പ്രവാസികളുടെ ഈ ജീവിതം എങ്ങിനെയെന്ന് നിങ്ങളും അറിയണം..

എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം..

Advertisement

ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെപ്പോലെ കടന്നു വരാറുള്ള അച്ഛനോട് എന്തോ എനിക്ക് ഒരു അകൽച്ചയായിരുന്നു. പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളുമെല്ലാം ആഹ്ലാദം പകരുമ്പോഴും അച്ഛൻ ലീവിന് വരുമ്പോഴെല്ലാം അടുത്ത മുറിയിൽ ഒറ്റയ്ക്കുറങ്ങാൻ വിധിക്കപ്പെട്ടിരുന്നത് അച്ഛനോടുള്ള എന്റെ സ്നേഹക്കുറവിനു് വീണ്ടും ഒരു കാരണമായി.ഞാൻ വളരുന്നതോടൊപ്പം അച്ഛനോടുള്ള അകാരണമായ അകൽച്ചയും വളരുകയായിരുന്നു.

എൻജിനീയറിങ് പഠനം കഴിഞ്ഞ ഉടനെ അച്ഛൻ എനിക്കൊരു വിസ ശരിയാക്കി. ദുബായിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി.നാടും വീടും അമ്മയെയും പിരിയുക എന്നത് ഹൃദയ ഭേദകമായിരുന്നെങ്കിലും അച്ഛന്റെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു.

ദുബായ് എയർപോർട്ടിൽ അച്ഛൻ കൂട്ടുകാരൻ ‘സെയ്ദ്ക്കാ’യ്‌ക്കൊപ്പം കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അച്ഛന്റെ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു.

സെയ്‌ദ്ക്കായെ പരിചയപ്പെടുത്തി, നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു. ഞാൻ എല്ലാത്തിനും ഹ്രസ്വമായ മറുപടികൾ മാത്രം നൽകി.

ഞാൻ ജോലി ചെയ്യാൻ പോകുന്ന കമ്പനിയുടെ താമസസ്ഥലത്തേക്ക് എന്നെ കൊണ്ട് വിട്ടിട്ട് അവർ തിരിച്ചുപോയി.

“സെയ്ദ്ക്കാ താമസിക്കുന്നത് ഇവിടെ അടുത്താണ്. എന്താവശ്യമുണ്ടെങ്കിലും ഇക്കാനെ വിളിച്ച് പറഞ്ഞാൽ മതി” എന്നും പറഞ്ഞ് അച്ഛൻ ഇക്കയുടെ നമ്പർ തന്നിരുന്നു.

ഏ സി മുറിയിൽ ഇരുന്നുള്ള ജോലി, അത്യാധുനിക സൗകര്യങ്ങളുള്ള താമസം എല്ലാമുണ്ടായിട്ടും നാട് വിട്ടതിന്റെ സങ്കടം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.

ഒരു രാത്രിപോലും അമ്മയെ പിരിഞ്ഞിരുന്നിട്ടില്ലാത്ത എന്നോട് അച്ഛൻ ചെയ്തത് വല്ലാത്ത ക്രൂരതയായി പോയി.

‘ഇതുപോലുള്ള സുഖപ്രദമായജീവിതത്തിൽ മതിമറന്നിട്ടാവണം അച്ഛൻ രണ്ടോ മൂന്നോ വർഷത്തിൽ ഒരിക്കൽ മാത്രം ഞങ്ങളെ കാണാൻ നാട്ടിൽ വരാറുണ്ടായിരുന്നത്.ഇവിടെ കൊണ്ടു വിട്ടു പോയിട്ട് ഒരാഴ്ചയായി ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല’. ചിന്തകളിൽ അച്ഛനോടുള്ള അമർഷം കൂടിക്കൂടി വന്നു.

അമ്മയെ കാണാതെ എനിക്കിനി ജീവിക്കാൻ വയ്യ. സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ സെയ്ദ് ക്കായെ വിളിച്ചു.
” ഇക്കാ എനിക്കിനി ഒരു ദിവസം പോലും ഇവിടെ നിക്കാൻ വയ്യ എത്രയും പെട്ടെന്ന് നാട്ടിൽ പോയേ പറ്റൂ.. ഇക്ക അച്ഛനോട് എനിക്കുവേണ്ടി സംസാരിക്കണം”

“മോൻ എന്താ ഈ പറയുന്നത്.മോന്റെ അച്ഛൻ എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയാമോ ഇത്രയും നല്ല ഒരു ജോലി തരപ്പെടുത്തിയത്.മോൻ ക്ഷമിക്കൂ.. ആദ്യമൊക്കെ ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ടാകും . എല്ലാം ശരിയാകും..”സെയ്ദ്ക്കായുടെ സമാധാന ശ്രമം പാഴായി.

” ഇല്ല ഇക്കാ എനിക്ക് പോയേ പറ്റൂ..ഇക്ക എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചില്ലെങ്കിൽ ഞാൻ അച്ഛനോട് പറയാതെ ജോലി രാജി വെയ്ക്കും തീർച്ച”

” ശരി…മോൻ രണ്ടുദിവസം കൂടി സമാധാനിക്കൂ. വെള്ളിയാഴ്ച നമുക്ക് അച്ഛന്റെ അടുത്ത് പോയി സംസാരിക്കാം”.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു. രണ്ടുമണിക്കൂറോളം സഞ്ചരിച്‍ പട്ടണത്തിൽ നിന്നും ഒരുപാട് അകലെയായി ഒരു ലേബർ ക്യാമ്പിന്റെ മുന്നിൽ വണ്ടി നിർത്തി.

ലേബർ ക്യാമ്പിലെ നിരയായി പണിത മുറികളിൽ ഒന്നിലേക്ക് സെയ്ദ്ക്കാ എന്നെ കൂട്ടിക്കൊണ്ട് പോയി . നിരത്തിയിട്ടിരിക്കുന്ന കട്ടിലുക ക്കിടയിൽ ഒരാൾക്ക് കഷ്ടിച്ച് മാത്രം നടക്കാനുള്ള ഇടമുണ്ട്.കട്ടിലുകൾക്ക് മുകളിലെ അഴകളിൽ മുഷിഞ്ഞതും അല്ലാത്തതുമായ തുണികൾ കൊണ്ട് തോരണം തൂക്കിയിട്ടിരിക്കുന്നു.

അച്ഛൻ “സൈറ്റിൽ” ആണെന്നും വരാറായെന്നും അച്ഛന്റെ സഹമുറിയരിൽ ഒരാളായ ബംഗാളി പറഞ്ഞറിഞ്ഞു. വെള്ളിയാഴ്ചകളിൽ പോലും അച്ഛൻ ലീവ് എടുക്കാറില്ലത്രെ.അതിന് എക്സ്ട്രാ സാലറി കിട്ടും.

” അത് അച്ഛന്റെ കട്ടിലാണ്. മോൻ അവിടെ ഇരുന്നോളൂ” മൂലയിലുള്ള കട്ടിൽ ചൂണ്ടിക്കാട്ടിക്കൊണ്ട് സെയ്ദ്ക്കാ പറഞ്ഞു.

മൂന്നടി വീതിയുള്ള ഒരു കട്ടിൽ, തലഭാഗത്ത് അല്പം മുകളിലായി ഭിത്തിയിൽ ഒരു ചെറിയ കബോർഡ് ഘടിപ്പിച്ചിരിക്കുന്നു. അതിന്റെ മേൽ ഞാനും അമ്മയും കൂടിയുള്ള ഒരു ഫ്രെയിം ചെയ്ത ഫോട്ടോ, ടൈഗർ ബാം, പിന്നെ കുറച്ചു മരുന്നുകളുടെ കവറുകളും അലസമായിട്ടിരിക്കിന്നു.

കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി എന്റെ അച്ഛൻ ജീവിച്ച ലോകം ഞാൻ നോക്കിക്കാണുകയായിരുന്നു. അമ്പരപ്പ് മാറും മുൻപേ മുറിയുടെ വാതിൽക്കൽ അച്ഛന്റെ ശബ്ദം.

” നിങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ…??? എന്തു പറ്റി മോനേ എന്തെങ്കിലും അത്യാവശ്യം??”

ഞാൻ അച്ഛനെ നോക്കി. തലയിൽ ഒരു തൂവാല കെട്ടിയിരിക്കുന്നു.മുഷിഞ്ഞ ഒരു ‘കവറോൾ ‘(boiler suite)ആണ് വേഷം.മരുഭൂമിയിലെ പൊടിമണലിൽ മുങ്ങി നിൽക്കുന്ന ഒരു രൂപം.കൺപീലികളിൽ പോലും വെളുത്ത മണൽ തങ്ങി നിൽക്കുന്നത് കാണാം.

വെളുത്ത മുണ്ടും ഷർട്ടുമിട്ട് പെർഫ്യൂം പൂശി ചുണ്ടിൽ വില കൂടിയ സിഗരറ്റുമായി നിൽക്കുന്ന അച്ചനെ മാത്രം കണ്ടിട്ടുള്ള എനിക്ക് ഈ കാഴ്ച്ച താങ്ങാനായില്ല.

ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു.

“എന്റെ മേല് മുഴുവൻ വിയർപ്പും പൊടിയും ആണെടാ”

എന്നും പറഞ്ഞു അച്ഛൻ എന്നെ ഒന്നുകൂടെ മുറുക്കി കെട്ടിപ്പിടിച്ചു. ഇരുപത്തഞ്ചു വർഷങ്ങളായി കൈമാറാൻ മറന്നുപോയ സ്നേഹം ഒരു പേമാരിയായി പെയ്‌തിറങ്ങി.

അച്ഛന്റെ കൈകൊണ്ട് ഒരു സുലൈമാനിയും കുടിച്ചു യാത്ര പറഞ്ഞിറങ്ങിയപ്പോൾ സെയ്ദ്ക്കാ ചോദിച്ചു “മോനേ ഇനി പറ.. നാട്ടിലേക്കു തിരിച്ചുപോവാനുള്ള ഏർപ്പാടുകൾ ചെയ്യണോ?”

” വേണം ഇക്കാ… പക്ഷേ എനിക്കല്ല… എന്റെ അച്ഛനു വേണ്ടി… കുടുംബത്തിനായ് ഈ മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ അച്ഛൻ ഇനി വിശ്രമിക്കട്ടെ….നമ്മുടെ സ്വന്തം നാട്ടിൽ സന്തോഷത്തോടെ…”

വീട്ടുകാരുടെ സന്തോഷം കാത്തു സൂക്ഷിക്കാനായി സ്വന്തം കഷ്ടപ്പാടുകൾ മറച്ചുവെക്കുന്ന…,കുബ്ബൂസും പച്ചത്തൈരും കഴിച്ചിട്ട് ‘ഞങ്ങടെ ഓണസദ്യ ഗംഭീരമായിരുന്നു’ എന്ന് വീട്ടിൽ വിളിച്ചു പറയുന്ന…സാധാരണക്കാരായ പ്രവാസികൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു…

റിജു