മരുന്ന് ഇല്ലാതെ പ്രമേഹം പൂര്‍ണ്ണമായും നിയന്ത്രണവിധേയം ആക്കാം; നിങ്ങള്‍ ചെയേണ്ടത് ഇത്ര മാത്രം

ലക്ഷക്കണക്കിന് പ്രമേഹബാധിതരാണ് നമ്മുടെ സമൂഹത്തിലുള്ളത്. പ്രമേഹനിയന്ത്രണം എന്നത് ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ചികിത്സിച്ചു പൂര്‍ണമായും ഭേദമാക്കാനാകാത്ത രോഗമാണിത്. എന്നാല്‍ വളരെ ഫലപ്രദമായി നിയന്ത്രിച്ചുനിര്‍ത്താനാവും. അതുവഴി പ്രശ്‌നങ്ങളില്ലാതെ ജീവിതകാലം പിന്നിടാനുമാവും. പ്രമേഹത്തെ നിയന്ത്രിച്ചുജീവിക്കുക എന്നത് വളരെ പ്രധാനമാണ്.

Advertisement

കാരണം രോഗത്തെ നിയന്ത്രിക്കാതെ മുന്നോട്ടുപോയാല്‍ ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും അത് അപകടത്തിലാക്കാം. പില്‍ക്കാല സങ്കീര്‍ണതകളാണ് പ്രമേഹത്തെ ഏറെ അപകടകാരിയും ശ്രദ്ധിക്കേണ്ട രോഗവുമാക്കി മാറ്റുന്നത്.

പ്രതിരോധത്തിന് പ്രാധാന്യം നല്‍കണം

രോഗം വരാതെ നോക്കുക എന്നത് ഏറ്റവും പ്രസക്തമാവുന്നത് പ്രമേഹത്തിന്റെ കാര്യത്തിലാണ്. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മാനസിക സമ്മര്‍ദലഘൂകരണം എന്നിവ ഒരു പരിധിവരെ പ്രമേഹത്തെ അകറ്റിനിര്‍ത്താന്‍ പര്യാപ്തമാണ്. പ്രമേഹ നിയന്ത്രണത്തിലും ചികിത്സയിലും ഇത് പരമപ്രധാനമാണ്.

പാരമ്പര്യഘടകം ശക്തമായവര്‍ക്കുപോലും രോഗത്തെ അകറ്റിനിര്‍ത്താനോ അല്ലെങ്കില്‍ താമസിപ്പിക്കാനോ ജീവിതചര്യാക്രമീകരണം കൊണ്ട് സാധിക്കും. ഇത്തരം പൊതുവായ തിരിച്ചറിവുകള്‍ സമൂഹത്തിലുണ്ടെങ്കിലും വ്യക്തമായ പ്രയോഗിക നടപടികളെക്കുറിച്ചുള്ള അറിവിന്റെ അഭാവം പ്രകടമാണ്. ഈ പശ്ചാത്തലത്തില്‍ രോഗം വന്നതിനുശേഷം മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയേക്കാള്‍ പ്രാഥമിക പ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കണം.

പ്രമേഹ ചികിത്സയില്‍ പ്രതിരോധത്തിനും ആരംഭ ദശയില്‍ തെന്നയുള്ള രോഗനിര്‍ണയത്തിനുമാണ് ഏറെ പ്രാധാന്യമെന്നിരിക്കെ ഈ രോഗത്തോട് പൊതുവെ പുലര്‍ത്തപ്പെടുന്ന സമീപനത്തിന് കാതലായ മാറ്റങ്ങള്‍ അനിവാര്യമാണ്. പ്രമേഹം ബാധിക്കാന്‍ സാധ്യതയുള്ളവരെ, പ്രത്യേകിച്ചും, പാരമ്പര്യ ഘടകങ്ങള്‍ ഏറെയുള്ളവരെ രോഗത്തിലേക്കെത്തുന്നതുവരെ കാത്തിരിക്കാന്‍ വിടാതെ രോഗപ്രതിരോധത്തിന്റെ സാധ്യതയെക്കുറിച്ചും അതിനുള്ള ഉപാധികളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ട കാര്യം.

ഭക്ഷണം, വ്യായാമം, മാനസിക സമ്മര്‍ദം എന്നിവയാണ് ഏറെ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ അതുകൊണ്ട് ജീവിതചര്യയുടെ സമഗ്ര നവീകരണമാണ് ലക്ഷ്യമാക്കേണ്ടത്. കേരളത്തിലെ ഗ്രാമങ്ങളില്‍ പാരമ്പര്യ രീതിയില്‍ നിലനിന്നുപോന്നതും ലളിതവുമായ ജീവിതശൈലി ഈ സാധ്യത മുന്നോട്ടുവെക്കുന്നുണ്ട്.

പ്രകൃതിയെ പൂര്‍ണമായി അറിയുകയും ഉള്‍കൊള്ളുകയും ചെയ്യുന്ന ജീവിതശൈലി തെന്നയാണ് ഏറ്റവും നല്ല ചികിത്സ. പക്ഷേ, ദ്രുതഗതിയില്‍ മാറിവരുന്ന സാമൂഹിക സാമ്പത്തിക ഭ്രമങ്ങള്‍ ഇത്തരത്തിലൊരു പൂര്‍ണമായ തിരിച്ചുപോക്ക് അസാധ്യമാക്കുന്നുണ്ട്. അതുകൊണ്ട് ഇന്നത്തെ അവസ്ഥയില്‍ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് ഭക്ഷണം, വ്യായാമശീലങ്ങള്‍, മാനസികനില എന്നിവയെ അനുകൂലമായി ക്രമീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

ഓരോ വ്യക്തിയുടെയും സാമൂഹികസാമ്പത്തിക സാഹചര്യങ്ങള്‍, ആരോഗ്യനില എന്നിവ സമഗ്രമായി വിലയിരുത്തി വ്യക്തവും പ്രായോഗികവുമായ പുതിയൊരു ജീവിതക്രമം നിര്‍ദേശിക്കുകയാണ് രോഗപ്രതിരോധത്തിനും രോഗനിയന്ത്രണത്തിനും അത്യാവശ്യം വേണ്ടത്. അതുകൊണ്ടുതന്നെ താഴെപ്പറയുന്ന ഘടകങ്ങളാണ് ഇത്തരമൊരു പ്രാഥമിക പ്രതിരോധത്തിനായുള്ള വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്.

$ പ്രമേഹം, മറ്റുജീവിതചര്യ രോഗങ്ങള്‍ എന്നിവയെക്കുറിച്ചും അവയുടെ പില്‍ക്കാല സങ്കീര്‍ണതകള്‍, പ്രതിരോധ നിയന്ത്രണ സാധ്യതകള്‍, ചികിത്സാമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുമുള്ള പ്രാഥമിക അറിവുകള്‍.

$ രോഗപ്രതിരോധത്തിനായി ഭക്ഷണനിയന്ത്രണം, വ്യായാമം, ടെന്‍ഷന്‍ കുറയ്ക്കാനുള്ള വഴികള്‍ എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ്സുകള്‍.

$ ഓരോ വ്യക്തിയുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കേണ്ട ഭക്ഷണശീലങ്ങള്‍, വ്യായാമം, എന്നിവയെക്കുറിച്ചുള്ള അറിവ്.

$ രോഗസാധ്യതകള്‍ കണ്ടെത്തുന്നതിനും ആരംഭദശയില്‍ത്തന്നെ രോഗനിര്‍ണയം സാധ്യമാക്കുന്നതിനും സങ്കീര്‍ണതകള്‍ തിരിച്ചറിയുന്നതിനുമുള്ള പരിശോധനാസൗകര്യങ്ങള്‍.

ഇതോടൊപ്പം കേരളത്തിലെ ആതുരശുശ്രൂഷാരംഗത്ത് സമഗ്രമായ ചിലമാറ്റങ്ങള്‍കൂടി വരേണ്ടതുണ്ട്. പകര്‍ച്ചവ്യാധികളെപ്പോലെ വ്യക്തവും ദൃശ്യവുമായ രീതികളിലാവില്ല ജീവിതചര്യ രോഗങ്ങളുടെ ഉദയവും വ്യാപനവുമെന്നതുകൊണ്ട് സര്‍ക്കാര്‍ മേഖലയിലുള്ള ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങള്‍ മാത്രം ഇത്തരം രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും മതിയാവില്ല.

സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി നടത്തേണ്ട ഒരു സമ്പൂര്‍ണ യജ്ഞമാണ് നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്നത്. സമഗ്രവും സമ്പൂര്‍ണവുമായൊരു ആരോഗ്യവിദ്യാഭ്യാസ നയത്തിനാണ് രൂപം കൊടുക്കേണ്ടത്.

പ്രമേഹമുള്ളവര്‍ ഓര്‍ത്തുവെക്കേണ്ട ഒരു വസ്തുതയുണ്ട്. രോഗനിയന്ത്രണം എന്നത് വല്ലപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമല്ല.

രക്തത്തിലെ പഞ്ചസാരയുടെ അളവ് 24 മണിക്കൂറും നിയന്ത്രണത്തില്‍ ആയിരിക്കണം. ഇത് അസാധ്യമായ കാര്യമൊന്നുമല്ല. വിചാരിച്ചാല്‍ നടപ്പില്‍വരുത്താവുന്നതേയുള്ളൂ. അതിന് മരുന്നുചികിത്സ മാത്രം പോര. ചിട്ടയായ ജീവിതക്രമവും, ആരോഗ്യകരമായ ആഹാരരീതി, ഭക്ഷണ ക്രമീകരണം, ,കൃത്യമായ വ്യായാമം, ജീവിതത്തോട് നല്ല വൈകാരിക സമീപനം, ശാന്തമായ മനസ്സ് എന്നിവയെല്ലാം ആവശ്യമാണ്.

ഇതൊക്കെ ഏകോപിപ്പിച്ചുകൊണ്ടുപോകുമ്പോള്‍ ഷുഗര്‍ നമ്മുടെ നിയന്ത്രണത്തിലാവുന്നു. അതുവഴി ജീവിതം മധുരമുള്ളതാക്കി മാറ്റാം. എന്നാല്‍ ഈ ഘടകങ്ങള്‍ കൃത്യമായി നിയന്ത്രിച്ചുകൊണ്ടുപോകാത്തതാണ് പ്രമേഹ ചികിത്സ പരാജയപ്പെടാനുള്ള പ്രധാനകാരണവും. രോഗസങ്കീര്‍ണതകളെ ഭയക്കാതെ ദീര്‍ഘകാലം ജീവിക്കാന്‍ സഹായിക്കുന്ന 5 കാര്യങ്ങള്‍ പറയാം.

പ്രമേഹത്തെ മനസ്സിലാക്കുക

പ്രമേഹത്തെക്കുറിച്ച് അറിയാതെ രോഗനിയന്ത്രണം സാധ്യമാവില്ല. ജീവിതശൈലി മാറ്റവും മരുന്നു ചികിത്സയും ആരംഭിക്കും മുമ്പ് പ്രമേഹത്തിന്റെ കാരണം, രോഗത്തിന്റെ സവിശേഷ സ്വഭാവം എന്നിവയെക്കുറിച്ചൊക്കെ രോഗിയും കുടുംബാംഗങ്ങളും അറിഞ്ഞിരിക്കണം. എന്താണ് പ്രമേഹം, രോഗം വന്ന വഴി, അതു നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത, നിയന്ത്രിച്ചില്ലെങ്കില്‍ വന്നുചേരാവുന്ന പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ബോധവാനാകണം.

ഇന്‍സുലിന്‍ എന്ന സ്വാഭാവിക ഹോര്‍മോണിന്റെ കുറവുള്ള തന്റെ ശരീരം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമാണെന്ന് രോഗി തിരിച്ചറിയണം. മരുന്നുകൊണ്ട് മാത്രം നിയന്ത്രിച്ചു നിര്‍ത്താനാവുന്ന രോഗമല്ലെന്നും ജീവിതശൈലി മാറ്റേണ്ടത് അത്യാവശ്യമാണെന്നും മനസിലാക്കി വേണം മുന്നോട്ടു പോകാന്‍.

പ്രമേഹം ദീര്‍ഘകാല രോഗമാണെന്നും നിരന്തരം നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്താലേ രോഗത്തെ വരുതിയില്‍ നിര്‍ത്താനാവൂ എന്ന യാഥാര്‍ഥ്യവും തിരിച്ചറിയണം. പ്രമേഹത്തെക്കുറിച്ച് ഒട്ടേറെ തെറ്റുധാരണകള്‍ സമൂഹത്തിലുണ്ട്.

അതില്‍ നിന്ന് രോഗിയെ മോചിപ്പിക്കണം. പ്രമേഹം നിയന്ത്രണത്തില്‍ ആകുമ്പോള്‍ രോഗം മാറി എന്നു കരുതി ചികിത്സ നിര്‍ത്തുന്നവരും മരുന്നുമാത്രം കഴിച്ച് നിയന്ത്രണത്തിനു ശ്രമിക്കുന്നവരും ഭക്ഷണം ഒഴിവാക്കുന്നവരുമൊക്കെയുണ്ട്. ബോധവത്കരണത്തിന്റെ അഭാവമാണ് ഇവരെ ഇത്തരം അബദ്ധങ്ങളിലേക്ക് നയിക്കുന്നത്.

ഭക്ഷണം വേണ്ട അളവില്‍

പ്രമേഹരോഗനിയന്ത്രണത്തിലെ ഒരു പ്രധാന ഘടകമാണ് ആഹാരക്രമീകരണം. ഓര്‍ക്കുക- ഭക്ഷണ ക്രമീകരണം എന്നു പറഞ്ഞാല്‍ ഭക്ഷണം ഒഴിവാക്കലല്ല. ചിട്ടപ്പെടുത്തലാണ്. ഭക്ഷണം കൂടിയാല്‍ ഷുഗര്‍ കൂടും. ഭക്ഷണം തീരെ കുറഞ്ഞാല്‍ ഷുഗര്‍ കുറയുകയും ചെയ്യും. ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലെത്തിച്ചേരും. അതിനാല്‍ ആവശ്യം അറിഞ്ഞുവേണം കഴിക്കാന്‍.

ഒരു പ്രമേഹരോഗിക്ക് മറ്റുള്ളവരെപ്പോലെ മിക്കവാറും എല്ലാതരം ഭക്ഷണവും കഴിക്കാവുന്നതാണ്. എല്ലാ പ്രമേഹരോഗികള്‍ക്കും ഒരേ തോതിലുള്ള ഭക്ഷണം അല്ല വേണ്ടത്. പ്രായം, ശരീരഭാരം, ജോലി, അധ്വാനഭാരം എന്നിവയൊക്കെ അനുസരിച്ചാണ് ഓരോരുത്തര്‍ക്കും എത്ര അളവില്‍ ഭക്ഷണം വേണമെന്നു തീരുമാനിക്കുന്നത്. സാധാരണ ആളുകള്‍ക്ക് ആവശ്യമായ എല്ലാ പോഷണങ്ങളും പ്രമേഹ രോഗിക്കും ഭക്ഷണത്തിലൂടെ ലഭിക്കണം. ഭക്ഷണം സമീകൃതമായിരിക്കണം.

ഓരോ വ്യക്തിയുടെയും തൂക്കത്തിന് അനുസൃതമായി അനുവദിച്ചിട്ടുള്ള കലോറി പരിധിയ്ക്കുള്ളില്‍ ആയിരിക്കണം ഭക്ഷണം. പ്രസ്തുത ഭക്ഷണത്തിന്റെ 60 ശതമാനം അന്നജവും, 15 ശതമാനം മാംസ്യവും, 25 ശതമാനം കൊഴുപ്പും ആയിരിക്കണം. കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കാന്‍ രോഗി പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിവതും സാധാരണനിലയില്‍ എത്തിക്കുവാനും തൃപ്തികരമായ ശരീരഭാരം നിലനിര്‍ത്തുവാനും സഹായകമായിരിക്കണം. ഇത്തരത്തില്‍ ക്രമീകരിച്ച ഭക്ഷണക്രമത്തിനാണ് ഡയബറ്റിക് ഡയറ്റ് എന്നു പറയുന്നത്.

ചികിത്സിക്കുന്ന ഡോക്ടറുമായും ഡയറ്റീഷ്യനുമായും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മരുന്നുകുറിപ്പ് എന്ന പോലെ ഭക്ഷണത്തിനും ഒരു വിശദമായ കുറിപ്പ് എഴുതി വാങ്ങാവുന്നതാണ്.

വ്യായാമം

വ്യായാമം ഇല്ലാതെ പ്രമേഹനിയന്ത്രണം ഇല്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വ്യായാമം മരുന്നുപോലെ തന്നെയാണ്. ചിട്ടയായ വായാമം മരുന്നിന്റെ ഗുണം ചെയ്യും. വ്യായാമം ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാര കൂടുതല്‍ ഉപയോഗിക്കപ്പെടും. അതുവഴി ഷുഗര്‍ കുറയുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് എരിച്ചു കളയാനും തടിയും അമിതഭാരവും കുറയ്ക്കാനും വ്യായാമത്തിലൂടെ സാധിക്കുന്നു. ടൈപ്പ് 2 പ്രമേഹം ബാധിച്ച മിക്കവാറുമാളുകളില്‍ അമിത കൊഴുപ്പും അമിതഭാരവും കാണാറുണ്ട്.

വ്യായാമം ചെയ്യുമ്പോള്‍ ഓക്‌സിജന്‍ ധാരാളമായി അകത്തെത്തുന്നു. പ്രാണവായു ഇത്തരത്തില്‍ പ്രവഹിക്കുമ്പോള്‍ ശരീരത്തിലെ നേര്‍ത്ത രക്തക്കുഴലുകള്‍ പോലും വികസിക്കും. ഇതു വളരെ നല്ലതാണ്. ചെറിയ രക്തക്കുഴലുകള്‍ അടഞ്ഞുപോവുക എന്നത് പ്രമേഹം ഉണ്ടാക്കുന്ന വലിയ സങ്കീര്‍ണതയാണ്.

കണ്ണ്, വൃക്ക, പാദങ്ങള്‍ എന്നിവയെയൊക്കെ ഇത് ബാധിക്കാറുണ്ട്. പതിവായി വ്യായാമം ചെയ്യുന്നത് ബി.പി., ചീത്ത കൊളസ്‌ട്രോള്‍ എന്നിവ കുറയാന്‍ സഹായിക്കുന്നു. ഒപ്പം നല്ല കൊളസ്‌ട്രോള്‍ കൂടാനും. ഇതും ധമനികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങങ്ങള്‍ ഉഷാറാകാനും വ്യായാമം സഹായിക്കും.

ജീവിതശൈലി പരിഷ്‌കരിക്കുന്നതിനൊപ്പം പ്രമേഹ മരുന്നുകള്‍ ശാസ്ത്രീയമായി ഉയോഗിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് ഏറെ ഫലപ്രദമാണ്. കഴിക്കാനും കൈകാര്യം ചെയ്യാനും എളുപ്പമായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനേക്കാള്‍ ഗുളികകളോടാണ് ആഭിമുഖ്യം.

ഗുളികകള്‍ പലവിധത്തിലുണ്ട്. അവയുടെ പ്രവര്‍ത്തനരീതികള്‍ വ്യത്യസ്തമാണ് – പാന്‍ക്രിയാസ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുക, കരളില്‍ നിന്നുള്ള ഗ്ലൂക്കോസ് ഉത്പാദനം കുറയ്ക്കുക, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുക, ഗ്ലൂക്കോസിന്റെ ഉപയോഗം വര്‍ധിപ്പിക്കുക, വിശപ്പ് കുറയ്ക്കുക, ആഹാരത്തിന് ശേഷമുണ്ടാകുന്ന ഗ്ലൂക്കോസ് വര്‍ധന കുറയ്ക്കുക തുടങ്ങി പല രീതിയില്‍ പ്രവര്‍ത്തിക്കുന്നവ.

പ്രമേഹം ഗുളികകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ പറ്റാതെ വരുമ്പോഴും, പ്രമേഹ സങ്കീര്‍ണതകള്‍ ഉള്ളവരിലും ഇന്‍സുലിന്‍ ചികിത്സ ആവശ്യമാണ്. പ്രമേഹനിയന്ത്രണത്തിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഇന്‍സുലിന്‍ ചികിത്സ. പലവിധത്തിലുള്ള ഇന്‍സുലിനുകളും അവ നല്‍കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളും ഇന്നുണ്ട്.

പ്രമേഹരോഗം നിയന്ത്രണത്തിലായതിനു ശേഷവും മരുന്ന് തുടര്‍ന്നുപയോഗിക്കണം. ജീവിത ചിട്ടകളും തുടരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലായി എതുകൊണ്ട് പ്രമേഹരോഗം മാറി എന്നല്ല അര്‍ഥം. മറിച്ച് ആഹാരക്രമീകരണം, വ്യായാമം, മരുന്നുകള്‍ എന്നിവ ഉപയോഗിച്ച് അത് നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നു എന്നാണ്.

വേണം തുടര്‍പരിശോധനകള്‍:

പ്രമേഹമുള്ളവര്‍ ചികിത്സയില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. കൃത്യമായ ഇടവേളകളില്‍ തുടര്‍ പരിശോധനകളും നടത്തണം. പ്രമേഹം നിയന്ത്രണത്തിലാണോ, ചികിത്സ ഫലം കാണുന്നുണ്ടോ, സങ്കീര്‍ണതകള്‍ വല്ലതും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ഈ പരിശോധനകള്‍.

ഇടയ്ക്കിടെയുള്ള രക്ത പരിശോധനയിലൂടെ രോഗം നിയന്ത്രണത്തിലാണോ എന്ന് മനസ്സിലാക്കാം. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും എച്ച്.ബി.എ.1 സി പരിശോധന നടത്തണം. പിന്നിട്ട മൂന്നു മാസത്തിനിടയില്‍ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രണത്തിലായിരുന്നോ എന്നു തിരിച്ചറിയാനുള്ള എറ്റവും നല്ല വഴിയാണത്.

ബി.പി., കൊളസ്‌ട്രോള്‍ എന്നിവ പരിശോധനയിലൂടെ തിട്ടപ്പെടുത്താനും നിയന്ത്രിക്കാനും ശ്രദ്ധിക്കണം. നമ്മുടെ നാട്ടിലെ പ്രമേഹരോഗികളില്‍ നല്ലൊരു ശതമാനത്തിനും അമിത ബി.പി. യും, കൊളസ്‌ട്രോള്‍ വ്യതിയാനങ്ങളും കാണാറുണ്ട്. പ്രമേഹം ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിച്ച് പല സങ്കീര്‍ണതകളും ഉണ്ടാക്കാറുണ്ട്.

അങ്ങനെ സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും വാര്‍ഷിക പ്രമേഹപരിശോധന നിര്‍ബന്ധമായും നടത്തണം. ഹൃദ്രോഗം, പക്ഷാഘാതം, നേത്രരോഗം, വൃക്കരോഗം, പാദരോഗങ്ങള്‍, ഞരമ്പ് രോഗം എന്നിവയൊക്കെ പ്രതിരോധിക്കാന്‍ തുടര്‍പരിശോധനകള്‍ കൂടിയേ തീരൂ.

Courtesy : Ayyada.in