ജീവിതത്തില്‍ തോറ്റ് പോകുമെന്ന് പേടിയുണ്ടോ എങ്കില്‍ വെല്ലുവിളികളെ അതിജീവിച്ച ഒരാളെ പരിചയപ്പെടാം

ജീവിതത്തില്‍ തോറ്റ് പോകുമെന്ന് പേടിയുണ്ടോ എങ്കില്‍ വരൂ തോറ്റു തൊപ്പിയിട്ട് തിരിച്ച് തോല്‍പ്പിച്ച ഒരവനെ കാട്ടിത്തരാം.

Advertisement

രാജ മഹേന്ദ്ര പ്രതാപ് …ആന്ധ്രാപ്രദേശ് സ്വദേശി . ONGC, അഹമ്മദാബാദിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു . ഇനി നിങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോയിൽ ഒന്ന് നോക്കി വരൂ …നെറ്റി ചുളിയുന്നുണ്ടല്ലേ. എങ്കിൽ ഒന്ന് വായിക്കൂ. അവസാന ഫുൾ സ്റ്റോപ്പിനപ്പുറം നിങ്ങളുടെ വിടർന്ന കണ്ണുകൾ എനിക്ക് കാണാൻ കഴിയും

മൂന്ന് സഹോദരിമാർക്ക് പിറന്ന ഏക കുഞ്ഞാങ്ങള ആയിരുന്നു പ്രതാപ്. അഞ്ചാം വയസ്സ് വരെ ചേച്ചിമാർക്കൊപ്പം അച്ഛന്റെയും അമ്മയുടെയും കണ്ണിലെ കൃഷ്ണമണിയായി ഒരു വീടിനെ ആകെ ത്രസിപ്പിച്ചു നടന്ന കൊച്ചു പയ്യൻ. സ്കൂളിൽ എപ്പോഴോ സഖപാഠി ഒരു ബെറ്റിനായി വിളിക്കുന്നതിനറ്റം ആ സന്തോഷങ്ങൾ എല്ലാം അസ്തമിച്ചു. ഇലെക്ട്രിക്കൽ വയറുമായി കണക്ട് ചെയ്ത ഇരുമ്പു റോൾ കയ്യിൽ എടുക്കാമോ എന്ന് കൂട്ടുകാരൻ വെല്ലുവിളിച്ചപ്പോൾ പ്രതാപ് അറിഞ്ഞിരുന്നില്ല നാളെ ഒരു യോദ്ധാവായി നിൽക്കാൻ ഇത് നിമിത്തമാകുമെന്ന്. വെല്ലുവിളി ഏറ്റെടുത്തു ഇരുമ്പ് റോളിൽ തൊട്ടതും ഹൈ വോൾട്ടജ് വൈദ്യുതി വന്നടിച്ചു. തെറിച്ചു ബോധം കേട്ട് പോയ ആ കുഞ്ഞിന് ബോധം വീണപ്പോൾ രണ്ടു കയ്യും രണ്ടു കാലും മുട്ടിനു മുകളിൽ വച്ച് അറുത്തു മാറ്റപ്പെട്ടിരുന്നു. ഒരു നിമിഷം കൊണ്ട് അവന്റെ ലോകം ചുരുട്ടി കട്ടിലിലേക്ക് എറിയപ്പെട്ടു. നടക്കാനോ, ഇരിക്കാനോ എന്തെങ്കിലും ഒന്ന് ചെയ്യാനോ കഴിയാതെ അവൻ ഒരു മുറിയിലേക്ക് ഒതുങ്ങി.

ആറ്റുനോറ്റിരുന്ന് കിട്ടിയ കുഞ്ഞനുജനെ ഒറ്റക്കാക്കി പോകാൻ ചേച്ചിമാർ തയാറായിരുന്നില്ല. ഇരുമ്പു ദണ്ഡിലേക്ക് കാന്തം പാഞ്ഞൊട്ടുന്നത് പോലെ അനിയന്റെ കട്ടിലിന് ചുറ്റുമവർ വട്ടമിട്ടു പറന്നു .ആറ് വയസ്സ് മുതൽ പതിനാറു വയസ്സ് വരെ ആ നാല് ചുവരുകൾക്കുള്ളിൽ പ്രതാപ് കഴിഞ്ഞു . കയ്യും കാലും ഇല്ലാത്തമകൻ അച്ഛനൊരു ഭാരമായി. വീട്ടിൽ അതിഥികൾ വന്നാൽ പ്രതാപിന്റെ മുറി പുറത്തു നിന്നും ചേർത്തടയ്ക്കപ്പെടും. അവർ പോയിക്കഴിയുന്നിടം വരെ പുറത്തു നിന്നും ഉയരുന്ന ചിരിയും സന്തോഷങ്ങളും അവനോട് പറഞ്ഞുകൊണ്ടിരിക്കും നീ പുറം ലോകം കാണാൻ യോഗ്യൻ അല്ല. നിറഞ്ഞു തുളുമ്പുന്ന കണ്ണ് തുടച്ചു അവൻ അങ്ങനെ കിടക്കും. അവനൊരു വസ്ത്രം വേണമെങ്കിൽ തുന്നൽക്കാരൻ വീട്ടിലെത്തി അളവെടുത്തു പോകും. രോഗം വന്നാൽ ഡോക്ടർ വീട്ടിലെത്തി പരിശോധിക്കും. പുറം ലോകത്തേക്കുള്ള വാതിലുകൾ പൂട്ടപ്പെട്ട് സ്വയം ഒതുങ്ങാൻ ശ്രെമിക്കുന്ന അവന് മുന്നിൽ ചേച്ചിമാർ വലിയൊരു ധൈര്യം ആയിരുന്നു . അവരുടെ പുസ്തകങ്ങൾ വച്ച് അവൻ പഠിച്ചു ,അല്ല അവർ അവനെ പഠിപ്പിച്ചു. കാലുകളും കൈകളും ഇല്ലാത്തതിനാൽ നടക്കാനോ ഒന്ന് ഉയർന്നു പൊങ്ങാനോ എന്തെങ്കിലും സാധനം എടുക്കാനോ അവന് ആകുമായിരുന്നില്ല. ഒരു ദിവസം കട്ടിലിൽ നിന്നും നിലത്തു വീണ പ്രതാപ് ഇഴയാൻ തുടങ്ങി .. മുറിയിലൂടെ തലങ്ങും വിലങ്ങും ഇഴഞ്ഞു തൊലി [പൊട്ടി ചോര പൊടിഞ്ഞു. എന്നാൽ ഉള്ളിൽ ഉറവ പൊട്ടിയ ആത്മവിശ്വാസത്തിന്റെ വൈദ്യുത പ്രവാഹത്തിന് അവനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. മെല്ലെ മെല്ലെ പ്രതാപിന് നടക്കാൻ സാധിച്ചു. മുട്ടുകൾക്കിടയിൽ പെന പിടിച്ചു എഴുതാൻ ശീലിച്ചു. വായയും കൈമുട്ടും, കാൽമുട്ടും കൊണ്ട് ചെറിയ സാധനങ്ങൾ പൊന്തിച്ചു. പത്താം ക്ലാസും പ്ലസ്‌ടുവും വീട്ടിലിരുന്ന് പഠിച്ചു എഴുതിയ പ്രതാപ് പിറകെ ബികോമും, ഫിനാൻസിൽ എം ബി യെയും എടുത്തു. ഡൽഹി ബേസ്‌ഡ് ‘National Center for Promotion of Employment for Disabled People ന്റെ സ്കോളർഷിപ് വാങ്ങിയാണ് ഈ മിടുക്കൻ പഠിച്ചിറങ്ങിയത്.

ബയോഡാറ്റ കണ്ട് ഇന്റർവ്യൂന് ക്ഷണിക്കപ്പെടുന്നിടത്തെല്ലാം പ്രതാപ് തോറ്റു മടങ്ങി. ചോദിക്കുന്നതിനെല്ലാം അവന് ഉത്തരം ഉണ്ടെങ്കിലും കൈകളും കാലുകളും പൂർണമായി ഇല്ലാത്തൊരാൾ എങ്ങനെ ജോലി ചെയ്യും എന്നൊരു ചോദ്യം അവരിൽ ഉണ്ടായി . ഒരു ചെറിയ ചിരിയോടെ പരിഭവം ഏതുമില്ലാതെ പ്രതാപ് തിരിഞ്ഞു നടന്നു . അവനറിയാമായിരുന്നു ഇനി ജയിക്കാൻ അതുവരെ അവന്‍ എടുത്ത എഫര്‍ട്ടിന്റെ പകുതി പോലും വേണ്ട എന്ന് .. നമ്മളുടെ പരിധികൾ നമ്മൾ നിശ്ചയിക്കാത്തിടത്തോളം കാലം എത്ര ദൂരം പോകാനും നമുക്ക് കഴിയും. ക്ഷമയോടെ ഓരോത്തിടത്തും ജോലിക്കായി കയറിയിറങ്ങിയ പ്രതാപിന് ഡൽഹി National Housing ബാങ്കില്‍ Assistant Manager ആയി ജോലി കിട്ടി. മകന്റെ ഉയർച്ച പിതാവിൽ വലിയ മാറ്റം വരുത്തി. പിന്നീട് പ്രതാപിന് ONGS യിൽ ജോലി കിട്ടി.

ജോലി സ്ഥലത്തു ഈ മുപ്പത്തി മൂന്നുകാരൻ അത്ഭുതവും ആവേശവും ഉണർവും ആണ് . പുതിയ ഏത് വർക്ക് അസൈന്‍ ചെയ്തു കൊടുത്താലും മുന്നിൽ നിന്ന് നയിക്കാൻ പ്രതാപ് ഉണ്ടാവും.സ്വന്തമായി ഒരുകാര്യത്തിനും ആരെയും ആശ്രയിക്കാറില്ല.തുണി അലക്കുന്നതും ,സ്‌നാക്‌സ് ഉണ്ടാക്കുന്നതും സ്വന്തമായിട്ടാണ്. വീട്ടിൽ അതിഥികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്ന നല്ലയൊരു ആധിധേയനാണ് പ്രതാപ് എന്നാണ് കൂടെയുള്ളവരുടെ വാദം. ബസ്സിലും ട്രെയിനിലും വിമാനത്തിലും ഉള്ള യാത്രകൾ ഒറ്റയ്ക്കാണ് . കൂട്ടുകാരോടും വീട്ടുകാരോടും ഫോണിലൂടെ വിവരങ്ങൾ അന്വേഷിക്കും. ആരെങ്കിലും കുള്ളാ എന്നോ വിളിച്ചു കളിയാക്കിയാൽ പ്രതാപ് പൊട്ടിപ്പൊട്ടി ചിരിക്കും . അതൊരിക്കലും അവരെ കളിയാക്കിയല്ല , മറിച്ചു അവനോട് തന്നെയാണ് . മുപ്പത്തി മൂന്ന് വർഷം ശ്രെമിച്ചിട്ടും പ്രതാപിനെ തളർത്താൻ കഴിയാത്ത വൈകല്യം അവനോടു ചേർന്ന് ചിരിച്ചു ഐക്യദാർഢ്യപ്പെടും. ചൈനയിലേക്കും ജപ്പാനിലേക്കും ‘World Disabled Forum”പ്രതിനിധിയായി ഇദ്ദേഹം പോകുമ്പോൾ ഒരു കുറുകിയ ശരീരം മാനം മുട്ടെ വളർന്നു പൊങ്ങും

“Assign me any work; I am capable of doing all of them. I don’t need sympathy of people. Treat me normally and I will love it. I wish that people and society treat disabled with respect and accept them. “

ഇനി നമുക്ക് ഒരു വൈകല്യവും ഇല്ലാത്ത നമ്മളിലേക്ക് നോക്കാം . ഒരു അൽപ്പം കുറ്റബോധം തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ഇനിയും സമയം വൈകിയിട്ടില്ല. why should nt I എന്ന് ചിന്തിക്കുന്നിടത്തു നിന്ന് why should I എന്ന ഉത്തരം കിട്ടും . പരിധികൾ ഇല്ലാതെയാണ് ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ നമ്മൾ തന്നെയാണ് പരിധികൾ സൃഷ്ടിച്ചു നമ്മളെ അതിലേക്ക് തളച്ചിടുന്നത്. നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല ഈ ലോകത്ത്. വേണ്ടത് ആത്മവിശ്വാസവും, മനസ്സും മാത്രം. തോൽക്കുന്നിടത്ത് നിന്നൊക്കെ ജയിക്കാൻ പഠിക്കണം. വീഴുന്നിടത്തു നിന്ന് എഴുന്നേൽക്കാനും. ഒന്ന് പൊരുതി ശ്രെമിച്ചു നോക്കൂ. തീര്‍ച്ചയായും നിങ്ങളും നാളെ ചരിത്രം സൃഷ്ടിക്കും…

Thanks to Mr.Sanjay Deve
Editor, Charkha – Gujarat Development features & Charkha – Development communication Network – Gujarat