പ്രവാസികള്‍ തീര്‍ച്ചയായും ഇത് അറിയണം, ഗൾഫ് വരുമാനം മാത്രം കണ്ടു ജീവിക്കുന്നവര്‍ക്ക് സംഭവിക്കുന്നത് പ്രവാസിയുടെ കുറിപ്പ്
പ്രവാസികള്‍ സ്വന്തം കാര്യം പോലും മറന്ന് മറ്റുള്ളവര്‍ക്കും തന്റെ കൂടപ്പിറപ്പുകള്‍ക്കും വേണ്ടി അന്യ നാടുകളില്‍ പണി എടുക്കുന്നവരാണ്. പലപ്പോഴും അവര്‍ സ്വന്തം കാര്യം മറന്നു പോവുകയാണ്.
പ്രവാസികളാണ് കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ അടിമുടി മാറ്റിയെടുത്തത് . ഒരു കാര്‍ഷിക പ്രദേശമായിരുന്ന കേരളം ഗള്‍ഫ് പണം കൊണ്ടണ്ട് നഗര ജീവിതത്തിലേക്ക് മാറി. കേരളത്തിന്‍റെ പച്ചപ്പും മാമലകളും അപ്രത്യക്ഷമാവാന്‍ തുടങ്ങി.
കുന്നിടിച്ചും വയല്‍ നികത്തിയും മലയാളി ഒരു ദാക്ഷിണ്യവുമില്ലാതെ ഭൂമിയെ ഉപദ്രവിച്ചു തുടങ്ങി. ഉള്ളതു മതിയെന്ന കര്‍ഷകന്‍റെ മനോഭാവത്തില്‍ നിന്ന് നാഗരികന്‍റെ ആര്‍ത്തിയിലേക്ക് മലയാളിയുടെ നാക്കു നീണ്ടു.
വിയര്‍പ്പു പൊടിയാതെ തന്നെ മലയാളിയുടെ കൂരകള്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്ക് വഴി മാറി. അവന്‍ സുഖമായി ജീവിക്കാന്‍ തുടങ്ങി.
ഗള്‍ഫില്‍ സൂര്യന്‍റെ ചോട്ടില്‍ അധ്വാനിച്ചു വിയര്‍ത്ത മലയാളി നാട്ടിലെത്തുമ്പോള്‍ വിയര്‍പ്പിനെ സുഗന്ധം പുരട്ടി പറഞ്ഞയച്ചു. ഗള്‍ഫിലെ ദുരിതങ്ങളൊക്കെ മറച്ചു വച്ച് കൊണ്ടണ്ടാണ് മലയാളി നാട്ടില്‍ വിലസിയത്.
ഗള്‍ഫുകാരന്‍ എന്ന അപര നാമം അവന്‍ അന്തസ്സായി കൊണ്ടണ്ടു നടന്നു. എല്ലാവരേയും കൈയയച്ചു സഹായിച്ചു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിസ ശരിയാക്കി ഗള്‍ഫിലേക്കെത്തിച്ചു.
പലപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതിനിടക്ക് സ്വന്തം കാര്യങ്ങള്‍ ഗള്‍ഫുകാരന്‍ മറന്ന് പോയി. ജീവിതത്തിന് കൃത്യമായ കാഴ്ചപ്പാടുകളൊന്നും അവനുണ്ടായിരുന്നില്ല.
പണം ക്രിയാത്മകമായി ചെലവഴിക്കുന്നതിനെകുറിച്ചും ചിന്തിച്ചില്ല. ഇതാണ് ചുരുക്കത്തിൽ ഗൾഫുകാരന്റെ ജീവിതമായി നാട്ടിൽ പറയുന്നത്.
മനുഷ്യന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരരമാകണമെങ്കില്‍ അയാളുടെ വരുമാനം അയാള്‍ക്ക് ഉണ്ടാകുന്ന ചിലവിനേക്കാള്‍ കൂടുതലായിരിക്കണം.
ശമ്പളമായി ലഭിക്കുന്ന പണം ഒരു ദിവസം ഇല്ലാതായാല്‍ മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് അയാളുടെ ചിലവുകള്‍ നടത്തിക്കൊണ്ട് പോകാന്‍ എന്ന് സാധിക്കുന്നുവോ അന്ന് മാത്രമേ അയാള്‍ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുകയുള്ളൂ.
ആ രീതിയില്‍ ബുദ്ധിപരമായി നിക്ഷേപം നടത്താന്‍ അയാള്‍ക്ക് സാധിക്കണം. എങ്കിൽ മാത്രമേ ഒരാളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടൂ. ഇവിടെയാണ് ഗൾഫ് മലയാളിയുടെ ബുദ്ധി പ്രവർത്തിക്കേണ്ടത്.
ഗള്‍ഫിലെ പ്രവാസികളിൽ ഭൂരിഭാഗവും ശമ്പളത്തെ മാത്രം അടിസ്ഥാനമാക്കി ജീവിക്കുന്നവരാണ്. നാട്ടിൽ മറ്റൊരു വരുമാനവും കാണില്ല.
സമ്പാദ്യവും കാണില്ല. മാസത്തില്‍ കിട്ടുന്ന ശമ്പളം പല ആവശ്യങ്ങള്‍ക്കും ചിലവഴിക്കേണ്ടി വരുന്നു.
അതിനാല്‍ പ്രതിമാസം ലഭിക്കുന്ന ശമ്പളം ഒരു ദിവസം ഇല്ലാതായാല്‍ ജീവിതം വഴിമുട്ടുന്നു. ആത് കൊണ്ടാണ് ജോലി നഷ്ടപ്പെടുന്ന ഘട്ടം വരുമ്പോള്‍ പരിഭ്രാന്തരാകുന്നത്.
പ്രവാസ ലോകത്തെ ജോലി ശാശ്വതമല്ലെന്നും എന്നെങ്കിലും മടങ്ങി പോകേണ്ടി വരുമെന്നും ഉള്ള ഉത്തമ ബോധ്യം ആദ്യം മനസ്സിലുണ്ടാകണം.
അത് മനസ്സില്‍ വെച്ച് കൊണ്ടായിരിക്കണം സാമ്പത്തിക ജീവിതവും ക്രമപ്പെടുത്താൻ.
പ്രവാസിയെ സംബന്ധിച്ചിടത്തോളം ശമ്പളം മാത്രമാണ് ആകെയുള്ള വരുമാനം. ലഭിക്കുന്ന ശമ്പളം വരുമാനം ലഭിക്കുന്ന നിക്ഷേപമാക്കി മാറ്റുക എന്നതിലാണ് മിടുക്ക് വേണ്ടത്.
ലഭിക്കുന്ന പണത്തിന്‍റെ ഒരു ഭാഗം ആദായം ലഭിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നിക്ഷേപിക്കുക.
നിക്ഷേപം ഏതു മാര്‍ഗത്തിലും ആകാം. പക്ഷെ ആദായം ലഭിക്കണമെന്നുള്ളത് തന്നെയാവണം നിക്ഷേപത്തിന്‍റെ മാനദണ്ഡം.
എത്ര പണം ഉണ്ടാക്കുന്നു എന്നതിലല്ല കാര്യം. മറിച്ചു അവര്‍ക്ക് എത്ര പണം സൂക്ഷിക്കാന്‍ കഴിയുന്നു എന്നതിലാണ് കാര്യം.
ഗൾഫ് മലയാളികൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. നിങ്ങളുടെ കമ്പനിക്ക് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താനോ നിങ്ങളെ സമ്പന്നനാക്കാനോ ഉള്ള ബാധ്യതയില്ല.
കമ്പനിയുടെ കടമ എല്ലാ മാസവും നിങ്ങളുടെ ശമ്പളം മുടങ്ങാതെ നല്‍കുക എന്തു മാത്രമാണ്. ഇത് ആദ്യം മനസ്സിലാക്കുക.
എന്തിനാണ് നിങ്ങൾ ഓരോ വർഷവും പൊരി വെയിലത്ത് കിടന്നു അധ്വാനിക്കുന്നതിന്റെ വലിയൊരു പങ്ക് സമ്മാനങ്ങൾ വാങ്ങാൻ ചെലവിടുന്നത്? പഴയ കാലം മാറി.
ഇപ്പോൾ ഗൾഫിൽ കിട്ടുന്ന എല്ലാ വസ്തുക്കളും നാട്ടിൽ കിട്ടും. എന്നിട്ടും എന്തിനാണ് നിങ്ങൾ ഓരോ വർഷവും ആ വർഷത്തെ സമ്പാദ്യം മുഴുവൻ ചിലവിട്ടു നാട്ടിലേക്ക് സാധാനങ്ങൾ കൊണ്ടുവരുന്നത്? അതൊരു അധിക ചിലവല്ലെ? നിങ്ങൾ ഒരു അമേരിക്കൻ മലയാളിയെ നോക്കൂ.
അയാൾ നാട്ടിലെത്തുക ഒരു ചെറിയ പെട്ടിയുമായാകും. ഇത്തരം അധിക ചിലവുകൾ കൊണ്ട് നിങ്ങൾക്ക് ഒരു ഗുണവുമില്ലെന്നു മനസ്സിലാക്കുക. വേണമെങ്കിൽ വന്നിട്ട് കുടുംബത്തെ കൂട്ടി ഒരു ഷോപ്പിംഗ് ആവാമല്ലോ.
ലഭിക്കുന്ന ശമ്പളം ഉപയോഗിച്ച് നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കേണ്ടത് നിങ്ങളുടെ മാത്രം ബാധ്യതയാണ്. അത് എത്ര മാത്രം കാര്യക്ഷമമായി നടപ്പിലാക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും നിങ്ങളുടെ ഭാവി ജീവിതത്തിന്റെ സുരക്ഷിതത്വം.
വീടാണ് ഒരു പ്രവാസിയുടെ ആദ്യ ലക്‌ഷ്യം. വീട് മാത്രമാണ് നിക്ഷേപമെന്ന ചിന്താ രീതി മാറ്റുകയാണ് വേണ്ടത്. വീട് ആവശ്യമാണ്.
അവശ്യ സൗകര്യങ്ങളുള്ള വീട് വേണ്ടത് തന്നെ. പക്ഷെ അതിനായി വന്‍ തോതില്‍ കടം വാങ്ങിയും ഭീമമായ ലോണ്‍ എടുത്തും ആ ലക്‌ഷ്യം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്.
കാരണം പിന്നീട് അയാള്‍ ആ കടത്തിന്റെ അടിമയാണ്. ആ കടം വീട്ടാന്‍ വേണ്ടി ശമ്പളത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നു.
ചിലപ്പോള്‍ പണം കടം മേടിക്കേണ്ടി വരുന്നു. പലരും ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് ഈ കടം വീട്ടാന്‍ വേണ്ടി മാത്രമായിര്‍ക്കും.
അതിനിടയില്‍ സഹോദരിമാരുടെ വിവാഹം, കുട്ടികളുടെ പഠനം അത് പോലെ വിചാരിക്കാതെ വരുന്ന മറ്റു ചിലവുകള്‍ തുടങ്ങിയവ അയാളുടെ ജീവിതത്തെ തകിടം മറിക്കും.
ഒരു നിശ്ചിത സംഖ്യ പ്രതിമാസം നിക്ഷേപത്തിനായി മാറ്റി വെക്കുമെന്ന് തീരുമാനമെടുക്കണം. സംഖ്യ എത്ര ചെറുതായാലും വിരോധമില്ല. പക്ഷെ ആ സംഖ്യ ശമ്പളം ലഭിക്കുമ്പോള്‍ തന്നെ മാറ്റി വെക്കണം.
കാരണം എല്ലാ ചിലവുകള്‍ക്കും ശേഷം സംഖ്യ മാറ്റി വെക്കാന്‍ സാധിക്കില്ല. ഈ സംഖ്യ ബാങ്കിലോ കൈവശമോ സൂക്ഷിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.
ഈ സംഖ്യ പണമായി കൈവശം വെച്ചാല്‍ ചിലവായി പോകാന്‍ സാധ്യത ഉള്ളത് കൊണ്ട് അത് ചെറിയ സ്വര്‍ണ്ണ കോയിന്‍ ആയോ മറ്റോ സൂക്ഷിക്കുക.
നല്ലൊരു സംഖ്യക്കുള്ള സ്വര്‍ണ്ണം ആകുമ്പോള്‍ ഈ കോയിനുകള്‍ വില്‍ക്ക്കുകയും ആദായം കിട്ടുന്ന ഇടങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യാം.
ആഭരണങ്ങള്‍ വാങ്ങരുത്. കാരണം അവ വില്‍ക്കുന്ന സമയത്ത് പല രീതിയിലും പണം കുറവായിട്ടയിരിക്കും ലഭിക്കുക.
നിങ്ങളുടെ നിക്ഷേപം എന്ത് തന്നെ ആയാലും അതിനു നിങ്ങളുടെ കുടുംബത്തിന്റെ പരിപൂര്‍ണ്ണ സഹകരണം ആവശ്യമാണ്. നിങ്ങളുടെ വരുമാനവും സാമ്പത്തിക സ്ഥിതിയും വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്.
ബഞ്ചമിൻ ഫ്രാങ്ക്ലിൻ, ദോഹ