മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ജീൻസ്

മൊബൈൽ ഫോണിന്റെ ചാർജ് എളുപ്പം തീരുന്നത് പലർക്കും സങ്കടമുള്ള കാര്യമാണ്. കുറച്ചു സമയം പാട്ടു കേട്ടാലോ, സിനിമ കണ്ടാലോ ഫോണിന്റെ ചാർജ് തീർന്നാൽ അത്യാവശ്യത്തിന് വിളിക്കാൻ പിന്നെ ആ ഫോൺ ഉപകരിക്കില്ല. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഒരു ജീൻസിലൂടെ. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ജീൻസിന്റെ നിർമ്മാണം. പ്രമുഖ ബ്രാൻഡായ ജോ ജീൻസാണ് ഈ സ്മാർട്ട് ജീൻസിന്റെ നിർമ്മാതാക്കൾ. ‘ഹലോ ജീൻസ് ‘ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.

Advertisement

ജീൻസിന്റെ പിൻഭാഗത്ത് വലതുഭാഗത്തായി പ്രത്യേക പോക്കറ്റിൽ ഘടിപ്പിച്ചിട്ടുള്ള പോർട്ട് പിൻ ബാറ്ററി പാക്കിന്റെ സഹായത്തോടെയാണ് ഫോൺ ചാർജ് ചെയ്യുക. ഈ പാക്കിൽ നിന്നുമുള്ള യു.എസ്.ബി കോഡ് ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാം. യു.എസ്.ബി കോഡിന്റെ കേബിൾ പുറത്ത് കാണാത്ത വിധത്തിൽ സ്ട്രാപ്പിനടിയിൽ മറയ്ക്കാനും സാധിക്കും.

ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് നിലവിൽ ഈ സംവിധാനം ലഭ്യമാകുക. അതും ഐഫോൺ 5, 5 എസ്, 6 എന്നീ മോഡലുകൾക്ക് മാത്രം. കൂടാതെ ദിവസം മുഴുവൻ ജീൻസ് ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാൻ സാധിക്കുകയുമില്ല. ഐഫോൺ 5, 5 എസ് 85% വരെയും ഐഫോൺ 6, 70% വരെയും ചാർജ് ചെയ്യാനേ സാധിക്കുകയുള്ളൂ.

189 ഡോളറാണ് ഒരു ജീൻസിന്റെ വില (ഏകദേശം 12,065 രൂപ). ഇതിൽ ബാറ്ററി പാക്ക് ഘടിപ്പിക്കണമെങ്കിൽ 49 ഡോളർ (3,127 രൂപ) അധികം നൽകണം. ജോ ജീൻസിന്റെ വെബ്‌സൈറ്റിൽ ഈ ജീൻസിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21 മുതൽ ജീൻസ് ലഭ്യമായി തുടങ്ങും. നിലവിൽ വനിതകൾക്ക് വേണ്ടിയുള്ള ജീൻസാണ് കമ്പനി ഇറക്കിയിരിക്കുന്നത്. നാല് നിറങ്ങളിൽ ജീൻസ് ലഭ്യമാണ്.

Source – http://newsmoments.in/gadgets/these-jeans-will-charge-your-iphone-while-it-sits-in-your-pocket/47625.html