വില്ലനായി മാറുന്ന തൈറോയിഡ്നെ വേരോടെ പറച്ചു കളയാന്‍ ഇത് മാത്രം മതി

തൊണ്ടയിൽ ഒരു മുഴ വളരുന്നുവെന്നറിയുമ്പോൾ ഡോക്‌ടറെ കാണും. തൈറോയ്‌ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്.

Advertisement

ഇതാ പത്ത് ലക്ഷണങ്ങൾ

തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാണ്. താഴെപ്പറയുന്ന ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.

ക്ഷീണം

രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഉർജസ്വലരായി കാണപ്പെടാറുമുണ്ട്.

ഭാരവ്യതിയാനങ്ങൾ

നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും. അതിനാൽ ഭാരവ്യതിയാനങ്ങൾ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പർതൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.

ഉത്‌കണ്‌ഠയും വിഷാദവും

മനസ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്‌കണ്‌ഠയും. മൂഡ്‌മാറ്റം എന്നു പറഞ്ഞു തള്ളാൻ വരട്ടെ. ഡിപ്രഷനു പിന്നിൽ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകൾ കൊണ്ടു പ്രയോജനമുണ്ടാകില്ല.

കൊളസ്‌ട്രോൾ

ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കോളസ്‌ട്രോൾ കുറയ്‌ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്‌ട്രോൾ ലെവൽ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്‌ട്രോൾ ലെവൽ കുറയുന്നുണ്ടെങ്കിൽ അത് ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും. ചിലരിൽ ട്രൈഗ്ലിസറൈഡ് വളരെ ഉയർന്ന അളവിൽ കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തിൽ കോളസ്‌ട്രോൾ ഇല്ലാതിരിക്കെ ചെറുപ്രായത്തിൽ കൊളസ്‌ട്രോൾ വർധന കണ്ടാൽ തൈറോയ്‌ഡ് ഹോർമോൺ പരിശോധന ചെയ്യണം.

കുടുംബപാരമ്പര്യം

അച്‌ഛൻ, അമ്മ, സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് രോഗങ്ങളുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ ഉയർന്ന സാധ്യതയുണ്ട്. അതിനാൽ തൈറോയ്‌ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.

ആർത്തവക്രമക്കേടുകളും വന്ധ്യതയും

തുടരെ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം… ഇവ ആർത്തവപ്രശ്‌നങ്ങൾ മാത്രമാണെന്നു കരുതിയെങ്കിൽ തെറ്റി. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ ഈ ലക്ഷണങ്ങൾ വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്‌ഡ് രോഗം വന്ധ്യതയ്‌ക്കു കാരണമാകാം. തൈറോയ്‌ഡ് ഹോർമോൺ കൂടിയാൽ ഗർഭമലസുന്നതിനുള്ള സാധ്യത കൂതുടലാണ്. ഭ്രൂണത്തിനു വളർച്ചക്കുറവും വരാം.

ഉദരപ്രശ്‌നങ്ങൾ

നിങ്ങൾക്കു ദീർഘകാലമായി നീണ്ടു നിൽക്കുന്ന, കടുത്ത മലബന്ധപ്രശ്‌നമുണ്ടോ? അത് ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മുടി-ചർമ്മ വ്യതിയാനങ്ങൾ

മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങൾ കാണാറുണ്ട്. ചർമ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പർ തൈറോയിഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചർമ്മം നേർത്തു ദുർബലമാകുന്നു.

കഴുത്തിന്റെ അസ്വാസ്‌ഥ്യം

കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്‌ഥ്യം, കാഴ്‌ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.

പേശീസന്ധിവേദനകൾ

പേശികൾക്കും സന്ധികൾക്കും വേദന, ബലക്ഷയം, ഇവ തൈറോയ്‌ഡ് രോഗ സുചനകളാണ്. തൈറോയ്‌ഡ് ഹോർമോൺ കൂടുന്നതിന്റെയും കുറയുന്നതിന്റെയും ഭാഗമായി ഇവ പ്രത്യക്ഷപ്പെടാം.

തൈറോയ്‌ഡ് രോഗങ്ങൾ

ഗോയിറ്റർ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാൻസർ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ.

ഗോയിറ്റർ

തൈറോയ്‌ഡ് രോഗങ്ങളിൽ എല്ലാവർക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ് ഗ്രന്ഥി പ്രകടമായ രീതിയിൽ വലുപ്പം വയ്‌ക്കുന്ന അവസ്‌ഥയാണിത്.

കാരണങ്ങൾ

ഹൈപ്പർതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റർ കണ്ടേക്കാം. കൂടാതെ ഹോർമോൺ നിർമ്മാണ രാസപ്രക്രിയയിൽ ചില എൻസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകൾ, അയഡിന്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റർ പൊതുവെ മലമ്പ്രദേശങ്ങളിൽ കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു. (ഇന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിലെല്ലാം അയഡിൻ നിശ്‌ചിത അളവിൽ ചേർത്തിരിക്കുന്നതിലാൽ അയഡിൻ അപര്യാപ്‌തത കുറവാണ്.)

ഹൈപ്പർതൈറോയിഡിസം

തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പർതൈറോയിഡിസം അഥവാ തൈറോടോക്‌സിക്കോസിസ്. 20-50 വയസിനിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഈ രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്.

കാരണങ്ങൾ

തൈറോയ്ഡ് ഗ്രന്ഥി ആകെ വീങ്ങി ആവശ്യത്തിലേറെ ഹോർമോണുകൾ ഉത്‌പാദിപ്പിക്കുന്ന രോഗമാണ് ഗ്രേവ്‌സ് ഡിസീസ്. ഗ്രേവ്‌സ് രോഗമാണ് ഹൈപ്പർതെറോയിഡിസത്തിന്റെ പ്രധാനകാരണം. തൈറോയ്‌ഡ് ഗ്രന്ഥിയിലെ ചെറുമുഴകളും ചെറിയ തോതിൽ കാരണമാകുന്നുണ്ട്.

ഹൈപ്പോതൈറോയിഡിസം

തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം

കാരണങ്ങൾ

തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാലുണ്ടാകന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന അവസ്‌ഥായണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂർവ്വമായി കാരണമാകാറുണ്ട്.

തൈറോയിഡൈറ്റിസ്തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.

കാരണങ്ങളുടെ അടിസ്‌ഥാനത്തിൽ തൈറോയിഡൈറ്റിസ് നാലു വിഭാഗമുണ്ട്

ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്

സബ് അക്യൂട്ട് തൈറോയിഡൈറ്റിസ്-വൈറൽ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് സബ്‌അക്യൂട്ട് തൈറോയിഡൈറ്റിസ്. അക്യൂട്ട് തൈറോയിഡൈറ്റിസ്-ഏതെങ്കിലും തരത്തിലുള്ള അണുബാധ മൂലം അപൂർവ്വമായി ഉണ്ടാകുന്ന രോഗമാണിത്.

പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്-പ്രസവശേഷം സ്‌ത്രീകളിൽ തൈറോയ്‌ഡ് ഹോർമോൺ അളവിനു വ്യതിയാനമുണ്ടാകുന്ന അവസ്‌ഥയാണ് പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്. പലപ്പോഴും ചികിത്സ കൂടാതെ ഭേദമാകുമെങ്കിലും ഹോർമോൺ വ്യതിയാനങ്ങൾ ഇവരിൽ വീണ്ടും വരാനിടയുണ്ട്. ഒരിക്കൽ ഈ രോഗം വന്നിട്ടുള്ളവർ പ്രത്യേകിച്ചും വീണ്ടും ഗർഭം ധരിക്കുന്നതിനു മുമ്പ് നിർബന്ധമായും തൈറോയ്‌ഡ് ഹോർമോൺ ടെസ്‌റ്റ് ചെയ്യണം.

തൈറോയ്‌ഡ് കാൻസർ:

വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ് തൈറോയ്‌ഡ് കാൻസർ. മുമ്പേയുള്ള രോഗനിർണ്ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണുന്നത്.

തൈറോയ്‌ഡ് കാൻസർ വിവിധ തരമാണ്. പാപ്പില്ലറി കാർസിനോമ, ഫോളിക്യുലാർ കാർസിനോമ, മെഡുല്ലറി കാർസിനോമ, അനാപ്ലാസ്‌റ്റിക് കാർസിനോമ, ലിംഫോമ.

കാരണങ്ങൾ

ബാല്യകാലത്ത് റേഡിയേഷൻ ഏൽക്കുന്നത്, അയഡിൻ കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്‌ഡ് ഗ്രന്ഥി വീക്കം എന്നിവ തൈറോയ്‌ഡ് കാൻസറിന്റെ കാരണങ്ങളിൽ ഉൾപ്പെടുന്നു. അപൂർവ്വമായ മെഡുല്ലറി കാർസിനോമ പാരമ്പര്യമായി കണ്ടു വരുന്നതാണ്.

സ്‌ത്രീകൾ ശ്രദ്ധിക്കുക

മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മുലമാണ് വരുന്നത്. സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. അർത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും. കൗമാരത്തിൽ ആർത്തവപ്രശ്‌നങ്ങളോ മറ്റു തൈറോയ്‌ഡ് പ്രശ്‌നങ്ങളോ കണ്ടാൽ നിസ്സാരമാക്കരുത്. ആർത്തവം വൈകിയാലും ശ്രദ്ധിക്കണം. നിർബന്ധമായും രക്‌തത്തിലെ ഹോർമോണിന്റെ അളവ് പരിശോധിച്ചറിയണം. വർഷത്തിൽ ഒരു തവണ തൈറോയ്‌ഡ് പരിശേധിപ്പിക്കണം.

തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ

ഹൈപ്പോതൈറോയിഡിസം സർവ്വസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം.

സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകൾക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്‌ക്കും. അതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം.

ഗുളിക രാവിലെ വെറുംവയറ്റിൽ കഴിക്കണം. സോയ, പാൽ ഉൽപ്പന്നങ്ങൾ, ആഹാരം, കാത്സ്യം, അയൺ ഇവ അടങ്ങിയ മരുന്നുകൾ, ചില അസിഡിറ്റി മരുന്നുകൾ എന്നിവ തൈറോക്‌സിന്റെ ആഗിരണം തടസ്സപ്പെടുത്തും.

തൈറോക്‌സിൻ കൃത്യ അളവിൽ കഴിച്ചാൽ ഒരു പാർശ്വഫലവുമില്ല. പതിവായി ഉയർന്ന ഡോസ് കഴിച്ചാൽ എല്ലുകൾക്കു തേയ്‌മാനം, ഹൃദയതാളം തെറ്റുക, ശരീരഭാരം കുറയുക, പ്രമേഹം എന്നിവ വരാനിടയുണ്ട്.

ഗർഭിണികൾ അറിയേണ്ടത്

ഗർഭധാരണത്തിനു മുമ്പേ തൈറോയ്‌ഡ് പ്രവർത്തനം സാധാരണ നിലയിലാണോ എന്നു പരിശോധിച്ചറിയണം. ഗർഭസ്‌ഥ ശിശുവിന് ആദ്യ മൂന്നുനാലു മാസം, തൈറോയ്‌ഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനുള്ള കഴിവില്ല. ഈ സമയത്ത് അമ്മയിൽ നിന്നു കിട്ടുന്ന തൈറോയ്‌ഡ് ഹോർമോൺ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്‌ക്ക് വളരെ അത്യാവശ്യമാണ്. അതിനാൽ ഗർഭാവസ്‌ഥയിൽ അമ്മയുടെ തൈറോയ്‌ഡിന്റെ ശരിയായ പ്രവർത്തനം അത്യാവശ്യമാണ്. ഗർഭകാലത്തുടനീളം തൈറോയ്‌ഡ് പരിശോധന തുടരണം.

തൈറോയ്‌ഡ് മരുന്നുകൾ ഗർഭകാലത്തും മുടങ്ങരുത്. ഹൈപ്പർതൈറോയിഡിസമുള്ളവരിൽ മരുന്നു മുടങ്ങിയാൽ ഗർഭമലസാം. ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോർമോൺ റീപ്ലേസ്‌മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാൽ കുട്ടിയുടെ ബൗദ്ധിക വളർച്ച മുരടിച്ചു ക്രെട്ടിനിസംപോലുള്ള രോഗാവസ്‌ഥകളിലേക്കും വഴിതെളിക്കാം.

അയഡിൻ

തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവർത്തനത്തിന് അയഡിൻ ആവശ്യമാണ്. വിവിധ ആഹാരപദാർഥങ്ങളിലൂടെ അയഡിൻ ലഭിക്കും.തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തൈറോയ്‌ഡ് രോഗങ്ങൾ തടയാൻ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തിൽ അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം.

അയഡിനെ അറിയാം

നമ്മുടെ ശരീരത്തിൽ തൈറോയ്‌ഡ് ഉപാപചയപ്രവർത്തനത്തെ നിയന്ത്രിക്കുന്ന ധാതുവാണ് ആയഡിൻ. ശരീരത്തിലെ മൂന്നിൽ രണ്ടു ഭാഗം അയഡിനും കാണപ്പെടുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയിലാണ്. അയഡിന്റെ കുറവുണ്ടായാൽ തൈറോയ്‌ഡ് ഗ്രന്ഥിക്ക് ഹോർമോൺ ഉത്‌പാദിപ്പിക്കാനാകില്ല. ദിവസവും 150 മൈക്രോഗ്രാം അയഡിൻ നമുക്ക് ആവശ്യമാണ്. ഗർഭിണികൾക്കും പാലൂട്ടുന്നവർക്കും ദിവസവും 200 മൈക്രോഗ്രാം അയഡിൻ ആവശ്യമാണ്. അയഡിൻ സമൃദ്ധമായ മണ്ണിൽ വളരുന്ന പച്ചക്കറികൾ, അയഡിൻ അടങ്ങിയ വെള്ളം, അയഡിൻ ഉപ്പ് ഇവയിലൂടെ അയഡിൻ ലഭിക്കുന്നു. സസ്യഭുക്കുകളിലെ അയഡിന്റെ അഭാവം അയഡിൻ ഉപ്പുകൊണ്ടു പരിഹരിക്കാനാകും.

കടൽ വിഭവങ്ങളിൽ സമൃദ്ധം

ലോകമാകെ നോക്കിയാൽ അയഡിന്റെ ഏറ്റവും നല്ല ഉറവിടം കടൽ വിഭവങ്ങളാണ്. മത്സ്യവും മറ്റു കടൽ ജീവികളും കടലിലെ ഉപ്പുവെള്ളത്തിൽ വളരുകയും അവയുടെ ചർമ്മം ഉപ്പു വലിച്ചെടുത്ത് മാംസത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണിതിനു കാരണം. മത്സ്യങ്ങൾ സ്വാഭാവികമായി അയഡിൻ സമൃദ്ധമാണ്. അയഡിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒരു വഴിയുണ്ട്. ആഴ്‌ചയിൽ മൂന്നു ദിവസം കടൽ മത്സ്യം ആഹാരത്തിലുൾപ്പെടുത്തുക.

കെൽപ് എന്ന ആൽഗ അയഡിന്റെ മികച്ച ഉറവിടമാണ്. ഇത് സലാഡുകളിലും മറ്റും ഉപയോഗിക്കുന്നു. കൊഞ്ച്, ചെമ്മീൻ, ഓയസ്‌റ്റർ, ഞണ്ട് എന്നിവയെ കൂടാതെ കാരറ്റ്, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, സ്‌ട്രോബെറി, യോഗർട്ട്, അരി, പശുവിൻപാൽ ഇവയിലും അയഡിൻ ഉണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഘടകമാണ് സിങ്ക്. ഗോതമ്പ്, ബാർലി, കടല, ആട്ടിറച്ചി, ഞണ്ട് ഇവയിൽ സിങ്കുണ്ട്.

ടൈറോസിനടങ്ങിയ ആഹാരം

തൈറോയ്‌ഡ് ഹോർമോണുകൾ (തൈറോക്‌സിനും ട്രൈഅയഡോ തൈറോണിനും) അടിസ്‌ഥാനപരമായി പ്രോട്ടീൻ തന്മാത്രകൾ ആണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രധാന ഘടകമാണ് ടൈറോസിൻ എന്ന അമിനോ ആസിഡ്. സോയ ഉൽപ്പന്നങ്ങൾ, ചിക്കൻ, മത്സ്യം, ടർക്കിക്കോഴിയുടെ മാംസം, നിലക്കടല, പാലും പാലുൽപ്പന്നങ്ങളും (പാൽക്കട്ടി, പനീർ, തൈര്, മോര്) മത്തക്കുരു, എള്ള് എന്നിവയിലെല്ലാം ടൈറോസിൻ സമൃദ്ധമാണ്.

അയഡിൻ ഉപ്പ് അത്യന്താപേക്ഷിതം

തൈറോയ്‌ഡ് രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ അയഡിൻ ഉപ്പിനു കഴിയും. തൈറോയ്‌ഡ് രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ അയഡിൻ ഉപ്പിന് നിർണ്ണായകമായ പങ്കുണ്ട്. ലോകമാകെ 740 മില്യൻ ആളുകൾ ഓരോ വർഷവും അയഡിൻ അപര്യാപ്‌തത കൊണ്ടു ബുദ്ധിമുട്ടനുഭിവക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.അയഡിൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ പ്രത്യേകിച്ച് മത്സ്യവും കടൽ വിഭവങ്ങളും കഴിക്കാത്തവർ ആയഡിൻ ഉപ്പ് നിർബന്ധമായും ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇന്ന് ലഭിക്കുന്ന പായ്‌ക്കറ്റ് ഉപ്പുകളെല്ലാം അയഡിൻ ചേർത്തവയാണ്.

അയഡിൻ ഉപ്പിനെ അറിയാം

കറിയുപ്പ് അഥാവാ സോഡിയം ക്ലോറൈഡിൽ നിശ്‌ചിത അളവിൽ അയഡിൻ മിശ്രിതം ചേർത്താണ് അയഡിൻ ഉപ്പ് തയ്യാറാക്കുന്നത്. ഉപ്പിൽ അയഡിന്റെ സാന്നിധ്യമെത്തുമ്പോൾ അയഡിൻ അപര്യാപ്‌തത പരിഹരിക്കപ്പെടും. അയഡിന്റെ അഭാവത്താലുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇപ്പോൾ പൊതുവേ കുറവാണ്. അയഡിൻ ഉപ്പിന്റെ ഗുണത്തേക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാന്മാരാണ്.അയഡിൻ ഉപ്പിന്റെ മണവും രുചിയുമെല്ലാം സാധാരണ ഉപ്പിന്റേതുപോലെയാണ്.എല്ലാ ആഹാരസാധനങ്ങളിലും ഉപ്പ് വീണ്ടും ചേർക്കേണ്ടതില്ല. പ്രിസർവേറ്റീവുകളും മറ്റും ചേർത്തു സൂക്ഷിക്കുന്ന ആഹാരസാധനങ്ങളിൽ ഉപ്പിന്റെ അളവ് പൊതുവേ കൂടുതലായിരിക്കും. അവയിൽ വീണ്ടും ഉപ്പ് ചേർക്കേണ്ടതില്ല.കല്ലുപ്പ് ഉപയോഗിക്കുന്നവർ ദിവസം ഒരു പ്രാവശ്യമെങ്കിലും അയഡിൻ ഉപ്പ് ആഹാരത്തിലുൾപ്പെടുത്തണം. കല്ലുപ്പ് വിപണിയിലേക്കുള്ള യാത്രയിലുടനീളം തുറന്നിരിക്കുന്നതിനാൽ അയഡിൻ നഷ്‌ടമാകാനിടയുണ്ട്.

ശ്രദ്ധിക്കേണ്ടത്

സൂര്യപ്രകാശം അമിതമായി ഏൽക്കുന്ന സ്‌ഥലങ്ങളിൽ അയഡിൻ ഉപ്പ് വയ്‌ക്കരുത്. സൂര്യപ്രകാശം അധികമേറ്റാൽ ഉപ്പിലെ അയഡിൻ നഷ്‌ടപ്പെടാം.

അയഡിൻ ഉപ്പ് വായുവിൽ തുറന്നു വയ്‌ക്കാനും പാടില്ല. ഉപ്പിൽ നിന്ന് അയഡിൻ സാവധാനം ബാഷ്‌പീകരിച്ച് നഷ്‌ടമാകാനിടയുണ്ട്.

അയഡിൻ ഉപ്പ് ഇരുണ്ട നിറമുള്ള പ്ലാസ്‌റ്റിക് പാത്രങ്ങളിലോ തടി, മണ്ണ് എന്നിവകൊണ്ടു നിർമ്മിച്ച പാത്രങ്ങളിലോ സൂക്ഷിക്കണം. മുറുകിയ അടപ്പുകൾ കൊണ്ട് അടച്ചുവയ്‌ക്കണം.

ആറുമാസത്തിനുള്ളിൽ അയഡൈസ്‌ഡ് ഉപ്പ് പായ്‌ക്കറ്റ് ഉപയോഗിച്ചു തീർക്കണം.

കറികളിലും മറ്റും ഈ ഉപ്പു ചേർത്തു കഴിഞ്ഞാൽ വെള്ളം ഊറ്റിക്കളയരുത്. അയഡിൻ നഷ്‌ടപ്പൊടാം.

ആരാണ് അയഡിന്റെ ശത്രുക്കൾ?

തൈറോയ്‌ഡ് രോഗങ്ങളുള്ളവർ എന്തു കഴിക്കണം? എന്ത് കഴിക്കാൻ പാടില്ല എന്ന് ആശങ്കപ്പെടാറുണ്ട്. പൊതുവെ ഗോയിറ്റർ ഉള്ളവരാണ് ആഹാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാർഥങ്ങളും പച്ചക്കറികളും ഇവർ ഒഴിവാക്കണം. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവയിൽ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുകൾ എന്ന ചില സംയുക്‌തങ്ങൾ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുകൾ, ഫ്ലാറനോയിഡുകൾ എന്നിവയാണ് പ്രധാന ഗോയിട്രോജനുകൾ. കാബേജ്, കപ്പ, കോളിഫ്ലവർ എന്നിവ തുടരെ ഉപയോഗിക്കുമ്പോൾ ഈ ഗോയിട്രോജനുകൾ അയഡിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്‌ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്‌ഡ് പ്രശ്‌നങ്ങളില്ലാത്തവർക്ക് ഇവ കഴിക്കാം. എന്നാൽ തുടരെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യുമ്പോൾ ഇവയുടെ പ്രശ്‌നങ്ങൾ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകൾ ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ലൻ. കടുകിന്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ പതിവായി കഴിക്കുന്നവരിൽ ഗോയിറ്റർ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്‌നകാരി.കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമായേക്കും. മീനിൽ അയഡിൻ സമൃദ്ധമായുണ്ട്.

കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം

കടപ്പാട് :അയ്യട