്ന ഒരു റിപ്പോർട്ടിൽ ഒരു ഗുരുതരമായ തെറ്റ് കണ്ടെത്തി. അതിനെ കമന്റ് ആയി തിരുത്തി എഴുതി. അപ്രതീക്ഷിതമായി അതിന്റെ ചീഫ് എഡിറ്റർ അവരുടെ ടീമിൽ ജോയിൻ ചെയ്യാൻ താല്പര്യമുണ്ടോന്ന് ചോദിച്ചു എനിക്ക് മെയിൽ അയച്ചു. സംഭവം എന്താണെന്നോ എങ്ങനെയാണെന്നോ എനിക്ക് മനസ്സിലായിരുന്നില്ല. എന്നാലും എന്റെ താല്പര്യം പ്രകടിപ്പിച്ചു . അങ്ങനെ ആണ് ആദ്യമായി ബ്ലോഗിങ്ങ് എന്താണ് എന്നൊക്കെ അറിയുന്നത്. ഡൽഹിയിൽ താമസിക്കുന്ന അദ്ദേഹമാണ് എനിക്ക് ബ്ലോഗിങ്ങ് എന്താണെന്നും അതിന്റെ സാദ്ധ്യതകൾ എന്താണെന്നന്നും പഠിപ്പിച്ചുതന്നത്. അങ്ങനെ അവിടെ നിന്നു കുറെ കാര്യങ്ങൾ പഠിച്ചു. SEO, കണ്ടെന്റ് മാർക്കറ്റിംഗ് എന്നിവയിലെ ആദ്യപാഠങ്ങൾ എല്ലാം പുള്ളി പകർന്നുതന്നതായിരുന്നു. പിന്നീടങ്ങോട്ട് നല്ല നാളുകൾ ആയിരുന്നു. കുറെ വലിയ പബ്ലിക്കേഷൻസ് അവരോടൊപ്പം വർക്ക് ചെയ്യാൻ ക്ഷണിച്ചു. അങ്ങനെ അവർക്ക് വേണ്ടി വർക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ് സ്വന്തമായി ഒരെണ്ണം വേണമെന്ന മോഹം ഉണ്ടായത്. അങ്ങനെ ആണ് എന്റെ ആദ്യ വെബ്സൈറ്റ് തുടങ്ങിയത്. പക്ഷെ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങൾ. ബ്ലോഗിങ്ങ് മേഖലയിലെ മത്സരത്തിന്റെ തീവ്രത അപ്പോഴാണ് മനസിലായത്. പിടിച്ചു നിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. അങ്ങനെ എന്റെ ആദ്യ ബ്ലോഗ് വെറും പരാജയമായി അടച്ചുപൂട്ടേണ്ടി വന്നു. അങ്ങനെ നിരാശനായി ഇരിക്കുമ്പോൾ ആണ് എനിക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയത്. ന്യൂ യോർക്കിൽ ജനിച്ചുവളർന്ന അദ്ദേഹം മൈക്രോസോഫ്ട് ബ്ലോഗിലെ ഒഫീഷ്യൽ റൈറ്റർ ആയിരുന്നു. പുള്ളിക്കാരൻ പകർന്നുതന്ന ആത്മവിശ്വാസത്തിൽ  വീണ്ടും തുടങ്ങി. പുതിയ രീതികൾ, പുതിയ  എഴുത്തു ശൈലി, പുതിയ ലക്ഷ്യങ്ങൾ, പുതിയ മേഖലകൾ അങ്ങനെ ഒരുപാട്… അതെല്ലാം വിജയകരമാവുകയും ചെയ്തു. പിന്നെപ്പിന്നെ ബാക്കി ഉള്ള ബ്ലോഗുകളും തുടങ്ങി. ആദ്യമൊക്കെ വെറും ഒരു ബ്ലോഗ് മാത്രം ആയിരുന്നവയെ ഒരു ന്യൂസ് പോർട്ടൽ ആയി ഉയർത്തി. അത് മുതലാണ് ജീവിതം മാറിമറിഞ്ഞത്.

3)പ്രധാന വരുമാന മാർഗങ്ങൾ എന്തൊക്കെ ആണ് 

പല പല വരുമാനമാർഗ്ഗങ്ങളും മാറിമാറി വന്നു. ആദ്യമൊക്കെ ഗൂഗിൾ ആഡ്‌സെൻസ് മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്. പിന്നീട് പല ബ്രാൻഡുകളും കമ്പനികളും സ്പോൺസർ ചെയ്യാൻ തുടങ്ങി. അങ്ങനെ അതിൽ നിന്ന് കിട്ടുന്ന വരുമാനം ആഡ്സെൻസിനേക്കാൾ കൂടുതൽ ആയി വന്നു. അവസാനമാണ് അഫിലിയേറ്റ് തുടങ്ങിയത്. ഇപ്പോൾ തോന്നുന്നത് അത് മുൻപേ തുടങ്ങേണ്ടതായിരുന്നു എന്നാണ്. കാരണം ഏറ്റവും എളുപ്പത്തിൽ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന വേറെ ഒരു മാർഗ്ഗവും ഇല്ല. അഫിലിയേറ്റ് കറക്റ്റ് ആയി മാർക്കറ്റ് ചെയ്യാൻ പഠിച്ചാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല.

4)ബ്ലോഗ്ഗിലേക് ഉള്ള ട്രാഫിക് സോഴ്സ് ഏതൊക്കെ ആണ്

ന്യൂസ് പോർട്ടൽസ്‌ ആയതുകൊണ്ട് തന്നെ നല്ല ഒരു വായനക്കാരുടെ കൂട്ടം ഉണ്ട്. എന്റെ എല്ലാ പോർട്ടലിനും അതിന്റേതായ അളവിൽ ഇപ്പോഴും തുറന്നു നോക്കുന്ന ഒരു കൂട്ടം ഉണ്ട്. അവർ ഞങ്ങളെ സ്നേഹിക്കുന്നു, ഞങ്ങൾ അവരെയും. പിന്നെ ഉള്ളത് സോഷ്യൽ മീഡിയ ആണ്. റെഡിറ്റ്, ഫേസ്ബുക്, stumbleupon എന്നിവയാണ് പ്രധാന ട്രാഫിക് സോഴ്സ്സ്. പിന്നെ നല്ല ഒരു അളവിൽ ഗൂഗിൾ ന്യൂസും ബിംഗ് ന്യൂസും ട്രാഫിക് തരുന്നുണ്ട്.

5)ബ്ലോഗിംഗ് ലൈഫിൽ എന്തെങ്കിലും തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടോ

ഏത് ഫീൽഡ് എടുത്താലും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ  ആദ്യ ബ്ലോഗ് പൂട്ടിപ്പോയത് ആണ് എനിക്ക് ഏറ്റവും വലിയ തിരിച്ചടി ആയി തോന്നിയിട്ടുള്ളത്. പിന്നെ ഞാൻ താമസിക്കുന്ന സ്ഥലവും പ്രശ്നമാണ്. കാരണം ഇവിടെ നാട്ടിൽ ആദ്യമായി ബ്രോഡ്ബാൻഡ് കണക്ഷൻ എടുത്തത് ഞാൻ ആണ് എന്നാണ് എന്റെ അറിവ്. ഇപ്പോഴും മൊബൈൽ നെറ്റ്‌വർക്ക് റേഞ്ച് തുലോം കുറവാണ് എന്റെ ഏരിയയിൽ. അപ്പോൾ തന്നെ ഊഹിക്കാല്ലോ ഇവിടത്തെ അവസ്ഥകൾ. അതുകൊണ്ടൊക്കെ ഉള്ള ബുദ്ധിമുട്ടുകൾ.പിന്നെ, ഉടനെ ഡൽഹിയിലേക്ക് താമസം മാറ്റാൻ പ്ലാൻ ഉണ്ട്. കാരണം പല ബ്രാൻഡുകളും ഡൽഹിയിൽ ഉള്ള ബ്ലോഗേഴ്സിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുന്നു.

6)എങ്ങനെ ആണ് താങ്കളുടെ വർക്കിങ് സ്റ്റൈൽ

സ്റ്റൈൽ എന്ന് പറയാൻ ഒന്നും ഇല്ല. ആദ്യമൊക്കെ ഒരു അടുക്കും ചിട്ടയുമില്ലാതെ ആയിരുന്നു വർക്കിംഗ്. സമയം കിട്ടുമ്പോൾ വർക്ക് ചെയ്യും അങ്ങനെ ആയിരുന്നു. പക്ഷെ അതുകൊണ്ട് ഒരു ഗുണവും ഇല്ല എന്ന് മനസിലായതുകൊണ്ട് മൊത്തത്തിൽ ഒന്ന് മാറ്റി. എനിക്ക് എവിടെ വെച്ച്‌ വേണമെങ്കിലും വർക്ക് ചെയ്യാവുന്ന തരത്തിലുള്ള സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടാക്കിയത്. ഇപ്പോൾ ചെയ്യുന്നത് രാവിലെ 6 മണിമുതൽ തുടങ്ങുന്ന ന്യൂസ് റിപ്പോർട്ടിങ് ആണ്. പിന്നെ ആവശ്യത്തിന് സ്റ്റാഫ് ഉള്ളതുകൊണ്ട് എനിക്ക് പഴയതുപോലെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. എന്റെ ഓഫീസിൽ ഉള്ള സ്റ്റാഫ്‌സ് ഇപ്പോഴും എന്റെ കൂടെ കാണും. ഒരു ആഴ്ച മുഴുവൻ വർക്ക് ചെയ്തിട്ട് ശനിയാഴ്‌ച ഞങ്ങൾ ഒത്തുകൂടി ചർച്ച ചെയ്യും. അവർക്ക് ഒരുപാട് സംശയങ്ങൾ പറയാൻ ഉണ്ടാകും, അത് സോൾവ് ചെയ്യും. പിന്നെ അവർ കൊണ്ട് വരുന്ന പുത്തൻ ആശയങ്ങൾ പങ്കുവെക്കും. അങ്ങനെ എല്ലാവരും പരസ്പരം മോട്ടിവേറ്റ് ചെയ്തുകൊണ്ടുള്ള ഒരു വർക്കിംഗ് സ്റ്റൈൽ ആണ് ഞങ്ങൾക്ക് ഉള്ളത്. പല ഭാഗത്തുനിന്നും ഉള്ള സ്റ്റാഫ്‌സ് ആണ് എനിക്കുള്ളത്. അവർ അവരുടെ സ്ഥലത്തെ സമയക്രമം അനുസരിച്ച വർക്ക് ചെയ്യുന്നു. അതുകൊണ്ട് തന്നെ ന്യൂസ് റിപ്പോർട്ടിങ് 24  മണിക്കൂറും സാധ്യമാകുന്നു. എന്നേക്കാൾ സീനിയർ ആയിട്ടുള്ള നല്ല പരിചയമുള്ള റൈറ്റേഴ്‌സ് എന്റെ ടീമിൽ ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാം ഒരുവിധം സ്മൂത്ത് ആയി മുന്നോട്ട് പോകുന്നു.

7)ബ്ലോഗിംഗ് ലൈഫിൽ എന്തെങ്കിലും ലൈഫ് ചേഞ്ചിങ് മൊമെന്റ്

ഞാൻ മുകളിൽ പറഞ്ഞതുപോലെ ആ അമേരിക്കക്കാരൻ ആയ സുഹൃത്തിനെ പരിചയപ്പെട്ടതാണ് എന്റെ ബ്ലോഗിങ്ങ് ലൈഫ് മാറ്റിമറിച്ചത്. പിന്നെ ടെക്നോളജി തന്നെ പ്രധാന ടോപ്പിക്ക് ആയി തിരഞ്ഞെടുത്തതും എന്നെ ഒരുപാട് സ്വാധീനിച്ചു.

8)എത്ര സമയം ജോലിക്കായി  ഇതിനായി ചിലവഴിക്കും

അത് പറയാൻ ബുദ്ധിമുട്ട് ആണ്. കാരണം, എല്ലാ ന്യൂസും വരുന്നത് പല സമയത്താണ്. ടെക്നോളജി മേഖലയിലെ പല കാര്യങ്ങളും ആദ്യം നടക്കുന്നത് ചൈനയിലും അമേരിക്കയിലും ആണ്. അതുകൊണ്ട് തന്നെ ഇപ്പോഴും റെഡി ആയി ആണ് ഇരിക്കുന്നത്. 5 മണിക്കൂർ ഉറങ്ങും. ബാക്കി സമയം വർക്കിനും പഠനത്തിനുമൊക്കെയായി ചിലവഴിക്കും. എത്ര കൂടുതൽ സമയം ചിലവഴിക്കുന്നുവോ അത്രയും കൂടുതൽ വായനക്കാർ ആ ദിവസം കിട്ടും. ടാർഗറ്റ് കവർ ചെയ്യാൻ വേണ്ടി എത്ര നേരം വേണമെങ്കിലും ഇരിക്കും. പിന്നെ എപ്പോൾ വിളിച്ചാലും കൂടെ ഉള്ള എന്റെ സുഹൃത്തും AndroidHits ഇന്ത്യൻ എഡിറ്ററുമായ Abdullah Bin Mubarak-ഉം എന്റെ ജോലിഭാരം കുറക്കുന്നു. അദ്ദേഹത്തിന് എന്നെക്കാളും ആത്മാർത്ഥതയാണ് ഉള്ളത്.

9)ചിലർ കരുതുന്നത് ബ്ലോഗിംഗ് വളരെ എളുപ്പം ആണെന്നാണ് എന്താണ് താങ്കളുടെ അഭിപ്രായം

ബ്ലോഗിങ്ങ് എളുപ്പമാണോ എന്ന് ചോദിച്ചാൽ എളുപ്പമാണ്. പക്ഷെ നമ്മൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിരിക്കും. നമ്മൾ മറ്റുള്ളവരെ നോക്കി അവർ ചെയ്യുന്നതുപോലെ ചെയ്യാൻ തുടങ്ങിയാൽ അത്ര എളുപ്പം ആയിരിക്കില്ല. ആർട്ടിക്കിൾ എഴുതി ഉണ്ടാക്കാൻ എളുപ്പമായി തോന്നിയാലും നമ്മൾ മാതൃക ആക്കുന്നവരെപ്പോലെ നേട്ടം ഉണ്ടാക്കാൻ നമുക്ക് പറ്റിയെന്നു വരില്ല. ഒരു നേട്ടവും ഇല്ലാതെ ആയാൽ സ്വാഭാവികമായും അത് ബുദ്ധിമുട്ട് ഉള്ള ഒരു പരിപാടി ആയി തോന്നും. അങ്ങനെ തോന്നി ബ്ലോഗിങ്ങ് മതിയാക്കിയ ഒരുപാട് പേരെ എനിക്ക് അറിയാം. ഞാൻ തന്നെ അങ്ങനെ ഇടക്ക്‌ വെച്ച് ഒന്ന് നിർത്തേണ്ടി വന്ന ഒരാൾ ആണ്. മുൻപ് പറഞ്ഞതുപോലെ, ആ സുഹൃത്ത് വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ പഠിക്കുന്ന കെമിസ്ട്രിയിലോ മറ്റോ ശ്രദ്ധ കേന്ദ്രീകരിച്ച് തിരിഞ്ഞ് പോയേനെ. ബ്ലോഗ് എഴുതിനോക്കാതെ പുറത്തുനിന്നു നോക്കി ഇത് ഭയങ്കര എളുപ്പം പണി ആണെന്ന് പറയുന്നതിൽ ഞാൻ യോജിക്കുന്നില്ല. പക്ഷെ മറ്റുള്ളവരുടെ പാത പിന്തുടർന്ന് ബ്ലോഗ് ചെയ്ത് പരാജയപ്പെട്ടിട്ട് എളുപ്പമല്ല എന്ന് തോന്നുന്നവരുടെ അവസ്ഥ മനസ്സിലാകും. എന്നാൽ ബ്ലോഗ് ചെയ്തിട്ട് എളുപ്പമാണ് എന്ന് പറയുന്നയാൾ ഉറപ്പായും സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യുന്നയാൾ ആയിരിക്കണം. നമ്മൾ മറ്റുള്ളവർ ചെയ്യുന്നതുപോലെ ചെയ്യാതെ സ്വന്തമായി വേറിട്ട രീതിയിൽ ബ്ലോഗ്ഗിങ്ങിനെ സമീപിച്ചാൽ ഏറ്റവും എളുപ്പമുള്ള തൊഴിൽ ഇതാണ് എന്ന് തോന്നും. ബ്ലോഗിങ്ങ് ആരും നിർബന്ധിച്ചു ചെയ്യിപ്പിക്കേണ്ട കാര്യമല്ലല്ലോ. സ്വയം താല്പര്യം തോന്നി തുടങ്ങുന്നതല്ലേ. അങ്ങനെ തുടങ്ങുമ്പോൾ ആരാണ് സ്വന്തം താല്പര്യങ്ങളെ സ്നേഹിക്കാത്തത്? അങ്ങനെ സ്നേഹിച്ചാൽ മാത്രം മതിയാകും, ബ്ലോഗിങ്ങ് നിങ്ങൾക്ക് സിമ്പിൾ ആയി തോന്നും.

10)എന്താണ് ഭാവി പരിപാടികൾ

എല്ലാം ഇതുപോലെ നന്നായി മുന്നോട്ട് കൊണ്ടുപോകണം എന്നാണ് ആഗ്രഹം. പക്ഷെ ഇപ്പോൾ എനിക്ക് ഒരുപാട് പരിമിതികളും പോരായ്മകളും ഉണ്ട്. അവ പരിഹരിച്ചു മുന്നോട്ട് പോകാൻ ആണ് പ്ലാൻ. കുറച്ചുപേരേയും കൂടി ഫുൾ ടൈം സ്റ്റാഫ്‌സ് ആയി തിരഞ്ഞെടുത്തുകൊണ്ട് ഒരു പുതിയ ബ്ലോഗ് തുടങ്ങാനും ചിന്ത ഉണ്ട്.

11)ബ്ലോഗിംങ്ങിലേക്ക് കടന്നു വരുന്നവരോട് താങ്കൾക്ക് എന്താണ് പറയുവാൻ ഉള്ളത്

നമ്മുടെ കേരളത്തിൽ നിന്ന് നല്ല ബ്ലോഗേഴ്സ് കുറവാണു. വിരലിൽ എണ്ണിയാൽ തീരുന്ന വളരെ കുറച്ചുപേർ മാത്രമാണ് മാന്യമായി ഇത് ചെയ്യുന്നത്. അതുകൊണ്ട് പുതുതായി ഇതിലേക്ക് വരുന്നവരോട് പറയാനുള്ളത്:  നിങ്ങൾക്ക് ലാഭം കൂടുതൽ ഉണ്ടാക്കാൻ കഴിയുന്നത് മഞ്ഞപോസ്റ്റുകൾ എഴുതുമ്പോൾ ആയിരിക്കാം. പക്ഷെ എത്ര പണം ഉണ്ടാക്കിയാലും ഭാവിയിൽ നിങ്ങൾക്ക് അതോർത്തു സന്തോഷിക്കാൻ കഴിയില്ല. അല്ലെങ്കിൽ നിങ്ങളുടെ മക്കളോട് ബ്ലോഗിന്റെ URL പറയാൻ കഴിയാത്ത അവസ്ഥ ഉണ്ടാകരുത്. നേരത്തെ പറഞ്ഞതുപോലെ നമ്മൾ ഒരാളുടെ നേട്ടങ്ങൾ കണ്ടു അതിന്റെ പുറകെ ഓടാതെ, നമ്മൾ നമുക്ക് സ്വന്തമായി ഒരു ശൈലി ഉണ്ടാക്കിയെടുക്കണം. എന്ജോയ് ചെയ്തു സമ്പാദിക്കാൻ പറ്റിയ ഏറ്റവും നല്ല ജോലിയാണ് ബ്ലോഗിങ്ങ്. എന്തിനേറെപ്പറയുന്നു, ഒരു ജോലി ചെയ്യുന്നു എന്നുപോലും നമുക്ക് തോന്നാത്ത രീതിയിൽ ജീവിക്കാൻ കഴിയും. ഒരു പിടി നല്ല ബ്ലോഗുകൾ നമ്മുടെ കേരളത്തിൽ നിന്ന് ഉണ്ടാകണം. അതിനായി പുതിയ ആൾക്കാർ വരണം.