മൊബൈൽ ഫോണിൽ വരുന്ന OTP ഇല്ലാതെ ക്രഡിറ്റ് കാർഡ് ഇടപാടുകൾ നടക്കുമോ

സുജിത് കുമാർ എഴുതിയത്:

Advertisement

“മൊബൈൽ ഫോണിൽ വരുന്ന OTP ഇല്ലാതെ ക്രഡിറ്റ് കാർഡ് ഇടപാടുകൾ നടക്കുമോ? നമ്മൾ ഒരിക്കൽ നൽകിയ കാർഡ് വിവരങ്ങൾ വച്ച് നമ്മൾ അറിയാതെ തുടർ ഇടപാടുകൾ നടത്താൻ പറ്റുമോ ?

ഇതിനു രണ്ടിനും ഉത്തരം പറ്റും എന്നു തന്നെയാണ്‌. അതുകൊണ്ടാണ്‌ പറയുന്നത് എപ്പോഴും വിശ്വസനീയമായ വെബ് സൈറ്റുകൾക്കും സ്ഥാപനങ്ങൾക്കും മാത്രം ക്രഡിറ്റ് കാർഡ് വിവരങ്ങൾ നൽകുക എന്നത്. വെരിഫൈഡ് ബൈ വിസ, 3D Secure, തുടങ്ങി വൺ ടൈം പാസ് വേഡും മറ്റ് മാർഗ്ഗങ്ങളുമൊക്കെ ഉപയോഗിച്ചുള്ള ഒരു ടു ഫാക്റ്റർ ഓതന്റിക്കേഷൻ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ മാത്രമേ നിയമം മൂലം നിർബന്ധമായിട്ടുള്ളൂ. അതിനാൽ ഇന്ത്യൻ പേയ്മെന്റ് ഗേറ്റ് വേകൾ ഉപയോഗിക്കുന്നതും ഇന്ത്യയിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ വഴി ഇടപാടുകൾ നടത്തുമ്പോൾ മാത്രമേ ഇത്തരത്തിൽ ടു സ്റ്റെപ് കാർഡ് വെരിഫിക്കേഷൻ നടക്കുകയുള്ളൂ. അല്ലാത്ത എല്ലാ ഇന്റർനാഷണൽ ക്രഡിറ്റ്/ഡബിറ്റ് ട്രാൻസാൿഷനുകൾക്കും കാർഡ് വിവരങ്ങളും സി വി വിയുമൊക്കെ മാത്രം മതിയാകും. അതിനാൽ ക്രഡിറ്റ് കാർഡ് വിവരങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്‌.

ഹോട്ടലുകളിലും മറ്റും ബിൽ പേ ചെയ്യാനൊക്കെ ആളുകൾ വെയ്റ്റർമ്മാരുടെ കയ്യിൽ ക്രഡിറ്റ് കാർഡ് കോടുത്ത് വിടുന്നത് കാണാറുണ്ട് (എല്ലാവരുടേയും വിശ്വസനീയതയെ സംശയിക്കുകയല്ല). അത്തരം ശീലങ്ങൾ ഒന്നും ഒട്ടും സുരക്ഷിതമല്ല. പറ്റുമെങ്കിൽ സി വി വി ഓർമ്മയിൽ സൂക്ഷിച്ചതിനു ശേഷം കാർഡിൽ നിന്നും മായ്ച്ച് കളയുന്നതും നല്ലതാണ്‌.

നിങ്ങളുടെ ക്രഡിറ്റ് /ഡബിറ്റ് കാർഡിൽ അന്താരാഷ്ട്ര ഇടപാടുകൾക്ക് പരിധി വയ്ക്കാൻ കഴിയും. അതിനായി അതാത് കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടാൽ മതിയാകും. വൺ ടൈം പാസ് വേഡ് ഇല്ലാതെ തന്നെ അന്താരാഷ്ട്ര ഇടപാടുകൾ നടക്കുമെന്നതിനാൽ അന്താരാഷ്ട്ര ഇടപാടുകൾക്ക് ഒരു പരിധി വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്‌.

തികച്ചും വിശ്വസനീയമായ വെബ് സൈറ്റുകളിൽ മാത്രം ക്രഡിറ്റ് കാർഡ് വിവരങ്ങൾ നൽകുക. വിശ്വാസ്യ യോഗ്യത ഉറപ്പ് വരുത്താനാകാത്ത വെബ് സൈറ്റുകളിൽ നിന്നും എന്തെങ്കിലും സാധനങ്ങളോ സേവനങ്ങളോ കാർഡ് വഴി വാങ്ങേണ്ടി വരുന്ന സാഹചര്യം വരികയാണെങ്കിൽ ഒരു തവണ ഉപയോഗം മാത്രം സാദ്ധ്യമാകുന്ന വിർച്വൽ ക്രഡിറ്റ് കാർഡ് സംവിധാനം എല്ലാ ബാങ്കുകളും നൽകുന്നുണ്ട്. അത് ഉപയോഗിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിതം.

നിങ്ങളുടെ ബ്രൗസറുകളിൽ അറിഞ്ഞോ അറിയാതെയോ ഇന്സ്റ്റാൾ ചെയ്യപ്പെട്ട ബ്രൗസർ എക്സ്റ്റൻഷനുകൾ വഴിയും ക്രഡിറ്റ് കാർഡ് വിവരങ്ങൾ ചോരാം. അതുപോലെ മൊബൈൽ ഫൊണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള മാൽവെയർ ആപ്പുകൾ വഴിയും. അതിനാൽ ആ വഴിക്കും ശ്രദ്ധിക്കേണ്ടതുണ്ട്.

സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സേവനങ്ങൾ നൽകുന്ന വെബ് സൈറ്റുകളിൽ കാർഡ് വിവരങ്ങൾ സേവ് ചെയ്യുമ്പോൾ അതിനു താഴെ അവരുടെ നിബന്ധനകളൊക്കെ നമ്മൾ അംഗീകരിക്കുന്നുണ്ടാകും. അതൊന്നും വായിച്ച് നോക്കാൻ മിനക്കെടാറില്ലാത്തതിനാൽ അടുത്ത വർഷം അക്കൗണ്ടിൽ നിന്നും സ്വയമേവ പണം സബ്സ്ക്രിപ്ഷൻ ഇനത്തിൽ പിൻവലിക്കപ്പെടുമ്പോൾ ആണ്‌ വിവരം അറിയുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒക്കെ ഇത് പതിവാണ്‌. ചില ആപ്പുകൾ ഒരു വർഷത്തേക്ക് സൗജന്യമായിരിക്കും അതു കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി പ്രീമിയം മോഡിലേക്ക് മാറാനുള്ള അനുവാദമൊക്കെ അക്കൗണ്ട് തുടങ്ങുമ്പോൾ നമ്മൾ തന്നെ കൊടുത്തിട്ടുണ്ടാകും. ഒരു വർഷം കഴിയുമ്പൊൾ കൃത്യമായി ഗൂഗിൾ പ്ലേയുമായി ലിങ്ക് ചെയ്യപ്പെട്ട അക്കൗണ്ടിൽ നിന്നും പണം പോകും. 48 മണിക്കൂറിനകം പരാതിപ്പെട്ടാൽ പണം തിരികെ ലഭിക്കുമെങ്കിലും ഇക്കാര്യം പലരും ശ്രദ്ധിക്കാറില്ല.

ഏതെങ്കിലും തരത്തിൽ കാർഡ് വഴി പണം പിൻ വലിക്കപ്പെട്ടു എന്ന സന്ദേശം ലഭിക്കുകയാണെങ്കിൽ ഉടൻ കാർഡ് ബ്ലോക്ക് ചെയ്യാൻ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. അതോടൊപ്പം പരാതി നൽകുകയും ചെയ്യുക.

എന്തെങ്കിലും ഉല്പന്നമോ സേവനമോ വാങ്ങുന്നതിനാണ്‌ നിങ്ങളുടെ ക്രഡിറ്റ് കാർഡ്‌ ദുരുപയോഗം ചെയ്യപ്പെട്ടത് എങ്കിൽ ഉടൻ തന്നെ പ്രസ്തുത വെബ് സൈറ്റിന്റെ കസ്റ്റമർ കെയറുമായി ടെലിഫോണിൽ ബന്ധപ്പെട്ട് പരാതിപ്പെടുകയും ഈ മെയിലിൽ വിശദമായ പരാതി നൽകുകയും ചെയ്യുക. പ്രമുഖ ഷോപ്പിംഗ് പോർട്ടലുകളെല്ലാം തന്നെ ഇക്കാര്യത്തിൽ ഉത്തരവാദിത്ത ബോധത്തോടെത്തന്നെ പ്രതികരിക്കുകയും പണം തിരികെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുകയും ചെയ്യും.”