ലോകംചുറ്റി ജോലിചെയ്യാൻ ഇതാ ഒരു അവസരം

ഇപ്പോഴത്തെ ജോലി രാജിവയ്ക്കണം. എന്നിട്ട് ലോകത്തിന്റെ മറ്റൊരു കോണില്‍ പോയി മനസ്സിന് ഇഷ്ടപ്പെടുന്ന പണിയെടുക്കണം. പുതിയൊരു ദേശവും ഭാഷയും സംസ്‌കാരവുമൊക്കെ അനുഭവിക്കണം. കുറച്ച് നാളുകള്‍ക്ക് ശേഷം അതും ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്ക്. മറ്റൊരു ജോലിയിലേക്ക്. അങ്ങനെ പല ജോലികള്‍ ചെയ്ത് പല രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച് നടക്കണം. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നു പറയാന്‍ വരട്ടെ.

Advertisement

ജീവിതകാലം മുഴുവന്‍ ഒരേ ജോലിയേ ചെയ്യൂ എന്ന നിര്‍ബന്ധമില്ലാത്ത കരിയര്‍ സാഹസികര്‍ക്ക് ഇതൊരു സ്വപ്‌നമേയല്ല. ഇനി സ്വപ്‌നം കണ്ടതു കൊണ്ടു മാത്രമായോ. കൂടു വിട്ടു കൂടു മാറും പോലെ ജോലിയും രാജ്യവും മാറുമ്പോള്‍ ചിന്തിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. എങ്ങനെ ജോലി കണ്ടു പിടിക്കും. എത്ര ശമ്പളം കിട്ടും. കിട്ടുന്നത് ആ രാജ്യത്തെ ജീവിതചെലവിന് തികയുമോ. അങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍. ഇവയ്‌ക്കെല്ലാം ഒരുത്തരമാണ് ജോബാറ്റിക്കല്‍ (https://jobbatical.com)എന്ന വെബ്‌സൈറ്റ്. ഹ്രസ്വകാല ജോലികളുമായി ഉലകം ചുറ്റാന്‍ ആഗ്രഹിക്കുന്ന കരിയര്‍ സാഹസികരുടെ പാഠപുസ്തകം. “ലോകത്തെവിടെയും ഒരു സാങ്കേതിക, ബിസിനസ്, സര്‍ഗ്ഗാത്മക ജോലി കണ്ടെത്തൂ. കാരണം നിങ്ങളുടെ കഴിവുകള്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടിനേക്കാല്‍ പ്രധാനപ്പെട്ടതാണ്. “ജോബാറ്റിക്കല്‍ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരാളെ സ്വാഗതം ചെയ്യുന്ന വാചകം ഇതാണ്. ആധുനിക തൊഴില്‍ശേഷിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് കരോലി ഹിന്‍ഡ്രിക്‌സ് എന്ന വനിതാ സിഇഒ ജോബാറ്റിക്കലിന് രൂപം നല്‍കിയത്.

കുറഞ്ഞത് ഒരു വര്‍ഷം വരെ നീളുന്ന ജോലികളാണ് ജോബാറ്റിക്കല്‍ വാഗ്ദാനം ചെയ്യുന്നത്. ജോലിയെ സംബന്ധിക്കുന്നതും കമ്പനിയെ സംബന്ധിക്കുന്നതുമായ വിവരങ്ങള്‍ മാത്രമല്ല, ജോലി കിട്ടിയാല്‍ താമസിക്കാന്‍ പോകുന്ന സ്ഥലത്ത് വീട് വാടകയ്‌ക്കെടുക്കാന്‍ എത്ര തുകയാകുമെന്ന് വരെ ജോബാറ്റിക്കല്‍ പറഞ്ഞു തരുന്നു. ഇന്ത്യയടക്കമുള്ള അന്‍പതോളം രാജ്യങ്ങള്‍ സൈറ്റിന്റെ ജോബ് പൂളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ മുതല്‍ യൂബര്‍ വരെയുള്ള നിരവധി കമ്പനികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.